
ദിവസങ്ങളായിട്ടും അണയ്ക്കാനാകാത്ത കാട്ടുതീ, അതിനൊപ്പം വീശിയടിക്കുന്ന കാറ്റ്. ഇനിയും 120 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്, ലോസ് ആഞ്ചലിസിലെ കാട്ടുതീ വിതയ്ക്കുന്ന ദുരിതം സമാനതകളില്ലാത്തതാണെന്ന റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഈറ്റണ്‍, പാലിസേഡ്‌സ് എന്നിവിടങ്ങളിലെ കാട്ടുതീ ആളിപ്പടരുകയാണ്. പാലിസേഡ്‌സില്‍ 22,600 ഏക്കര്‍ കത്തി നശിച്ചു. ആല്‍തദേന മേഖലയില്‍ കത്തിപ്പടരുന്ന ഈറ്റണ്‍ ഫയര്‍ 14,000 ഏക്കര്‍ ഇല്ലാതാക്കി. ഈ പ്രദേശത്ത് 15 ശതമാനം തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ശക്തമായ കാറ്റും ഉണങ്ങിയ മരങ്ങളും മഴയില്ലാത്ത അന്തരീക്ഷവുമൊക്കെയാണ് കാട്ടുതീ പടരാന്‍ കാരണമായത്. ശക്തമായ കാറ്റിന് ഇനിയും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിക്കുന്ന കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഞായറാഴ്ച രാത്രിയോടെ ആരംഭിക്കുന്ന കാറ്റ് ബുധനാഴ്ച വരെ തുടര്‍ന്നേക്കും. കാട്ടുതീ നിയന്ത്രണമില്ലാതെ പടരാന്‍ ഈ കാറ്റ് കാരണമായേക്കും. തീ മൂലം പ്രദേശത്താകെ പുക നിറഞ്ഞിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് ലോസ് ഏഞ്ചലസ് കൗണ്ടി ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വീടുകളില്‍ എയര്‍ ഫില്‍ട്രേഷന്‍ ഉപകരണങ്ങള്‍ ഉപയോഗിക്കണമെന്നും പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
കാട്ടുതീ വിതച്ച ദുരന്തം യുദ്ധഭൂമിക്ക് സമാനമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു. കാട്ടുതീ ബാധിച്ച പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. 1,30,000ലേറെ ആളുകളെ ഒഴിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോളിവുഡ് സെലിബ്രിറ്റികള്‍ അടക്കമുള്ളവരെ ഒഴിപ്പിച്ചിട്ടുണ്ട്. പലരുടെയും വീടുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ഈ മേഖലകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വീടുകളില്‍ കൊള്ളയ്ക്ക് ശ്രമിച്ച ഏതാനും പേരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.
കാട്ടുതീയില്‍ ഇതുവരെ 16 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. തീ നിയന്ത്രണ വിധേയമാക്കിയ പ്രദേശങ്ങളില്‍ തെരച്ചില്‍ തുടരുകയാണ്. കഡാവര്‍ നായകളെ ഉപയോഗിച്ചാണ് തെരച്ചില്‍. ദുരന്തബാധിത മേഖലകളില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനായി പരിശീലനം സിദ്ധിച്ച നായകളാണ് കഡാവര്‍ നായകള്‍. 12,000 കെട്ടിടങ്ങള്‍ തീപ്പിടിത്തത്തില്‍ കത്തി നശിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഇവയില്‍ 426 എണ്ണം വീടുകളാണ്.
കാലാവസ്ഥാ മാറ്റമാണ് എല്ലാ വര്‍ഷവും ആവര്‍ത്തിക്കുന്ന കാട്ടുതീയ്ക്ക് കാരണമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. അന്തരീക്ഷ താപനില ഉയരുന്നതും വരള്‍ച്ചയുടെ ദൈര്‍ഘ്യം കൂടുന്നതും മരങ്ങളും ചെടികളും ഉണങ്ങി നില്‍ക്കുന്നതും തീ പടരാന്‍ കാരണമാകുന്നു. കാടുകളോട് ചേര്‍ന്നുള്ള ജനവാസ മേഖലകളെയാണ് ഇത് ദോഷകരമായി ബാധിക്കുന്നത്. കാലിഫോര്‍ണിയയിലെ രക്ഷാ ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്. മെക്‌സിക്കോയില്‍ നിന്ന് 14,000 ഫയര്‍ഫൈറ്റര്‍മാരാണ് കാട്ടുതീ ബാധിത മേഖലകളില്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്.
വീട് നഷ്ടപ്പെട്ട സെലിബ്രിറ്റികള്‍
മെല്‍ ഗിബ്‌സണ്‍, ജെഫ് ബ്രിഡ്ജസ്, സര്‍ ആന്തണി ഹോപ്കിന്‍സ്, പാരിസ് ഹില്‍ട്ടണ്‍, ബില്ലി ക്രിസ്റ്റല്‍, ആദം ബ്രോഡി തുടങ്ങി ഹോളിവുഡ് താരങ്ങള്‍ അടക്കമുള്ള നിരവധി സെലിബ്രിറ്റികള്‍ക്ക് വീടുകള്‍ നഷ്ടമായി. പലരുടെയും വീടുകള്‍ പൂര്‍ണ്ണമായി കത്തി നശിച്ചിട്ടുണ്ട്. മാലിബുവിലുള്ള വീട് കത്തി നശിച്ചതായി മെല്‍ ഗിബ്‌സണ്‍ പറഞ്ഞു. ജോ റോഗന്‍സ് പോഡ്കാസ്റ്റിന്റെ റെക്കോര്‍ഡിംഗിനായി താന്‍ സ്ഥലത്തില്ലാത്ത സമയത്താണ് അപകടമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ആന്തണി ഹോപ്കിന്‍സിന്റെയും ഭാര്യയുടെയും രണ്ട് വീടുകളാണ് പസഫിക് പാലിസേഡ്‌സ് തീപ്പിടിത്തത്തില്‍ കത്തി നശിച്ചതെന്ന് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.