'കേരളത്തിലെ കുഴി പോലുമല്ല', ഒരു സര്‍ക്കാരിനെയും ടാര്‍ഗറ്റ് ചെയ്തിട്ടില്ല; 'ന്നാ താന്‍ കേസ് കൊട്' പോസ്റ്ററില്‍ കുഞ്ചാക്കോ ബോബന്‍

'കേരളത്തിലെ കുഴി പോലുമല്ല', ഒരു സര്‍ക്കാരിനെയും ടാര്‍ഗറ്റ് ചെയ്തിട്ടില്ല; 'ന്നാ താന്‍ കേസ് കൊട്' പോസ്റ്ററില്‍ കുഞ്ചാക്കോ ബോബന്‍

രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയുടെ പോസ്റ്റര്‍ വിവാദത്തില്‍ പ്രതികരിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ടാര്‍ഗറ്റ് ചെയ്തല്ല അത്തരമൊരു പോസ്റ്റര്‍ ഇറക്കിയതെന്ന് കുഞ്ചാക്കോ ബോബന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഈ സിനിമയില്‍ കുഴി മാത്രമല്ല പ്രശ്‌നം, കുഴി ഒരു പ്രധാന കാരണമാണ്. അത് ഏതൊക്കെ രീതിയില്‍ സാധരണക്കാരനെ ബാധിക്കും എന്നത് തമാശ രൂപേണയും പരിഹാസ രൂപേണയും പറയുന്ന ഒരു ഇമോഷണല്‍ ഡ്രാമയാണ് ഈ സിനിമ. കൊവിഡിന് മുമ്പുള്ള കാലഘട്ടം മുതല്‍ കൊവിഡ് കാലഘട്ടം അടക്കമുള്ള സമയത്തിലൂടെയാണ് സിനിമ കടന്നു പോകുന്നതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

തമിഴ്‌നാട്ടില്‍ നടന്ന ഒരു സംഭവമാണ്. അതിനെ അടിസ്ഥാനമാക്കിയാണ് സിനിമ എടുത്തിരിക്കുന്നത്. കേരളത്തിലെ കുഴി പോലുമല്ല. അങ്ങനെ വന്നാല്‍ തമിഴ്‌നാട്ടിലെ സര്‍ക്കാരിനെതിരാണ് സിനിമ എന്ന് പോലും പറയേണ്ടി വരുമെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ എന്നാണ് പോസ്റ്ററിലെ പരസ്യവാചകം. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം നടന്നു. സര്‍ക്കാരിനെതിരെയാണ് പരസ്യമെന്നതടക്കമുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ചാക്കോ ബോബന്‍ വിശദീകരണം നല്‍കി രംഗത്തെത്തിയത്.

കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍

ഈ പറയുന്ന കാര്യങ്ങളില്‍ ഒരു സത്യമുണ്ട്. ആ സത്യം എന്താണെന്ന് മനസിലാക്കി അതിനോട് പ്രതികരിക്കുക എന്നത് ചെയ്യേണ്ട കാര്യമാണ്. അതിനേക്കാളുപരി കുറച്ചുകൂടി വിശാലമായി ചിന്തിച്ച് ഇതിന്റെ മറ്റു തലങ്ങളിലേക്ക് പോവുക. ഈ സിനിമയില്‍ കുഴി മാത്രമല്ല പ്രശ്‌നം, കുഴി ഒരു പ്രധാന കാരണമാണ്. അത് ഏതൊക്കെ രീതിയില്‍ സാധരണക്കാരനെ ബാധിക്കും എന്നത് തമാശ രൂപേണയും പരിഹാസ രൂപേണയും പറയുന്ന ഒരു ഇമോഷണല്‍ ഡ്രാമയാണ് ശരിക്കും ഈ സിനിമ. കൊവിഡിന് മുമ്പുള്ള കാലഘട്ടം മുതല്‍ കൊവിഡ് കാലഘട്ടം അടക്കമുള്ള സമയത്തിലൂടെയാണ് സിനിമ കടന്നു പോകുന്നത്.

ഒരു കോര്‍ട്ട് റൂം ഡ്രാമ എന്ന് പറയുമ്പോള്‍ ഒരു ദിവസം തന്നെ നടക്കുന്നു വിധി പറയുന്നു എന്ന് പറയാതെ ഇതിന്റെ ഒരു നാച്ചുറല്‍ ഗ്രോത്ത് സിനിമയില്‍ കാണിക്കുന്നുണ്ട്. പിന്നെ ഏതെങ്കിലും ഒരു വിഭാഗം രാഷ്ട്രീയക്കാരെയോ ജനവിഭാഗത്തെയോ ടാര്‍ഗറ്റ് ചെയ്യുന്ന ഒന്ന് അല്ല ഇത്.

മാറി മാറി വരുന്ന ഏത് രാഷ്ട്രീയക്കാരാണെങ്കിലും സാധാരണക്കാരന്റെ അവസ്ഥകള്‍ മനസിലാക്കുക എന്ന രീതിയില്‍ ആണ് ഉദ്ദേശിച്ചത്. അതുപോലെ ബ്യൂറോക്രാറ്റ്‌സിന് മനസിലാകുന്ന തരത്തിലേക്ക് എത്തിക്കുന്നു, ഏതൊക്കെ തലത്തില്‍ ഈ പ്രശ്‌നങ്ങള്‍ നടക്കുന്നു എന്നത് വളരെ സിംപിള്‍ ആയിട്ട് എല്ലാവര്‍ക്കും മനസിലാകുന്ന രീതിയില്‍ ഹ്യൂമറിന്റെ അകമ്പടിയോടെ ചെയ്തിട്ടുള്ള സിനിമയാണ് ഇത്.

സിനിമയെ സംബന്ധിച്ചിടത്തോളം ഒരു മുന്‍കാല കള്ളന്‍ നന്നായി ജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു കുഴി അയാളുടെ ജീവിതത്തെ എങ്ങനെ മാറ്റി മറിക്കുന്നു എന്നുള്ളത് ഒരു സമൂഹത്തെകൂടെ മനസിലാക്കുന്ന രീതിയില്‍ ആള്‍ക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ അവതരിപ്പിച്ചു എന്നതാണ്.

സിനിമ കണ്ട് കഴിഞ്ഞ ആളുകളോട് ചോദിക്കുക എന്നതാണ് എനിക്ക് പറയാനുള്ളത്. വ്യക്തിപരമായി ഈ പരസ്യം കണ്ടപ്പോള്‍ ഞാന്‍ ചിരിച്ച ഒരു ആള്‍ ആണ്. ഈ സിനിമ എന്ത് പ്രതികരണമാണ് നല്‍കുന്നതെന്ന് അത് കണ്ട് കൈയടിച്ചവര്‍ക്ക് പറയാനാകും.

പിന്നെ ഇത് തമിഴ്‌നാട്ടില്‍ നടന്ന ഒരു സംഭവമാണ്. അതിനെ അടിസ്ഥാനമാക്കിയാണ് സിനിമ എടുത്തിരിക്കുന്നത്. കേരളത്തിലെ കുഴി പോലുമല്ല. അങ്ങനെ വന്നാല്‍ തമിഴ്‌നാട്ടിലെ സര്‍ക്കാരിനെതിരാണ് സിനിമ എന്ന് പോലും പറയേണ്ടി വരും.

Related Stories

No stories found.
logo
The Cue
www.thecue.in