മദ്രസ അധ്യാപകര്‍ക്ക് ശമ്പളം നൽകുന്നത് സർക്കാരല്ല, എല്ലാം വ്യാജ പ്രചാരണങ്ങളാണെന്ന് മുഖ്യമന്ത്രി

മദ്രസ അധ്യാപകര്‍ക്ക് ശമ്പളം നൽകുന്നത് സർക്കാരല്ല, എല്ലാം വ്യാജ പ്രചാരണങ്ങളാണെന്ന് മുഖ്യമന്ത്രി

മദ്രസ അധ്യാപകര്‍ക്ക് ശമ്പളവും അലവന്‍സുകളും നല്‍കുന്നത് സർക്കാരല്ലെന്നും മദ്രസ മാനേജുമെന്‍റുകളാണെന്നും മുഖ്യമന്ത്രി. ബജറ്റില്‍ നിന്നും വലിയൊരു വിഹിതം ചിലവഴിച്ചാണ് മദ്രസ അധ്യാപകര്‍ക്ക് ശമ്പളം നൽകുന്നതെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചാരം നടക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

പൊതുഖജനാവില്‍ നിന്നാണ് മദ്രസ അധ്യാപകർക്ക് ശമ്പളവും അലവന്‍സും നല്‍കുന്നതെന്ന പ്രചരണം വ്യാജമാണ്. സമൂഹ മാധ്യമങ്ങള്‍ വഴി യഥാര്‍ത്ഥ വസ്തുത പൊതുജനങ്ങളെ ബോധ്യപ്പെടുത്തും. ഇതിനായി കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ശ്രമം തുടങ്ങിയിട്ടുണ്ട്. പൊതുജന സമ്പര്‍ക്ക വകുപ്പിന്‍റെ ഫാക്ട് ചെക്ക് ടീം വിഷയം രജിസ്റ്റര്‍ ചെയ്ത് പരിശോധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.നിയമസഭയില്‍ പി കെ ബഷീര്‍, എന്‍ ഷംസുദ്ദീന്‍, മഞ്ഞളാംകുഴി അലി, കെപിഎ മജീദ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി .

അതേസമയം സംസ്ഥാനത്തെ മദ്രസ അധ്യാപകർക്ക് സർക്കാർ പെൻഷനും ആനുകൂല്യങ്ങളും നൽകുന്നതിനെതിരായ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. മതപരമായ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ എന്തിനാണ് പണം മുടക്കുന്നതെന്നും കോടതി ചോദിച്ചു. 2019ലെ കേരള മദ്രസ അധ്യാപക ക്ഷേമനിധി ഫണ്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമർശം. സിറ്റിസണ്‍സ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഡെമോക്രസി ഇക്വാളിറ്റി ആന്‍ഡ് സെക്യുലറിസം എന്ന സംഘടനയുടെ പേരില്‍ വാഴക്കുളം സ്വദേശി മനോജ് എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in