കേന്ദ്രമന്ത്രിമാർക്ക് മൂന്നു കുട്ടികളാവാം പക്ഷെ ദ്വീപിലെ പഞ്ചായത്ത് അംഗങ്ങൾക്ക് അനുവാദമില്ലെന്നോ? എം പി മഹുവ മൊയ്ത്ര

കേന്ദ്രമന്ത്രിമാർക്ക് മൂന്നു കുട്ടികളാവാം പക്ഷെ ദ്വീപിലെ പഞ്ചായത്ത് അംഗങ്ങൾക്ക് അനുവാദമില്ലെന്നോ? എം പി മഹുവ മൊയ്ത്ര

രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് പഞ്ചായത്ത് അംഗങ്ങളാവാന്‍ സാധിക്കില്ലെന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ പുതിയ നിയമ പരിഷ്കാരത്തെ വിമർശിച്ച് തൃണമൂൽ കോൺഗ്രസ്സ് എം പി മഹുവ മൊയ്ത്ര. നിലവിലെ കേന്ദ്ര പ്രതിരോധ, വിദേശകാര്യ, റോഡ് ഗതാഗത മന്ത്രിമാര്‍ക്കെല്ലാം മൂന്ന് കുട്ടികള്‍ വീതമുണ്ട്. ഈ സാഹചര്യത്തില്‍ ലക്ഷദ്വീപിലെ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള പഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കുന്ന കരട് നിയമം ദ്വീപിലെ ബി.ജെ.പി അഡ്മിനിസ്‌ട്രേറ്റര്‍ എങ്ങനെയാണ് അവതരിപ്പിക്കുക എന്നായിരുന്നു ട്വിറ്ററിലൂടെ മഹുവ മൊയ്ത്ര ചോദിച്ചത്.

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് മൂന്ന് മക്കളാണുള്ളത്. ഒരാണും രണ്ട് പെണ്ണും. മകന്‍ പങ്കജ് സിങ് യു.പി എം.എല്‍.എയാണ്. ജാപ്പനീസ് വംശജയായ ക്യോകോയെ വിവാഹം കഴിച്ച കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും മൂന്ന് കുട്ടികളാണുള്ളത്. രണ്ട് ആണ്‍മക്കളും ഒരു പെണ്ണും. പേര് ധ്രുവ, അര്‍ജുന്‍, മേധ. റോഡ് ഗതാഗത മന്ത്രിയും ബി.ജെ.പി മുന്‍ ദേശീയ അധ്യക്ഷനുമായ നിതിന്‍ ഗഡ്കരിക്ക് നിഖില്‍, സാരംഗ്, കെറ്റ്കി എന്നീ മൂന്ന് മക്കളുണ്ട്. മെഹുവയുടെ ചോദ്യം നിരവധി പേര്‍ ഏറ്റെടുത്ത് റീട്വീറ്റ് ചെയ്യുകയും മറ്റ് സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കുകയും ചെയ്യുന്നുണ്ട്.

ഇതിനിടെ ലക്ഷദ്വീപിലെ കൊവിഡ് പ്രോട്ടോകോള്‍ പരിഷ്‌കരണങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. പതിനാല് ദിവസത്തെ നിരീക്ഷണത്തിന് ശേഷമേ ദ്വീപിലേക്ക് എത്താനാകൂ എന്ന ചട്ടം എടുത്തുകളഞ്ഞതിന് എതിരെയായിരുന്നു ദ്വീപ് നിവാസികളുടെ ഹര്‍ജി. ഈ നിയന്ത്രണം എടുത്ത് കളഞ്ഞത് രോഗ വ്യാപനത്തിന് കാരണമായി എന്നായിരുന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in