കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഹകരണമില്ലെന്നത് ഒരുമിച്ചെടുത്ത തീരുമാനം, പി ബിയില്‍ ഭിന്നതയില്ലെന്ന് എം എ ബേബി

കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഹകരണമില്ലെന്നത് ഒരുമിച്ചെടുത്ത തീരുമാനം, പി ബിയില്‍ ഭിന്നതയില്ലെന്ന് എം എ ബേബി

Published on

കോണ്‍ഗ്രസ് സഹകരണ നിലപാടില്‍ സീതാറാം യെച്ചൂരിക്കൊപ്പം നിന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കെതിരെ പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ സഹകരണം വേണ്ടെന്ന് തന്നെയാണ് പൊളിറ്റ് ബ്യൂറോയിലെ ഏക അഭിപ്രായമെന്ന് എം.എ ബേബി പറഞ്ഞു.

പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, രാമചന്ദ്രന്‍ പിള്ള തുടങ്ങിയ നേതാക്കളടക്കമുള്ളവരാണ് കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഹകരണം വേണ്ടെന്ന് നിലപാടെടുത്തത്. ഇതിനെ തള്ളി സീതാറാം യെച്ചൂരി പക്ഷം രംഗത്തെത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിലാണ് എം.എ ബേബിയുടെ വിശദീകരണം.

പൂര്‍ണ യോജിപ്പോടുകൂടിയാണ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയില്‍ നല്‍കാനുള്ള റിപ്പോര്‍ട്ട് പി.ബി അംഗീകരിച്ചതെന്ന് എം.എ ബേബി പറഞ്ഞു.

ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി പിന്തുണ വേണമെന്ന് എം.എ ബേബി, കോടിയേരി ബാലകൃഷ്ണന്‍, മണിക് സര്‍ക്കാര്‍, നീലോല്‍പല്‍ ബസു തുടങ്ങി പത്ത് പേര്‍ യെച്ചൂരിയെ പിന്തുണച്ചപ്പോള്‍ ആറ് പേര്‍ മാത്രമേ കാരാട്ടിന്റെ തീരുമാനത്തിനൊപ്പം നിന്നുള്ളു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

വര്‍ഗീയതയിലെ നിലപാടില്‍ കോണ്‍ഗ്രസിന് വ്യക്തതയില്ല. ഹിന്ദു വാദം ഉയര്‍ത്തിയാണ് രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശില്‍ വോട്ട് തേടുന്നത്. വര്‍ഗീയതയോട് സന്ധി ചെയ്യേണ്ട എന്ന പാര്‍ട്ടി നിലപാടില്‍ ഇപ്പോഴും മാറ്റമില്ല. അതിനാല്‍ ദേശീയ തലത്തില്‍ സഖ്യം വേണ്ടെന്നും സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യം പരിശോധിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം എന്നുമാണ് പി. ബി നിലപാട്.

logo
The Cue
www.thecue.in