ഇന്റേണല്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ഗൗരവത്തിലെടുത്തില്ല; രാജിവക്കാനുള്ള കാരണം വ്യക്തമാക്കി മാലാ പാര്‍വ്വതി
User

ഇന്റേണല്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ഗൗരവത്തിലെടുത്തില്ല; രാജിവക്കാനുള്ള കാരണം വ്യക്തമാക്കി മാലാ പാര്‍വ്വതി

ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ നിലനില്‍ക്കെ വിജയ് ബാബുവിനെതിരെ സംഘടന കൈക്കൊണ്ട നിലപാടില്‍ അതൃപ്തിയുള്ളതുകൊണ്ടാണ് താന്‍ ഐസി മെമ്പര്‍ഷിപ്പില്‍ നിന്നും രാജിവച്ചതെന്ന് നടി മാലാ പാര്‍വ്വതി. വിജയ് ബാബുവിനെതിരെ നടപടി സ്വീകരിച്ച രീതി ഒട്ടും ശരിയായില്ല. അത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുക. ഇന്റേണല്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ഗൗരവമായി കണ്ടോ എന്ന് സംശയമുണ്ട്, അതുകൊണ്ടാണ് രാജിവച്ചതെന്ന് മാലാ പാര്‍വ്വതി ദ ക്യൂവിനോട് പറഞ്ഞു.

മാലാ പാര്‍വ്വതിയുടെ വാക്കുകള്‍:

ഇരയുടെ പേര് പറഞ്ഞു എന്നുള്ളത് ഗുരുതരമായ ഒരു നിയമ പ്രശ്‌നമാണ്. നിയമത്തിനെതിരെയുള്ള വെല്ലുവിളിയാണ്. ഐസി മെമ്പര്‍ ആയി ഇരുന്നുകൊണ്ട് ചില ശുപാര്‍ശകള്‍ നല്‍കിയിട്ടുണ്ടായിരുന്നു. അത് പ്രകാരം അവര്‍ നടപടി സ്വീകരിച്ചു. പക്ഷെ, ചെയ്ത രീതി സംയമനത്തിന്‍റെയും സമന്വയത്തിന്റെയും വഴിയാണ്. അത് സമൂഹത്തിന് നല്‍കുന്ന സന്ദേശം ശരിയായതാവില്ല. അത് ഐസിസി മെമ്പറായിരുന്ന് കൊണ്ട് അംഗീകരിക്കാനാവില്ല. അതുമാത്രമല്ല, ഒരു ഓട്ടോണോമസ് ബോഡിയാണ് ഐസിസി. അപ്പോള്‍ അതിന്റെ ശുപാര്‍ശയെ അത്രയും ഗൗരവമായി കാണുന്നുണ്ടോ എന്ന സംശയം വന്നതുകൊണ്ടാണ് രാജിവച്ചത്.

ബലാല്‍സംഗ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വിജയ് ബാബുവിനെ എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന ഇന്റേണല്‍ കമ്മിറ്റി നിര്‍ദേശം അമ്മ നേതൃത്വം തള്ളിയതിന് പിന്നാലെയാണ് മാലാ പാര്‍വതിയുടെ രാജി.

വിജയ് ബാബുവിനെ മാറ്റിനിര്‍ത്തിയില്ലെങ്കില്‍ രാജി വെക്കുമെന്ന് ശ്വേതാ മേനോനും, നടന്‍ ബാബുരാജും അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പിന്നാലെ വിജയ് ബാബു സ്വമേധയാ എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ നിന്ന് മാറിനില്‍്ക്കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു.

മോഹന്‍ലാല്‍ പ്രസിഡന്റും മണിയന്‍ പിള്ള രാജു, ശ്വേതാ മേനോന്‍ എന്നിവര്‍ വൈസ് പ്രസിഡന്റും ഇടവേള ബാബു ജനറല്‍ സെക്രട്ടറിയും ജയസൂര്യ ജോയിന്റ് സെക്രട്ടറിയും സിദ്ദീഖ് ട്രഷററുമായ താരസംഘടനയുടെ അവയിലബിള്‍ എക്‌സിക്യുട്ടീവാണ് ഇന്നലെ വിജയ് ബാബുവിന്റെ സ്വമേധയാ ഉള്ള മാറി നില്‍ക്കല്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ചേര്‍ന്നത്. എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ബാബുരാജ്, ലാല്‍ എന്നിവര്‍ നടപടി വേണമെന്ന നിലപാടിലായിരുന്നു.