20 വര്‍ഷക്കാലത്തെ യുദ്ധത്തിന് അവസാനം: അമേരിക്കന്‍ സൈന്യം മടങ്ങി, അവസാന വിമാനവും കാബൂള്‍ വിട്ടു

20 വര്‍ഷക്കാലത്തെ യുദ്ധത്തിന് അവസാനം: അമേരിക്കന്‍ സൈന്യം മടങ്ങി, അവസാന വിമാനവും കാബൂള്‍ വിട്ടു

20 വര്‍ഷക്കാലത്തെ യുദ്ധത്തിന് വിരാമമിട്ട് അമേരിക്കന്‍ സൈന്യം പൂര്‍ണമായി അഫ്ഗാനിസ്ഥാന്‍ വിട്ടു. അമേരിക്കയുടെ അവസാന വിമാനവും കാബൂള്‍ വിട്ടതോടെ സേനാപിന്മാറ്റം പൂര്‍ണമായി. അമേരിക്കന്‍ അംബാസിഡര്‍ റോസ് വില്‍സണ്‍ അടക്കമുള്ളവരുമായി അവസാന യു.എസ് വിമാനം C17 ഇന്ത്യന്‍ സമയം രാത്രം ഒരു മണിയോടെയാണ് കാബൂള്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നത്.

അഫ്ഹാനിസ്ഥാന്‍ പിടിച്ചെടുത്തതിന് പിന്നാലെ, ആഗസ്റ്റ് 31 ആയിരുന്നു അമേരിക്കയുടെ സേനാ പിന്മാറ്റത്തിന് താലിബാന്‍ നല്‍കിയ അവസാന തിയതി. അമേരിക്കന്‍ സൈന്യത്തിന്റെ തിരിച്ചുപോക്ക് വെടിയൊച്ച മുഴക്കിയാണ് താലിബാന്‍ ആഘോഷിച്ചത്.

പതിനായിരക്കണക്കിന് അമേരിക്കക്കാരെയും, അമേരിക്കയെ യുദ്ധത്തില്‍ സഹായിച്ച അഫ്ഗാനികളെയും ഒഴിപ്പിക്കുന്നതിനുള്ള ശ്രമങ്ങളായിരുന്നു കഴിഞ്ഞ 18 ദിവസങ്ങളായി നടന്നിരുന്നത്. 123,000 പേരെ അഫ്ഗാനിസ്ഥാനില്‍ നിന്നും തിരിച്ചെത്തിച്ചെന്നാണ് പെന്റഗണ്‍ അറിയിച്ചത്.

ഇതിനിടെ കഴിഞ്ഞയാഴ്ച കാബൂള്‍ വിമാനത്താവളത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 13 അമേരിക്കന്‍ സൈനികര്‍ ഉള്‍പ്പടെ 175 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു.

അമേരിക്കന്‍ പിന്മറ്റത്തിന് പിന്നാലെ കാബൂള്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തു. ചരിത്ര ദിവസമാണിതെന്നും ഇനിയും ആരെങ്കിലും തിരിച്ചുപോകാനുണ്ടെങ്കില്‍ അവരെയും പോകാന്‍ അനുവദിക്കുമെന്നും താലിബാന്‍ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in