'കൊറോണ പരക്കട്ടെ എന്ന നിലപാടായിരുന്നു കോണ്‍ഗ്രസിന്'; ഡ്രൈവറുടെ അമ്മ പോലും വോട്ട് ചെയ്തത് സിപിഎമ്മിനെന്ന് കെ.വി തോമസ്

'കൊറോണ പരക്കട്ടെ എന്ന നിലപാടായിരുന്നു കോണ്‍ഗ്രസിന്';  ഡ്രൈവറുടെ അമ്മ പോലും  വോട്ട് ചെയ്തത് സിപിഎമ്മിനെന്ന് കെ.വി തോമസ്

കൊറോണ കാലത്ത് രാഷ്ട്രീയം കാണരുതെന്ന് പാര്‍ട്ടിക്ക് അകത്ത് പറഞ്ഞിരുന്നുവെന്നും അന്ന് പാര്‍ട്ടി കൊറോണ വരട്ടെ സര്‍ക്കാര്‍ ഉത്തരം പറയട്ടെ എന്ന നയമാണ് സ്വീകരിച്ചതെന്നും പ്രൊഫ. കെ.വി തോമസ്. ദ ക്യു എഡിറ്റര്‍ മനീഷ് നാരായണനുമായി നടത്തിയ അഭിമുഖത്തിലാണ് കൊറോണ സമയത്ത് കോണ്‍ഗ്രസ് സ്വീകരിച്ച നയം തെറ്റായിരുന്നുവെന്ന് പാര്‍ട്ടിക്ക് അകത്ത് തന്നെ പറഞ്ഞിരുന്നെന്ന് കെ.വി തോമസ് പറഞ്ഞത്.

പല കാര്യത്തിലും മുഖ്യമന്ത്രി പിണറായി വിജയനോട് തനിക്ക് ബഹുമാനവും താത്പര്യവുമുണ്ടെന്നും കെ.വി തോമസ് പറഞ്ഞു. ഗെയ്ല്‍ പദ്ധതി എതിര്‍പ്പുകള്‍ മറികടന്ന് നടപ്പിലാക്കിയത് പിണറായിയാണ്. കൊവിഡ് കാലത്ത് ഭക്ഷണമെത്തിച്ചതുകൊണ്ട് കടുത്ത കോണ്‍ഗ്രസ് അനുഭാവിയായ തന്റെ ഡ്രൈവറുടെ അമ്മ പോലും വോട്ട് ചെയ്തത് സി.പി.എമ്മിനാണെന്നും കെ.വി തോമസ് പറഞ്ഞു.

കെ.വി തോമസിന്റെ വാക്കുകള്‍

പല കാര്യത്തിലും പിണറായി വിജയനോട് എനിക്ക് താത്പര്യവും സ്‌നേഹവും ബഹുമാനവുമുണ്ട്. അതിലൊന്ന് ഗെയിലാണ്. ഞാന്‍ കേന്ദ്ര മന്ത്രിസഭയില്‍ 2013ല്‍ അംഗമായിരുന്ന സമയത്താണ് രണ്ട് ഗെയ്ല്‍ പ്രോജക്ടുകള്‍ വരുന്നത്.

ഒരു പദ്ധതി ഗുജറാത്തിന് കൊടുത്തപ്പോള്‍ മറ്റൊന്ന് വൈപ്പിനില്‍ വേണമെന്ന് പറഞ്ഞത് ഞാനാണ്. പദ്ധതി കേരളത്തില്‍ കൊണ്ടു വന്നത് ഞാനാണ്.

2014ലെ തെരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിച്ചപ്പോള്‍ അന്നത്തെ സി.പി.എം 'മാഷ് കൊച്ചി നഗരം മുഴുവന്‍ കത്തിക്കാന്‍ പോകുകയാണ്' എന്ന് പറഞ്ഞ് എനിക്കെതിരെ സമരം നടത്തി. പക്ഷേ പിന്നീട് വന്ന മുഖ്യമന്ത്രിമാരൊടൊക്കെ ചോദിച്ചു എന്തായ് ഗെയ്ല്‍? അവസാനം അത് നടപ്പിലാക്കിയത് പിണറായിയാണ്. പ്രതിരോധമുണ്ടായിട്ടും പദ്ധതി നടപ്പിലാക്കിയതിന് അദ്ദേഹത്തെ അംഗീകരിക്കണ്ടെ?

അതുപോലെ തന്നെ കൊറോണ വന്ന കാലഘട്ടത്തില്‍ അദ്ദേഹം എടുത്ത തീരുമാനം. ഞാന്‍ പാര്‍ട്ടിക്ക് അകത്ത് പറഞ്ഞിട്ടുണ്ട്, 'കൊറോണയാണ് ഒരു മഹാ ദുരന്തമാണ്, നമ്മള്‍ അതിനകത്ത് രാഷ്ട്രീയം കാണരുത്.

