ബ്രിട്ടനില്‍ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് ഭരണം അവസാനിപ്പിച്ച് ലേബര്‍ പാര്‍ട്ടി അധികാരത്തിലേക്ക്; സാന്നിധ്യമായി മലയാളിയും

ബ്രിട്ടനില്‍ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് ഭരണം അവസാനിപ്പിച്ച് ലേബര്‍ പാര്‍ട്ടി അധികാരത്തിലേക്ക്; സാന്നിധ്യമായി മലയാളിയും

ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 14 വര്‍ഷത്തിനു ശേഷം ലേബര്‍ പാര്‍ട്ടി അധികാരത്തിലേക്ക്. 650 അംഗ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 325 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യമായത്. 359 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ലേബര്‍ വന്‍ ഭൂരിപക്ഷത്തില്‍ അധികാരം ഉറപ്പിച്ചു കഴിഞ്ഞു. ബ്രെക്‌സിറ്റ് ഉള്‍പ്പെടെ ബ്രിട്ടീഷ് ചരിത്രത്തിലെ തന്നെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച 14 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് ഭരണത്തിനാണ് ഇതോടെ അവസാനമായത്. ഇന്ത്യന്‍ വംശജനും ഹിന്ദുവുമായ ഋഷി സുനാകിന്റെ കയ്യില്‍ നിന്നും ലേബര്‍ പാര്‍ട്ടി നേതാവ് കെയ്ര്‍ സ്റ്റാമര്‍ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കും.

ദയനീയ പരാജയമാണ് ടോറികള്‍ ഏറ്റുവാങ്ങിയത്. 2019ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ 172 സീറ്റുകള്‍ നഷ്ടപ്പെട്ട് വെറും 72 സീറ്റുകളിലേക്ക് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഒതുങ്ങി. മൂന്നിലൊന്ന് സീറ്റുകളിലെ ഫലം വന്നപ്പോള്‍ തന്നെ ലേബര്‍ അധികാരം ഉറപ്പിച്ചു കഴിഞ്ഞു. ലേബര്‍ 410 സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. ലിബറല്‍ ഡെമോക്രാറ്റുകള്‍ 46 സീറ്റുമായി മൂന്നാം സ്ഥാനത്തെത്തി. കണ്‍സര്‍വേറ്റീവുകള്‍ 131 സീറ്റുകളില്‍ ഒതുങ്ങുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെങ്കിലും അതിലും ദയനീയമായി ടോറി പരാജയം. ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 61 സീറ്റുകള്‍ ലഭിക്കുമെന്നും എക്‌സിറ്റ് പോളുകള്‍ പറഞ്ഞിരുന്നു.

മലയാളിയായ സോജന്‍ ജോസഫും ലേബര്‍ പ്രതിനിധിയായി ഇത്തവണ ബ്രിട്ടീഷ് പാര്‍ലമെന്റിലുണ്ടാകും. ഇതാദ്യമായാണ് ഒരു മലയാളി ബ്രിട്ടീഷ് എംപിയായി തെരഞ്ഞെടുക്കപ്പെടുന്നത്. എന്‍എച്ച്എസില്‍ മെന്റല്‍ ഹെല്‍ത്ത് മേധാവിയും ആഷ്‌ഫോര്‍ഡ് ബറോയിലെ ലേബര്‍ കൗണ്‍സിലറുമാണ് സോജന്‍ ജോസഫ്. കോട്ടയം സ്വദേശിയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in