'നേതൃത്വത്തിന്റെ തീരുമാന പ്രകാരമായിരുന്നില്ല'; എംഎം മണിയെ അധിക്ഷേപിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് മഹിളാ കോണ്‍ഗ്രസ്

'നേതൃത്വത്തിന്റെ തീരുമാന പ്രകാരമായിരുന്നില്ല'; എംഎം മണിയെ അധിക്ഷേപിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് മഹിളാ കോണ്‍ഗ്രസ്

ചിമ്പാന്‍സിയുടെ ചിത്രത്തില്‍ എംഎം മണി എംഎല്‍എയുടെ ചിത്രം ഒട്ടിച്ച് വെച്ച് അധിക്ഷേപം നടത്തിയ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് മഹിളാ കോണ്‍ഗ്രസ്. നിയമസഭാ മാര്‍ച്ചിന് എത്തിയ പ്രവര്‍ത്തകരില്‍ ഒരാളാണ് ചിത്രം പതിച്ച ബോര്‍ഡ് കൊണ്ടുവന്നതെന്നും മഹിളാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാന പ്രകാരമായിരുന്നില്ല ഇതെന്നുമാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. ബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ട ഉടനെതന്നെ മാറ്റാന്‍ നിര്‍ദേശിച്ചുവെന്നും ബോര്‍ഡ് മണിക്കോ അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ക്കോ വേദന ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നതായും ജില്ലാ കമ്മിറ്റിയുടെ പ്രസ്താവനയില്‍ പറയുന്നു.

അതേസമയം എം.എം മണി എംഎല്‍എയെ അധിക്ഷേപിച്ച് മഹിളാ കോണ്‍ഗ്രസ് മാര്‍ച്ചിനെ ന്യായീകരിച്ചും മണിയ്‌ക്കെതിരെ കൂടുതല്‍ അധിക്ഷേപം നടത്തിയും കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്തെത്തി. മണിയുടെ ചിത്രം ചിമ്പാന്‍സിയുടെ ചിത്രത്തോട് ചേര്‍ത്ത് വെച്ച് നടത്തിയ പ്രതിഷേധത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത് തന്നെയല്ലേ അദ്ദേഹത്തിന്റെ മുഖമെന്നായിരുന്നു സുധാകരന്റെ മറുപടി. അത് അങ്ങനെ ആയിപ്പോയതില്‍ ഞങ്ങള്‍ എന്ത് പിഴച്ചു, ഒറിജിനലല്ലാതെ കാണിക്കാന്‍ പറ്റോ, സൃഷ്ടാവോട് പറയാമെന്ന് അല്ലാതെയെന്നും സുധാകരന്‍ പറഞ്ഞു.

വിഷയത്തില്‍ മഹിളാ കോണ്‍ഗ്രസ് ഖേദം പ്രകടിപ്പിച്ചുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് അവരുടെ മാന്യതയും തറവാടിത്തവും അന്തസുമാണെന്നും മണിക്ക് അതൊന്നും ഇല്ലെന്നും സുധാകരന്‍ പറഞ്ഞു. അധിക്ഷേപത്തില്‍ ഖേദം പ്രകടിപ്പിക്കുമോ എന്ന ചോദ്യത്തിന് ഖേദം പ്രകടിപ്പിക്കാന്‍ മാത്രം ഒന്നും പറഞ്ഞില്ലെന്നായിരുന്നു സുധാകരന്റെ മറുപടി.

കെ കെ രമ എംഎല്‍എയ്‌ക്കെതിരായ എംഎം മണി നടത്തിയ അധിക്ഷേപ പ്രസ്താവനയില്‍ പ്രതിഷേധിച്ചുകൊണ്ടായിരുന്നു മഹിളാ കോണ്‍ഗ്രസിന്റെ മാര്‍ച്ച്. ചിമ്പാന്‍സിയുടെ ചിത്രത്തിന്റെ തലവെട്ടി മാറ്റി അവിടെ മണിയുടെ ചിത്രം വെച്ചുകൊണ്ടായിരുന്നു പ്രതിഷേധ സമരം. സംഭവം വിവാദമായതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫ്‌ലക്‌സ് ഒളിപ്പിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in