നമ്മള്‍ പൊലീസുമായി സമരം ചെയ്യാന്‍ പോകരുത്. വിദേശത്ത് നിന്ന് മലയാളികള്‍ വരുമ്പോള്‍ കുറച്ച് നിബന്ധനകള്‍ വെക്കണം' എന്നൊക്കെ. അന്ന് എന്താണ് നമ്മുടെ പാര്‍ട്ടി എടുത്ത തീരുമാനം? 'വരട്ടെ കൊറോണ സ്‌പ്രെഡ് ചെയ്യട്ടെ, സര്‍ക്കാര്‍ ഉത്തരം പറയട്ടെ'. സര്‍ക്കാര്‍ മാത്രമല്ലല്ലോ ഉത്തരം പറയേണ്ടത്. ആ ഒരു സമീപനം ശരിയല്ല എന്ന് പറഞ്ഞു.

അവസാനം തെരഞ്ഞെടുപ്പ് വരുന്നതിന് മുന്‍പ് ഞാന്‍ പാര്‍ട്ടിക്ക് അകത്ത് പറഞ്ഞു, 'നമുക്ക് ബുദ്ധിമുട്ടാ, കാരണം കിറ്റ് കൊടുത്തത്, പെന്‍ഷന്‍ കൊടുത്തത്, ജനങ്ങളുടെ കൈയിലേക്ക് പണം കിട്ടുന്നത്, അതിന്റെ ഗുണം കിട്ടുന്നത് ഈ സര്‍ക്കാരിനായിരിക്കും', എന്ന്.

അതിന് ഒരു ഉദാഹരണം ഞാന്‍ പറയാം. തെരഞ്ഞെടുപ്പ് കഴിഞ്ഞ് കോണ്‍ഗ്രസിന്റെ ഒരു മീറ്റിങ്ങുണ്ടായിരുന്നു.

എന്റെ ഡ്രൈവറും അദ്ദേഹത്തിന്റെ കുടുംബവും പക്കാ കോണ്‍ഗ്രസുകാരായിട്ടും വോട്ട് ചെയ്തത് അരിവാള്‍ ചുറ്റികയ്ക്കാണ്. വോട്ട് ചെയ്ത് തിരിച്ചു വന്നപ്പോള്‍ ഞാന്‍ ഡ്രൈവറുടെ അമ്മയോട് ചോദിച്ചു, 'എന്തായ് അമ്മാമേ?' അപ്പോള്‍ അവരെന്നോട് പറഞ്ഞു, 'ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു, അപ്പോള്‍ ദൈവം പറഞ്ഞു നിനക്ക് ആരാ ഭക്ഷണം തന്നത്? അത് പിണറായി വിജയന്‍. അത് കൊണ്ട് ഞാന്‍ അരിവാള്‍ ചുറ്റികയ്ക്ക് വോട്ട് ചെയ്തു,' എന്ന്. മാക്‌സിക്ക് വോട്ട് ചെയ്തു എന്നാണ് അന്ന് പറഞ്ഞത്.

അത് ഞാന്‍ പാര്‍ട്ടി മീറ്റിംഗില്‍ പറഞ്ഞു. നമ്മള്‍ കാണുന്നത് അല്ല യാഥാര്‍ത്ഥ്യം. വിശക്കുന്നവന്റെ മുന്നില്‍ ഭക്ഷണം വലിയൊരു കാര്യമാണ്. ഭക്ഷണം കൊടുക്കാന്‍ പിണറായിക്ക് കഴിഞ്ഞിട്ടുണ്ട്.

കൊവിഡ് സമയത്ത് ഞങ്ങളുടെ തീര പ്രദേശത്ത് ഏറ്റവും പ്രധാന പ്രശ്‌നമായിരുന്നു, മത്സ്യ പ്രോസസിങ്ങ് യൂണിറ്റ്. കളക്ടര്‍മാര് വന്ന് ഒറ്റ ദിവസം അതങ്ങ് പൂട്ടി. കോടിക്കണക്കിന് രൂപയുടെ മത്സ്യമാണ് കിടക്കുന്നത്.

ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ജോലി നഷ്ടമായി. അപ്പോള്‍ അവര്‍ എന്റെ അടുത്ത് വന്നു. ഞാന്‍ പറഞ്ഞു മുഖ്യമന്ത്രിയോട് പറയാമെന്ന്. അദ്ദേഹം പറഞ്ഞു റപ്രസന്റേഷന്‍ അയക്കാന്‍. ഉമ്മന്‍ ചാണ്ടി കോപ്പി അയച്ച് കൊടുത്തു. ഇത് ചെയ്യുന്നത് പതിനൊന്ന് പന്ത്രണ്ട് മണിക്കാണ്. വൈകുന്നേരം ആറ് മണിക്ക് തീരുമാനം എടുത്തു മത്സ്യ പ്രോസസിങ്ങ് യൂണിറ്റ് തുറക്കാന്‍.

Related Stories

No stories found.
logo
The Cue
www.thecue.in