കാളി പരാമര്‍ശത്തെ അപലപിച്ച് പ്രസ്താവന; തൃണമൂലിന്റെയും മമത ബാനര്‍ജിയുടെയും ട്വിറ്റര്‍ അണ്‍ഫോളോ ചെയ്ത് മഹുവ

കാളി പരാമര്‍ശത്തെ അപലപിച്ച് പ്രസ്താവന; തൃണമൂലിന്റെയും മമത ബാനര്‍ജിയുടെയും ട്വിറ്റര്‍ അണ്‍ഫോളോ ചെയ്ത് മഹുവ

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ട് അണ്‍ഫോളോ ചെയ്ത് എം.പി മഹുവ മൊയ്ത്ര. ലീന മണിമേഖലൈയുമായി ബന്ധപ്പെട്ട കാളി പോസ്റ്റര്‍ വിവാദത്തില്‍ പ്രതികരിച്ചതിന് പിന്നാലെ മഹുവയെ തള്ളി പാര്‍ട്ടി നേതൃത്വം പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്റര്‍ അക്കൗണ്ട് അണ്‍ഫോളോ ചെയ്തിരിക്കുന്നത്.

ഇന്ത്യ ടുഡേ സംഘടിപ്പിച്ച പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ലീന മണിമേഖലൈയുടെ ചിത്രത്തിന്റെ പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്ന കാളിയുടെ ചിത്രം വിവാതമായ വിഷയത്തെക്കുറിച്ചുള്ള മഹുവയുടെ അഭിപ്രായം ചോദിച്ചത്.

'നിങ്ങളുടെ ദൈവം എങ്ങനെ ആയിരിക്കുമെന്ന് സങ്കല്‍പ്പിക്കാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം കാളി ഇറച്ചി കഴിക്കുന്ന, മദ്യം കഴിക്കുന്ന ദൈവമാണ്. ദൈവങ്ങള്‍ക്ക് വിസ്‌കി വരെ നേര്‍ച്ച സമര്‍പ്പിക്കുന്ന ചിലയിടങ്ങളുണ്ട്,' മഹുവ മൊയ്ത്ര പറഞ്ഞു.

ലീന മണിമേഖലൈയ്ക്കെതിരെ യു.പി പൊലീസും ഡല്‍ഹി പൊലീസും കേസെടുത്തിരുന്നു. ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തികരമായി ചിത്രീകരിച്ചു എന്ന് ആരോപിച്ചാണ് പരാതി.

കാളി സിനിമയുടെ പോസ്റ്റര്‍ നേരത്തെ വിവാദമായിരുന്നു. കാളിദേവിയുടെ വേഷത്തില്‍ ഇരിക്കുന്ന സ്ത്രീ സിഗരറ്റ് വലിക്കുന്നതാണ് പോസ്റ്റര്‍. പോസ്റ്ററില്‍ കാളിയുടെ ഒരു കൈയില്‍ ക്വീര്‍ വിഭാഗത്തെ പിന്തുണയ്ക്കുന്ന മഴവില്‍ നിറത്തിലുള്ള കൊടി പിടിച്ചിരിക്കുന്നതും കാണാം.

ശനിയാഴ്ചയാണ് പുതിയ ഡോക്യുമെന്ററി പോസ്റ്റര്‍ പുറത്തുവിട്ടത്. പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ ഗൗ മഹാസഭയുടെ തലവന്‍ അജയ് ഗൗതം സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസിനും ആഭ്യന്തര മന്ത്രാലയത്തിനും പരാതി നല്‍കിയിരുന്നു.

അതേസമയം പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി സംവിധായിക രംഗത്തെത്തുകയും ചെയ്തു. 'എനിക്ക് നഷ്ടപ്പെടാനൊന്നുമില്ല. ഒന്നിനെയും ഭയക്കാതെ സംസാരിക്കുന്നവര്‍ക്കൊപ്പം നില്‍ക്കാനാണ് ഇഷ്ടം. അതിന്റെ വില എന്റെ ജീവനാണെങ്കില്‍ അത് ഞാന്‍ നല്‍കാം', എന്നാണ് ലീന മണിമേഖലൈ പ്രതികരിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in