ശക്തമായ മഴയും ഉരുള്‍പൊട്ടലും, തൊടുപുഴയില്‍ വീട് തകര്‍ന്ന് കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

ശക്തമായ മഴയും ഉരുള്‍പൊട്ടലും, തൊടുപുഴയില്‍ വീട് തകര്‍ന്ന് കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

Published on

തൊടുപുഴ കുടയത്തൂരില്‍ സംഗമം കവലയ്ക്ക് സമീപം ഇന്നലെ രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് അഞ്ച് വയസുള്ള കുഞ്ഞടക്കം അഞ്ച് പേര്‍ മരിച്ചു. കുടയത്തൂര്‍ സ്വദേശി സോമന്റെ വീടാണ് ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്നത്.

സോമന്‍, അമ്മ തങ്കമ്മ, ഭാര്യ ജയ, മകള്‍ ഷിമ, ഷിമയുടെ മകന്‍ ദേവാനന്ദ എന്നിവരായിരുന്നു വീട്ടിലുണ്ടായത്. ശക്തമായ മഴയ്ക്ക് പിന്നാലെ പുലര്‍ച്ചെ നാല് മണിയോടെയുണ്ടായ ഉരുള്‍പൊട്ടലിലാണ് വീട് തകര്‍ന്ന് അപകടമുണ്ടായത്.

വീട് പൂര്‍ണമായും ഒലിച്ചുപോയി. തറഭാഗം മാത്രമാണ് അവശേഷിക്കുന്നത്. വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്.

ഇന്നലെ രാത്രിയാണ് പ്രദേശത്ത് ശക്തമായ മഴയാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് ഉരുള്‍പൊട്ടിയത്. വലിയ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴേക്കും വീട് പൂര്‍ണമായും ഒലിച്ച് പോയിരുന്നു.

മധ്യകേരളത്തില്‍ മലയോര പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ പലയിടത്തും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി. പത്തനംതിട്ടയില്‍ വായ്പൂര്‍, മുതുപാല, വെണ്ണിക്കുളം, ചങ്കുപ്പാറ പ്രദേശങ്ങളില്‍ വെള്ളം കയറി.

മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര പ്രദേശങ്ങളില്‍ കഴിയുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദേശിച്ചു.

logo
The Cue
www.thecue.in