ഉച്ചഭക്ഷണത്തില്‍ നിന്ന് മാംസാഹാരം ഒഴിവാക്കിയത് ഡ്രൈ ഫ്രൂട്ട്‌സ് നല്‍കാന്‍; ന്യായീകരിച്ച് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ സത്യവാങ്മൂലം

ഉച്ചഭക്ഷണത്തില്‍ നിന്ന് മാംസാഹാരം ഒഴിവാക്കിയത് ഡ്രൈ ഫ്രൂട്ട്‌സ് നല്‍കാന്‍; ന്യായീകരിച്ച് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ സത്യവാങ്മൂലം
Published on

ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ ബീഫ് ഉള്‍പ്പെടെയുള്ള മാംസാഹാരം ഒഴിവാക്കിയതിനെ ന്യായീകരിച്ച് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ സത്യവാങ്മൂലം. സ്‌കൂള്‍ കുട്ടികള്‍ക്ക് പഴങ്ങളും, ഡ്രൈ ഫ്രൂട്ട്‌സും നല്‍കാനാണ് മാംസാഹാരം ഒഴിവാക്കിയതെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.

പ്രഫുല്‍ ഖോഡ പട്ടേലും ലക്ഷദ്വീപ് ഭരണകൂടവും ഒറ്റ സത്യവാങ്മൂലമാണ് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തത്. മാംസാഹാരം വൃത്തിയായി സൂക്ഷിക്കുന്നതിനും കൊണ്ടുപോകുന്നതിനും ബുദ്ധിമുട്ട് ഉണ്ട്. മഴക്കാലത്ത് മാംസാഹാരം കൊണ്ടുവരുന്നതും പ്രയാസമാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഭരണ പരിഷ്‌കാരങ്ങളുടെ ഭാഗമായി കുട്ടികളുടെ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് മാംസാഹാരം ഒഴിവാക്കിയിരുന്നു. ഇത് വലിയ വിവാദമാകുകയും ചെയ്തിരുന്നു. എന്നാല്‍ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം ഉള്‍പ്പെടുത്താന്‍ കഴിഞ്ഞ മാസം വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in