താലിബാന്‍ അനുകൂല പരാമര്‍ശം; ഹസനുൽ ബന്നയെ സസ്പെന്‍ഡ് ചെയ്ത് മാധ്യമം

താലിബാന്‍ അനുകൂല പരാമര്‍ശം; ഹസനുൽ ബന്നയെ സസ്പെന്‍ഡ് ചെയ്ത് മാധ്യമം

ടെലിവിഷന്‍ ചര്‍ച്ചയില്‍ താലിബാന്‍ അനുകൂല പരാമര്‍ശം നടത്തിയ മാധ്യമം പത്രത്തിലെ ഡല്‍ഹി ചീഫ് റിപ്പോര്‍ട്ടര്‍ ഹസനുൽ ബന്നയ്ക്ക് സസ്‌പെന്‍ഷന്‍. ഏഴ് ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍. സ്ഥാപനത്തിന്റെ നയനിലപാടുകള്‍ക്ക് വിരുദ്ധമായി പൊതു ഇടങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തുകയും സോഷ്യല്‍ മീഡിയ പോളിസി ലംഘിക്കുകയും ചെയ്തതിനാണ് സസ്പെന്‍ഷന്‍ എന്നാണ് അറിയിപ്പില്‍ പറയുന്നത്.

സസ്‌പെന്‍ഷന്‍ കാലയളവില്‍ എച്ച്.ആര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ അനുമതിയില്ലാതെ മാധ്യമം ഓഫീസുകളില്‍ പ്രവേശിക്കാന്‍ പാടില്ലെന്നും അറിയിപ്പിലുണ്ട്.

ഏഷ്യാനെറ്റ് ന്യൂസിന്റെ ചര്‍ച്ചയിലായിരുന്നു ഹസനുൽ ബന്ന താലിബാന്‍ അനുകൂല പരാമര്‍ശം നടത്തിയത്. ഹിന്ദു പത്രത്തിന്റെ ഇന്റര്‍നാഷണല്‍ അഫയേഴ്സ് എഡിറ്റര്‍ സ്റ്റാന്‍ലി ജോണി, എഴുത്തുകാരന്‍ ഷാജഹാന്‍ മാടമ്പാട്ട്, വിദേശ കാര്യ വിദഗ്ദന്‍ അഷ്റഫ് കടയ്ക്കല്‍ എന്നിവര്‍ക്കൊപ്പമാണ് ബന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്. ചര്‍ച്ചയില്‍ ഹസനുൽ ബന്ന അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു.

പുതിയതായി നിയമിതനായ എഡിറ്റർ വി.എം ഇബ്രാഹിമിന്റെ സഹോദരൻ കൂടിയാണ് ഹസനുൽ ബന്ന. താലിബാന്‍ അനുകൂല വാര്‍ത്തകളുടെ പേരില്‍ മാധ്യമം പത്രം നേരത്തെയും വിമര്‍ശിക്കപ്പെട്ടിരുന്നു.

താലിബാന്‍ ഭരണം പിടിച്ചത്തിന് പിന്നാലെ അഫ്ഗാനിസ്ഥാന്‍ സ്വതന്ത്രമായി എന്ന് മാധ്യമം ദിനപത്രം തലക്കെട്ട് നല്‍കിയതും ജമാ അത്തെ ഇസ്ലാമി ശൂറ അംഗം കൂടിയായ മീഡിയ വണ്‍ മാനേജിങ് എഡിറ്റര്‍ സി.ദാവൂദ് എഡിറ്റ് പേജില്‍ താലിബാന്‍ അനുകൂല നിലപാട് ആവര്‍ത്തിച്ച് ലേഖന പരമ്പര എഴുതിയതും വലിയ വിമര്‍ശനം വരുത്തി വച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in