ഫ്‌ളൈ ജാക്ക് ഉടസ്ഥാവകാശം ഒഴിഞ്ഞിട്ട് 12 വര്‍ഷം, ജലീല്‍ സുഹൃത്ത്; സ്വപ്‌ന സുരേഷിന്റെ ആരോപണത്തില്‍ മാധവ വാര്യര്‍

ഫ്‌ളൈ ജാക്ക് ഉടസ്ഥാവകാശം ഒഴിഞ്ഞിട്ട് 12 വര്‍ഷം, ജലീല്‍ സുഹൃത്ത്; സ്വപ്‌ന സുരേഷിന്റെ ആരോപണത്തില്‍ മാധവ വാര്യര്‍

സ്വപ്‌ന സുരേഷ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്ന കാര്യങ്ങള്‍ സത്യമല്ലെന്ന് മുംബൈ വ്യവസായി മാധവ വാര്യര്‍. ഫ്‌ളൈ ജാക് കമ്പനിയുടെ ഉടസ്ഥാവകാശം തനിക്ക് ഇപ്പോള്‍ ഇല്ലെന്നും 2010ല്‍ ഉടമസ്ഥാവകാശം ഒരു ജാപ്പനീസ് കമ്പനിക്ക് നല്‍കിയെന്നുമാണ് മാധവ വാര്യര്‍ പറുയന്നത്.

2014 മുതല്‍ താന്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളും മറ്റുമായി മുന്നോട്ട് പോവുകയാണെന്നും ആ നിലയ്ക്ക് കെ.ടി. ജലീലിനെ പരിചയമുണ്ടെന്നും മാധവ വാര്യര്‍ പറഞ്ഞു.

ഫ്‌ളൈ ജാക്ക് കമ്പനിയോട് ഇതുമായി ബന്ധപ്പെട്ട് ചോദിച്ചപ്പോള്‍, കേരള സര്‍ക്കാരുമായോ കെ ടി ജലീലുമായോ ബന്ധപ്പെട്ട് അത്തരത്തില്‍ ഒരു കാര്യവും നടന്നിട്ടില്ലെന്നാണ് അവര്‍ വ്യക്തമാക്കിയതെന്നും മാധവ വാര്യര്‍ പറഞ്ഞു.

മുംബൈയിലെ ഫ്‌ളൈ ജാക്ക് ലോജിസ്റ്റിക്‌സുമായി ജലീലിന് ബന്ധമുണ്ടെന്നാണ് സ്വപ്‌ന സുരേഷ് സത്യവാങ്മൂലത്തില്‍ പറഞ്ഞത്. കോണ്‍സുല്‍ ജനറലുമായി അടുത്ത ബന്ധമുള്ള കെ.ടി. ജലീല്‍ 17 ടണ്‍ ഈന്തപ്പഴം സംസ്ഥാനത്ത് എത്തിച്ചുവെന്നും മുംബൈയിലെ ഫ്‌ളൈ ജാക്ക് ലോജിസ്റ്റിക്‌സ് വഴി കെ.ടി. ജലീല്‍ ഈന്തപ്പഴം ഇറക്കുമതി ചെയ്‌തെന്നുമാണ് സത്യാവാങ്മൂലത്തില്‍ പറയുന്നത്. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫ്‌ളൈജാക്ക് ലോജിസ്റ്റിക്‌സ് കമ്പനിയുടെ ഉടമ മാധവ വാര്യര്‍ തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നുമാണ് സ്വപ്‌ന സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നത്.

മാധവ വാര്യരുടെ വാക്കുകള്‍

സ്വപ്‌ന സുരേഷ് സത്യവാങ്മൂലത്തില്‍ പറയുന്ന കാര്യങ്ങള്‍ അവാസ്തവമാണ്. ഒന്നായി അവര്‍ പറഞ്ഞത് ഫ്‌ളൈ ജാക്ക് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥനായ മാധവ് വാര്യര്‍ എന്നാണ്. ഫ്‌ളൈ ജാക്കിന്റെ സ്ഥാപകനായിരുന്നെങ്കിലും 2010ല്‍ ഹിറ്റാച്ചി ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം എന്ന ജാപ്പനീസ് കമ്പനിക്ക് വിറ്റു. കഴിഞ്ഞ 12 വര്‍ഷമായി ഇതിന്റെ ഉടമസ്ഥാവകാശം മാധവ് വാര്യര്‍ക്കില്ല. 2014 വരെ അതില്‍ തുടര്‍ന്നുവെങ്കിലും അതിന് ശേഷം ഔദ്യോഗികമായ യാതൊരു ചുമതലയുമില്ലാതെ അതില്‍ നിന്ന് വിരമിക്കുകയായിരുന്നു.

അതുകൊണ്ട് തന്നെ അവര്‍ പറയുന്നതു പോലെ ഈത്തപ്പഴം, അല്ലെങ്കില്‍ ഖുര്‍ ആന്‍ മുതലായവ ഇറക്കുമതി ചെയ്തു, അതിന്റെ കസ്റ്റംസ് ക്ലിയറന്‍സ് നടത്തി എന്നെല്ലാം പറയുന്നതില്‍ സത്യമില്ല. ഇതുസംബന്ധിച്ച് ഫ്‌ളൈ ജാക്കിനോട് ചോദിച്ചപ്പോള്‍, കേരള സര്‍ക്കാരിനോടോ കെ.ടി. ജലീലിനോടോ അനുബന്ധമായി യാതൊന്നും ചെയ്തിട്ടില്ലെന്ന് അവരും വ്യക്തമായി പറഞ്ഞിട്ടുണ്ട്.

ജലീല്‍ എന്ന മുന്‍ മന്ത്രിയുമായി വലിയ സൗഹൃദമാണ് അനുഭവപ്പെട്ടിട്ടുള്ളത്. ഞങ്ങളുടെ തന്നെ പരിപാടികളില്‍ മുഖ്യ അതിഥിയായും ചിലപ്പോള്‍ മുഖ്യ പ്രഭാഷകനായും വന്ന് ഉപദേശങ്ങളും മറ്റും തരാറുണ്ട്. വര്‍ഷങ്ങളായി പരിചയമുണ്ടെങ്കില്‍ തന്നെ ആകെ നാലോ അഞ്ചോ തവണ മാത്രമാണ് ജലീലിനെ കണ്ടിട്ടുള്ളത്. അതും ഇത്തരം പരിപാടികളില്‍ മാത്രം. ഞാന്‍ ബോംബെയില്‍ ആയതുകൊണ്ട് അദ്ദേഹവുമായുള്ള ഇടപഴകലുകള്‍ വളരെ കുറവാണ്.

Related Stories

No stories found.
logo
The Cue
www.thecue.in