മധു കൊലക്കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി, അഞ്ചുവർഷം നീണ്ട സങ്കീർണതകൾക്കൊടുവിൽ വിധി

മധു കൊലക്കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി, അഞ്ചുവർഷം നീണ്ട സങ്കീർണതകൾക്കൊടുവിൽ വിധി

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു കൊലചെയ്യപ്പെട്ട കേസിൽ 16 ൽ 14 പ്രതികളും കുറ്റക്കാരാണെന്ന് മണ്ണാർക്കാട് പട്ടിക ജാതി പട്ടിക വർ​ഗ പ്രത്യേക കോടതി കണ്ടെത്തി. ഇവർക്കെതിരെ ചുമത്തിയ നരഹത്യ കേസാണ് കോടതിയിൽ തെളിയിക്കപ്പെട്ടിരിക്കുന്നത്. നാലും പതിനൊന്നും പ്രതികളെ കോടതി വെറുതെ വിട്ടു. 14 പ്രതികളുടെയും ശിക്ഷ കോടതി നാളെ (05/04/2023) വിധിക്കും. ഒന്നാം പ്രതി ഹുസൈന്റെ കടയിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചു എന്നാരോപിച്ചാണ് കാട്ടിൽ നിന്ന് മധുവിനെ പിടിച്ചുകൊണ്ടു വരുന്നത്. മുക്കാലി ജംഗ്ഷനിൽ വച്ച് പൊതുവിചാരണ നടത്തുകയും മർദ്ദിക്കുകയും ശേഷം കൊല്ലപ്പെടുകയും ചെയ്യുന്നു. സാക്ഷികൾ കൂറുമാറുന്നതുൾപ്പെടെ നിരവധി സങ്കീർണതകൾക്കൊടുവിലാണ് കേസ് വിധിയിലേക്കെത്തുന്നത്.

പതിനാല് പ്രതികൾ കുറ്റക്കാർ

ഒന്നാം പ്രതി ഹുസ്സൈൻ, രണ്ടാം പ്രതി മരക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്‌ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ എന്നിവരാണ് കുറ്റക്കാരാണെന്ന് തെളിഞ്ഞിരിക്കുന്നത്.

ഒന്നാം പ്രതി ഹുസൈന്റെ കടയിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചെന്നാരോപിച്ച് മധുവിനെ പിടിക്കാൻ അജുമുടി കാട്ടിലേക്ക് കയറിയ പ്രതികളിൽ രണ്ടാം പ്രതി മരയ്ക്കാറാണ് മധുവിനെ പിടികൂടുന്നത്. പത്തൊൻപതാം സാക്ഷി കക്കി മൂപ്പനിൽ നിന്നാണ് മധു കാട്ടിലുണ്ടെന്ന് പ്രതികൾ മനസിലാക്കുന്നത്. ബാഗിന്റെ സിബ്ബ് കീറി മധുവിന്റെ കൈകൾ കെട്ടുന്നത് മൂന്നാം പ്രതി ഷംസുദ്ധീനാണ്. വടി ഉപയോഗിച്ച് മർദ്ദിച്ചതിനെ തുടർന്നാണ് മധുവിന്റെ രണ്ടാം വാരിയെല്ല് പൊട്ടിയത് എന്നതുൾപ്പെടെ പ്രോസിക്യൂഷന്റെ പ്രധാനവാദങ്ങളായിരുന്നു. ആന്തരിക രക്തസ്രാവമുൾപ്പെടെ പ്രോസിക്യൂഷൻ മുന്നോട്ടുവെച്ച മരണ കാരണങ്ങൾ കോടതി ശരിവച്ചു.

കേസിന്റെ നാൾവഴി

2018 ഏപ്രിൽ 22 നാണ് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധു കൊലചെയ്യപ്പെടുന്നത്. അഞ്ചു വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. 2018 ൽ നടന്ന കേസിന്റെ വിചാരണ ആരംഭിക്കുന്നത് 2022 ൽ മാത്രമാണ്. ഇതിനിടയിൽ എണ്ണിയാലൊടുങ്ങാത്ത അത്രയും സങ്കീർണതകളിലൂടെയാണ് കേസ് കടന്നു പോയത്. ആകെയുണ്ടായിരുന്ന 103 സാക്ഷികളെ വിസ്തരിച്ചപ്പോൾ, അതിൽ 24 പേരും കൂറുമാറി. കൂറുമാറിയ സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതുൾപ്പെടെ വളരെ അസാധാരണമായ സംഭവങ്ങളാണ് വിചാരണ സമയത്ത് നടന്നത്. രഹസ്യമൊഴി നൽകിയവരുൾപ്പെടെ കൂറുമാറുകയും ഒടുവിൽ സാക്ഷി സംരക്ഷണ നിയമം വരെ നടപ്പിലാക്കേണ്ടി വന്നതുമായ അപൂർവ്വം കേസുകളിലൊന്നായി മധു കേസ് മാറി.

Related Stories

No stories found.
logo
The Cue
www.thecue.in