അപകടരമായ ഡ്രൈവിങ്ങ് ചോദ്യം ചെയ്തതിന് സഹോദരിമാര്‍ക്ക് നടുറോഡില്‍ മര്‍ദ്ദനം; യുവാവിനെതിരെ കേസ്

അപകടരമായ ഡ്രൈവിങ്ങ് ചോദ്യം ചെയ്തതിന് സഹോദരിമാര്‍ക്ക് നടുറോഡില്‍ മര്‍ദ്ദനം; യുവാവിനെതിരെ കേസ്

മലപ്പുറം പാണമ്പ്രയില്‍ അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തതിന് സഹോദരികളെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചു. പരപ്പനങ്ങാടി സ്വദേശികളായ അസ്‌ന, ഹംന എന്നിവരെയാണ് തിരൂരങ്ങാടി സ്വദേശി സി.എച്ച് ഇബ്രാഹിം ഷെബീര്‍ എന്നയാള്‍ നടുറോഡില്‍ മര്‍ദ്ദിച്ചത്. ഇയാള്‍ ലീഗ് സ്വാധീനമുള്ളയാളാണെന്നും പരാതി ഒതുക്കി തീര്‍ക്കാന്‍ തങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു.

ആള്‍ക്കൂട്ടത്തിനിടയില്‍ യുവാവ് അഞ്ച് തവണയാണ് പെണ്‍കുട്ടിയുടെ മുഖത്തടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇബ്രാഹിം ഷെബീറിനെതിരെ തേഞ്ഞിപ്പാലം പൊലീസ് കേസെടുത്തു. ഈ മാസം 16നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

അമിത വേഗത്തിലെത്തിയ കാര്‍ ഇടത് വശത്തുകൂടെ ഓവര്‍ടേക്ക് ചെയ്തതാണ് പെണ്‍കുട്ടികള്‍ ചോദ്യം ചെയ്തത്. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടികളെ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ തൊട്ടടുത്ത് നിന്നയാളാണ് പകര്‍ത്തിയത്. പൊലീസ് സംഭവത്തില്‍ ദുര്‍ബല വകുപ്പ് ചുമത്തിയാണ് കേസെടുത്തതെന്ന് പരാതിക്കാരായ പെണ്‍കുട്ടികള്‍ പറഞ്ഞു.

തങ്ങളെ മര്‍ദ്ദിച്ച ഇബ്രാഹിം ഷെബീര്‍ ലീഗ് സ്വാധീനമുള്ള വ്യക്തിയാണെന്നും ലീഗ് നേതാക്കളുടെ സ്വാധീനം ഉപയോഗിച്ച് പരാതി ഒതുക്കി തീര്‍ക്കാനാണ് പ്രതികള്‍ ശ്രമിക്കുന്നതെന്നും പരാതിക്കാരി അസ്‌ന ആരോപിച്ചിരുന്നു.

വണ്ടിയുടെ ഫോട്ടോയും നമ്പറും സഹിതമാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. ഇപ്പോള്‍ പ്രതികളെ വെറുതെ വിട്ടാല്‍ ആര്‍ക്കും എന്തും ചെയ്യാന്‍ സാധിക്കുമെന്ന നിലവരും. അതുകൊണ്ട് അവരെ വെറുതെ വിടാന്‍ ഉദ്ദേശമില്ല. തക്കതായ ശിക്ഷ ലഭിക്കണമെന്നും അസ്‌ന പ്രതികരിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in