'പതിനാല് മാസത്തെ ജാഗ്രതക്കുറവ് അത്ഭുതപ്പെടുത്തുന്നത്'; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും മദ്രാസ് ഹൈക്കോടതി

'പതിനാല് മാസത്തെ ജാഗ്രതക്കുറവ് അത്ഭുതപ്പെടുത്തുന്നത്'; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും മദ്രാസ് ഹൈക്കോടതി

ചെന്നൈ: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. കൊവിഡ് രോഗവ്യാപനത്തില്‍ സര്‍ക്കാരിന്റെ അനാസ്ഥയ്ക്ക് ജനങ്ങള്‍ വലിയ വില കൊടുക്കേണ്ടി വരുന്നുവെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞു. ഒന്നാം രോഗ വ്യാപനം കേന്ദ്രം പാഠമായി കണ്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി.

ജസ്റ്റിസ് സഞ്ജീവ് ബാനര്‍ജി അധ്യക്ഷനായ ബെഞ്ചാണ് വിമര്‍ശനം ഉന്നയിച്ചത്. പതിനാല് മാസത്തെ ജാഗ്രതക്കുറവ് അത്ഭുതപ്പെടുത്തുന്നതാണ് എന്നും കോടതി കൂട്ടിച്ചേര്‍ത്തു.

അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആര്‍. ശങ്കര നാരായണന്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെ കുറിച്ച് വിശദീകരണം നല്‍കിയെങ്കിലും അതില്‍ കഴിഞ്ഞ 14 മാസങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളൊന്നും കണ്ടില്ലെന്നും കോടതി പറഞ്ഞു.

നേരത്തെ കൊവിഡിന്റെ രണ്ടാം തരംഗത്തിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും മദ്രാസ് ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കാത്ത തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നായിരുന്നു കോടതിയുടെ വിമര്‍ശനം.

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിച്ചത് തീര്‍ത്തും ഉത്തരവാദിത്വമില്ലാതെയാണ്. കൃത്യമായ കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇനിയെങ്കിലും പുറത്തിറക്കിയില്ലെങ്കില്‍ തമിഴ്നാട്ടിലെ വോട്ടെണ്ണല്‍ കോടതി ഇടപെട്ട് തടയുമെന്നും സഞ്ജീവ് ബാനര്‍ജി അധ്യക്ഷനായ ബെഞ്ച് പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in