ആകുലത ആരാന്റെ കുട്ടികളുടെ കാര്യത്തില്‍ മാത്രം; സ്ത്രീകള്‍ വിദ്യ നേടുന്നതിലെ അസഹിഷ്ണുതയാണ് സമസ്തയ്‌ക്കെന്ന് കെ ടി ജലീല്‍

ആകുലത ആരാന്റെ കുട്ടികളുടെ കാര്യത്തില്‍ മാത്രം; സ്ത്രീകള്‍ വിദ്യ നേടുന്നതിലെ അസഹിഷ്ണുതയാണ് സമസ്തയ്‌ക്കെന്ന് കെ ടി ജലീല്‍

പത്താം ക്ലാസുകാരിയെ പൊതുവേദിയില്‍ അപമാനിച്ച സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയ സമസ്ത നേതാക്കള്‍ക്കെതിരെ എം.എല്‍.എ കെ.ടി ജലീല്‍. സ്ത്രീകള്‍ വിദ്യ അഭ്യസിക്കുന്നതില്‍ അസഹിഷ്ണുതയുള്ളവരാണ് ഇത്തരം നിലപാട് എടുക്കുന്നതെന്ന് ജലീല്‍ പറഞ്ഞു. ആരാന്റെ മക്കളുടെ കാര്യത്തിലാണ് ആകുലതയെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു പ്രതികരണം.

സമസ്തയുടെ നിലപാടുകളെ മുസ്ലീം മത വിശ്വാസികള്‍ പുച്ഛിച്ച് തള്ളും. അവകാശങ്ങള്‍ ലംഘിക്കുന്നത് വിശ്വാസപരമായി ശരിയല്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് അവര്‍ നിലപാട് തിരുത്തിയത്. സൗദിയുടെ അമേരിക്കന്‍ അംബാസിഡറായി സ്ത്രീയെ നിയമിച്ച കാലമാണിതെന്നും ജലീല്‍ പറഞ്ഞു.

'സമസ്തയുടെ ഭാരവാഹികളില്‍ ആരും തങ്ങളുടെ മക്കളെ ഉന്നത വിദ്യാഭ്യാസത്തിന് അയക്കാതിരുന്നില്ല. എം.ബി.ബി.എസിന് അഡ്മിഷന്‍ കിട്ടിയാലും സര്‍ക്കാര്‍ ജോലി കിട്ടിയാലും പരപുരുഷന്മാരുമായി ഇടപഴകേണ്ടി വരുമെന്ന് പറഞ്ഞ് ഇവര്‍ വീട്ടില്‍ ഇരുത്തുന്നില്ല. ആരാന്റെ മക്കുടെ കാര്യത്തില്‍ മാത്രമാണ് ആകുലതുള്ളത്,' കെ.ടി ജലീല്‍ പറഞ്ഞു.

കേരളത്തിലെ മെഡിക്കല്‍ കോളേജുകളിലും എന്‍ജിനീയറിംഗ് കോളേജുകളിലും നോക്കിയാല്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടികളെ കാണാം. ഇവര്‍ പറയുന്നത് അനുസരിക്കുന്ന മുസ്ലിം മത വിശ്വാസികള്‍ കേരളത്തില്‍ ഇല്ലെന്ന് കാണാന്‍ സാധിക്കുമെന്നും ജലീല്‍ പറഞ്ഞു.

സമസ്തയുടെ നിലപാടുകളോട് വിയോജിക്കാനും ഇന്ത്യന്‍ ഭരണഘടന പ്രകാരം അവകാശമുണ്ടെന്നും ജലീല്‍ പറഞ്ഞു.

സുന്നി വിഭാഗത്തിലുള്ള മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന കുറെ കുട്ടികള്‍ ഉണ്ട്. മദ്രസയിലെ പോലെ മറകെട്ടിയല്ല അവിടെ പഠിപ്പിക്കുന്നത്. ഈ ജല്‍പ്പനങ്ങല്‍ മുസ്ലിം സമുദായം തള്ളിക്കളയുമെന്നത് വ്യക്തമാണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.