മഹാത്മാ ഗാന്ധിയെ രാഷ്ട്രപിതാവായി കാണുന്നില്ല; വിവാദ പരാമര്‍ശവുമായി സവര്‍ക്കറുടെ കൊച്ചുമകന്‍

മഹാത്മാ ഗാന്ധിയെ രാഷ്ട്രപിതാവായി കാണുന്നില്ല; വിവാദ പരാമര്‍ശവുമായി സവര്‍ക്കറുടെ കൊച്ചുമകന്‍

വിവാദ പരാമര്‍ശവുമായി വി.ഡി സവര്‍ക്കറുടെ കൊച്ചുമകന്‍ രഞ്ജിത് സവര്‍ക്കര്‍. മഹാത്മാ ഗാന്ധിയെ രാഷ്ട്ര പിതാവായി കാണുന്നില്ലെന്നാണ് രഞ്ജിത് സവര്‍ക്കറുടെ പരാമര്‍ശം.

സവര്‍ക്കറുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ഗാന്ധിയുടെ പേര് ആവശ്യമില്ലെന്നും രഞ്ജിത് സവര്‍ക്കര്‍ പറഞ്ഞു. ഗാന്ധിയുടെ ആവശ്യപ്രകാരമാണ് സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്തത് എന്ന കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രതികരണത്തോട് പ്രതികരിക്കുകയായിരുന്നു രഞ്ജിത്.

രാജ്യത്തെ മോചിപ്പിക്കാന്‍ പ്രചാരണം നടത്തുന്നത് പോലെ സവര്‍ക്കറെ മോചിപ്പിക്കാന്‍ തങ്ങള്‍ പ്രചാരണം നടത്തുമെന്ന് ഗാന്ധിജി പറഞ്ഞിരുന്നുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

ഉദയ് മഹുര്‍ക്കര്‍ രചിച്ച വീര്‍ സവര്‍ക്കര്‍: ദ മാന്‍ ഹൂ കുഡ് ഹാവ് പ്രിവന്റഡ് എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കവെയായിരുന്നു രാജ്നാഥ് സിംഗിന്റെ പ്രതികരണം.

സവര്‍ക്കര്‍ ഫാസിസ്റ്റാണെന്ന് മാര്‍ക്സിസ്റ്റ്, ലെനിനിസ്റ്റ് അനുഭാവമുള്ളവര്‍ തെറ്റായി പ്രചരിപ്പിക്കുന്നതാണ്. സവര്‍ക്കര്‍ ഒരു ഫാസിസ്റ്റോ നാസിയോ ആയിരുന്നില്ലെന്നും യാഥാര്‍ത്ഥ്യ ബോധമുള്ള ഒരു തികഞ്ഞ ദേശീയ വാദിയായിരുന്നെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

സവര്‍ക്കര്‍ മുസ്ലിങ്ങളുടെ ശത്രുവല്ലെന്നാണ് ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത് ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞത്. ഉറുദുവില്‍ ഗസലുകളെഴുതിയിരുന്ന സവര്‍ക്കര്‍ മുസ്ലിങ്ങള്‍ക്കെതിരായിരുന്നില്ലെന്നാണ് മോഹന്‍ ഭാഗവതിന്റെ അവകാശവാദം.

Related Stories

No stories found.
logo
The Cue
www.thecue.in