കാപ്പനെ കുടുക്കാന്‍ യു.പി പൊലീസിന് സഹായകമായത് മലയാള മനോരമ ലേഖകന്റെ മൊഴി; വിശദാംശങ്ങള്‍ പുറത്ത് വിട്ട് ന്യൂസ് ലോണ്ടറി

കാപ്പനെ കുടുക്കാന്‍ യു.പി പൊലീസിന് സഹായകമായത് മലയാള മനോരമ ലേഖകന്റെ മൊഴി; വിശദാംശങ്ങള്‍ പുറത്ത് വിട്ട് ന്യൂസ് ലോണ്ടറി

യു.എ.പി.എ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകനും കെ.യു.ഡബ്ല്യു.ജെ ഡല്‍ഹി ഘടകം മുന്‍ സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെതിരെ മൊഴി കൊടുത്തത് മലയാള മനോരമ ലേഖകനെന്ന് വെളിപ്പെടുത്തല്‍. ദേശീയ മാധ്യമമായ ന്യൂസ് ലേണ്‍ഡ്രിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സിദ്ദീഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ആണെന്നും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നതരം വാര്‍ത്തകള്‍ നിരന്തരം നല്‍കിയെന്നുമാണ് യു.പി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന് ബിനു മൊഴി നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സിദ്ദീഖ് കാപ്പനെ വര്‍ഗീയവാദിയായി ചിത്രീകരിച്ചുകൊണ്ട് ''ഓര്‍ഗനൈസര്‍'' അസോസിയേറ്റ് എഡിറ്റര്‍ ജി ശ്രീദത്തന് ബിനു അയച്ച ഇമെയിലുകളുടെ പകര്‍പ്പും കുറ്റപത്രത്തിന്റെ ഭാഗമാണ്.

ഡല്‍ഹിയിലെ മറ്റ് മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും ബിനു മൊഴി നല്‍കിയിട്ടുണ്ട്. ഇവരും വര്‍ഗീയത കലര്‍ന്ന വാര്‍ത്ത നല്‍കിയെന്നാണ് മൊഴി.

20 വര്‍ഷത്തോളമായി മലയാള മനോരയുടെ ഡല്‍ഹി കറസ്‌പോണ്ടന്റായിരുന്നു ബിനു. നിലവില്‍ പാട്‌നയിലാണ്.

കാപ്പനും മറ്റു മാധ്യമപ്രവര്‍ത്തകരും വര്‍ഗീയത കലര്‍ന്ന റിപ്പോര്‍ട്ടിംഗ് നടത്തിയതായി ബിനു വിവരം നല്‍കിയതായി അന്വേഷണ ഉദ്യോഗസ്ഥന്‍ കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2020 ഡിസംബര്‍ 30നാണ് ബിനു വിജയന്‍ മൊഴി നല്‍കിയതെന്നും പറയുന്നു. എന്നാല്‍ ഇത് സംബന്ധിച്ച തെളിവുകളൊന്നും ബിനു നല്‍കിയിട്ടുമില്ല.

ജാമിയ മില്ലിയ സര്‍വകലാശാലയില്‍ 2019ല്‍ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത നല്‍കിയെന്നാണ് കാപ്പനെതിരെ ആദ്യം ബിനു നല്‍കിയ മൊഴി. കെ.യു.ഡബ്‌ള്യു.ജെ സെക്രട്ടറിയായിരിക്കെ പിഎഫ്‌ഐയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സിദ്ദിഖ് കാപ്പന്‍ യൂണിയന്‍ ഫണ്ടില്‍ നിന്ന് പണം പിന്‍വലിച്ചുവെന്നാണ് പിന്നീട് നല്‍കിയ മൊഴി.

സിഎഎ വിരുദ്ധ സമരത്തിനിടെ ജാമിയ മില്ലിയ വിദ്യാര്‍ത്ഥികള്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത കെ.യു.ഡബ്ല്യു.ജെ അംഗങ്ങള്‍ വാര്‍ത്ത പ്രചരിപ്പിച്ചെന്ന് മൊഴിയില്‍ പറയുന്നു.

ബിനു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഓര്‍ഗനൈസറില്‍ വന്ന ലേഖനവും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിഎഎ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് ഏഷ്യാനെറ്റ്, മീഡിയ വണ്‍ ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ സിദ്ദീഖ് സ്വാധീനിച്ചു. ഈ രണ്ട് ചാനലുകള്‍ക്കും 48 മണിക്കൂര്‍ വിലക്ക് വന്നിരുന്നു. എന്നാല്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായി നടപടിയുണ്ടായില്ല.

കെയുഡബ്‌ള്യുജെയിലെ തീവ്ര ഇടത് മാധ്യമപ്രവര്‍ത്തകര്‍ സിദ്ദിഖിനെ യുപി പൊലീസ് വ്യാജ കേസില്‍ കുടുക്കിയെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തകൊടുത്തു. ഇവരുടെ പങ്ക് അന്വേഷിക്കണം എന്നും ബിനു മൊഴി നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in