സവര്‍ക്കര്‍ക്ക് പണി മാപ്പ് എഴുതല്‍ മാത്രം, ഗാന്ധിജി അന്ന് ഇന്ത്യയിലില്ല, രാജ്‌നാഥ് സിംഗിനെതിരെ ഇടത് നേതാക്കള്‍

സവര്‍ക്കര്‍ക്ക് പണി മാപ്പ് എഴുതല്‍ മാത്രം, ഗാന്ധിജി അന്ന് ഇന്ത്യയിലില്ല, രാജ്‌നാഥ് സിംഗിനെതിരെ ഇടത് നേതാക്കള്‍

വി.ഡി സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്തത് ഗാന്ധിജിയുടെ ആവശ്യപ്രകാരമായിരുന്നെന്ന കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനയില്‍ പ്രതിഷേധമറിയിച്ച് പ്രതിപക്ഷ നേതാക്കള്‍. സവര്‍ക്കര്‍ മാപ്പെഴുതിക്കൊടുക്കുമ്പോള്‍ ഗാന്ധി സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാനായി ഇന്ത്യയിലേക്ക് എത്തിയില്ലെന്നാണ് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്.

'ചരിത്രം തിരുത്തുന്നതിലെ ഏറ്റവും വലിയ മണ്ടത്തരം. സവര്‍ക്കറുടെ മാപ്പ് അപേക്ഷകള്‍ വരുന്നത് 1911ലും 1913ലും ആയിരുന്നു. ഗാന്ധി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലേക്ക് കടക്കുന്നത് തന്നെ 1915ലാണ്. മാത്രമല്ല, ബ്രിട്ടീഷുകാര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച ആര്‍.എസ്.എസ് ഒരിക്കലും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമേ ആയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം,' യെച്ചൂരി പറഞ്ഞു.

കള്ളങ്ങളുടെ ഒരു കൂടാരം തന്നെയാണ് രാജ്‌നാഥ് സിംഗ് ഉത്പാദിപ്പിക്കുന്നതെന്നാണ് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി നൂറുകണക്കിന് വരുന്ന കമ്യൂണിസ്റ്റുകാര്‍ ആന്‍ഡമാന്‍ ദ്വീപില്‍ ദുരിതമനുഭവിക്കുമ്പോള്‍ സവര്‍ക്കര്‍ എത്ര മാപ്പ് അപേക്ഷകള്‍ എഴുതിയെന്ന് ആര്‍.എസ്.എസിന് ഒന്ന് എണ്ണിനോക്കാന്‍ കഴിയുമോ എന്നാണ് ഡി രാജ ചോദിച്ചത്.

പ്രതിരോധമന്ത്രി നുണപറയുകയാണെന്ന് സി.പി.ഐ.എം. പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പറഞ്ഞു. 11 തവണ ജയിലില്‍പ്പോയ ഗാന്ധിജി ഒരിക്കല്‍പ്പോലും മാപ്പു പറഞ്ഞിട്ടില്ലെന്നും വൃന്ദ കൂട്ടിച്ചേര്‍ത്തു.

സവര്‍ക്കര്‍ക്ക് പണി മാപ്പ് എഴുതല്‍ മാത്രം, ഗാന്ധിജി അന്ന് ഇന്ത്യയിലില്ല, രാജ്‌നാഥ് സിംഗിനെതിരെ ഇടത് നേതാക്കള്‍
സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്തത് ഗാന്ധിജിയുടെ നിര്‍ദേശപ്രകാരം, പുതിയ വാദവുമായി രാജ്‌നാഥ് സിംഗ്

'11 തവണ ജയിലില്‍ പോയ ഗാന്ധിജി ഒരിക്കല്‍പ്പോലും മാപ്പു പറഞ്ഞിട്ടില്ല. സവര്‍ക്കര്‍ തുടര്‍ച്ചയായി ബ്രിട്ടീഷ് സര്‍ക്കാരിന് മാപ്പപേക്ഷ നല്‍കി,' വൃന്ദ പറഞ്ഞു.

സ്വാതന്ത്ര്യസമരത്തില്‍ ഗാന്ധിജിയുടെ പങ്കും ഇല്ലാതാക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നും വൃന്ദ കൂട്ടിച്ചേര്‍ത്തു. സവര്‍ക്കറുടെ പ്രത്യയശാസ്ത്രമാണ് ഗാന്ധിജിയെ കൊലപ്പെടുത്തിയതെന്നും അവര്‍ പറഞ്ഞു.

രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി, കോണ്‍ഗ്രസ് ജയറാം രമേശ് എന്നിവരും രംഗത്തെത്തിയിരുന്നു.

സവര്‍ക്കര്‍ മാപ്പ് അപേക്ഷ എഴുതുമ്പോള്‍ ഗാന്ധിജി ദക്ഷിണാഫ്രിക്കയിലായിരുന്നു എന്നാണ് ഉവൈസി പ്രതികരിച്ചത്.

ഉദയ് മഹുര്‍ക്കര്‍ രചിച്ച വീര്‍ സവര്‍ക്കര്‍: ദ മാന്‍ ഹൂ കുഡ് ഹാവ് പ്രിവന്റഡ് പാര്‍ട്ടീഷന്‍ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കവെയായിരുന്നു രാജ്നാഥ് സിംഗിന്റെ പ്രതികരണം.

സവര്‍ക്കര്‍ ഫാസിസ്റ്റാണെന്ന് മാര്‍ക്സിസ്റ്റ്, ലെനിനിസ്റ്റ് അനുഭാവമുള്ളവര്‍ തെറ്റായി പ്രചരിപ്പിക്കുന്നതാണ്. സവര്‍ക്കര്‍ ഒരു ഫാസിസ്റ്റോ നാസിയോ ആയിരുന്നില്ലെന്നും യാഥാര്‍ത്ഥ്യ ബോധമുള്ള ഒരു തികഞ്ഞ ദേശീയ വാദിയായിരുന്നെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in