മന്ത്രിയുടെ വീട്ടിലെ കുട്ടികള്‍ക്ക് കണ്‍സഷന്‍ അപമാനമായിരിക്കും, ബാധ്യത വിദ്യാര്‍ത്ഥികളുടെ തലയില്‍ അടിച്ചേല്‍പ്പിക്കരുത്: കെഎസ്‌യു

മന്ത്രിയുടെ വീട്ടിലെ കുട്ടികള്‍ക്ക് കണ്‍സഷന്‍ അപമാനമായിരിക്കും, ബാധ്യത വിദ്യാര്‍ത്ഥികളുടെ തലയില്‍ അടിച്ചേല്‍പ്പിക്കരുത്: കെഎസ്‌യു

ഗതാഗതി മന്ത്രി ആന്റണി രാജു വിദ്യാര്‍ത്ഥി കണ്‍സഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ. എം അഭിജിത്ത് ദ ക്യുവിനോട്. മന്ത്രി പ്രതിനിധീകരിക്കുന്ന മത്സ്യബന്ധന കുടുംബങ്ങളെയോ, കര്‍ഷകനെയോ, കച്ചവടക്കാരനെയോ പാവപ്പെട്ടവനെയോ കാണാന്‍ അദ്ദേഹം ശ്രമിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരു പ്രസ്താവന അദ്ദേഹം നടത്തില്ലായിരുന്നു. ഇന്നും ഒരുപാട് വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും കെ.എം അഭിജിത്ത് പറഞ്ഞു.

ബസ് വ്യവസായം നടത്തുന്ന ആളുകള്‍ ബുദ്ധിമുട്ടിലാണ്. അവര്‍ക്ക് ഡീസല്‍ സബ്‌സിഡി കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അതിന്റെ കൂടെ ടാക്‌സില്‍ ഇളവ് കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ടാക്‌സില്‍ ഇളവ് കൊടുത്തും ഡീസല്‍ സബ്‌സിഡി കൊടുത്തുമൊക്കെയാണ് ബസ് വ്യവസായത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടത്. അത്തരം നടപടികളില്‍ നിന്ന് ഒളിച്ചോടികൊണ്ട് ബാധ്യത പൊതുജനത്തിന്റെയും വിദ്യാര്‍ത്ഥികളുടെയും തലയില്‍ അടിച്ചേല്‍പ്പിക്കാന്‍ നോക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അഭിജിത്ത് പറഞ്ഞു.

ഇന്ന് രണ്ട് രൂപ കൊടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പോലും നാണേക്കാടായി മാറിയിരിക്കുകയാണ്. അവര് പോലും അഞ്ച് രൂപ കൊടുത്തിട്ട് ബാക്കി വാങ്ങിക്കാറില്ലെന്നാണ് മന്ത്രി പറഞ്ഞത്. ഇന്ധന വില ഉയരുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും ബസ് ചാര്‍ജ് വര്‍ധന ഉറപ്പായും നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

കെ എം. അഭിജിത്തിന്റെ പ്രതികരണം

മന്ത്രി ആന്റണി രാജു പറഞ്ഞത് കണ്‍സഷന്‍ കൊടുക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അപമാനമാണ് എന്നാണ്. ഇവിടെ കേരളത്തില്‍ ഇപ്പോള്‍ പഠിക്കുന്ന കുട്ടികളില്‍ തന്നെ കണ്‍സഷന്‍ കൊടുക്കാന്‍ സാധിക്കാത്ത ഒരുപാട് പേരുണ്ട്. പേരാമ്പ്രയില്‍ നിന്ന് കോഴിക്കോടേക്ക് വരുന്ന ഒരു കുട്ടിക്ക് ദിവസവും മുപ്പതോളം രൂപ കണ്‍സഷനായി വേണ്ടി വരികയാണ്. അതുണ്ടാക്കാന്‍ കഷ്ടപ്പെടുന്ന കുട്ടികളുണ്ട്. അത്തരത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളുള്ള നാട് തന്നെയാണ് നമ്മുടെ നാട്. കണ്‍സഷന്‍ കൊടുക്കുന്നത് അപമാനമാണ് എന്ന് പറയുക, ഒരു പക്ഷെ ആന്റണി രാജു അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് മന്ത്രി മന്ദിരത്തിലേക്ക് പോകുമ്പോള്‍ ചുറ്റുമുള്ള ആളുകളെ കാണാന്‍ സാധിക്കാതെ വരുമ്പോഴാണ്. അല്ലെങ്കില്‍ അദ്ദേഹം തന്നെ പ്രതിനിധീകരിക്കുന്ന മത്സ്യബന്ധന കുടുംബങ്ങളെയോ, കര്‍ഷകനെയോ, കച്ചവടക്കാരനെയോ പാവപ്പെട്ടവനെയോ കാണാന്‍ അദ്ദേഹം ശ്രമിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരു പ്രസ്താവന അദ്ദേഹം നടത്തില്ലായിരുന്നു. ഇന്നും ഒരുപാട് വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. കണ്‍സഷന്‍ കൊടുക്കാന്‍ പോലും കഴിയാത്ത കുട്ടികളെ നേരിട്ട് അറിയുന്നതുകൊണ്ട് തന്നെ അത് കൊടുക്കുന്നത് അപമാനമാണെന്ന് തോന്നിയിട്ടില്ല. അങ്ങനെ ഒരു സാഹചര്യത്തില്‍ മന്ത്രി നടത്തിയ പ്രസ്താവന കേരളത്തിന്റെ പൊതു സമൂഹത്തോടും വിദ്യാര്‍ത്ഥികളോടുമുള്ള വെല്ലുവിളിയാണ്. ആ പ്രസ്താവന പിന്‍വലിച്ച് വിദ്യാര്‍ത്ഥി സമൂഹത്തോടും പൊതു സമൂഹത്തോടും ഖേദം പ്രകടിപ്പിക്കാന്‍ മന്ത്രി തയ്യാറാകണം. അത് ഒന്നാമത്തെ കാര്യം. രണ്ട്, ഒരുപക്ഷെ മന്ത്രിയുടെ വീട്ടില്‍ കുട്ടികള്‍ക്ക് കണ്‍സഷന്‍ കൊടുക്കുന്നത് അപമാനമായിരിക്കും. മന്ത്രിയെ സംബന്ധിച്ച് അവര്‍ക്കെല്ലാം എല്ലാ സുഖസൗകര്യങ്ങളുമുണ്ട്. പക്ഷെ കേരളത്തിലെ എല്ലാ ജനതയും അതുപോലെ സുഖസൗകര്യത്തില്‍ ജീവിക്കുന്നവരാണ് എന്ന് പറയരുത്.

പിന്നെ ബസ് വ്യവസായം നടത്തുന്ന ആളുകള്‍ ബുദ്ധിമുട്ടിലാണ്. അവര്‍ക്ക് ഡീസല്‍ സബ്‌സിഡി കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അതിന്റെ കൂടെ ടാക്‌സില്‍ ഇളവ് കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ടാക്‌സില്‍ ഇളവ് കൊടുത്തും ഡീസല്‍ സബ്‌സിഡി കൊടുത്തുമൊക്കെയാണ് ബസ് വ്യവസായത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടത്. അത്തരം നടപടികളില്‍ നിന്ന് ഒളിച്ചോടികൊണ്ട് ബാധ്യത പൊതുജനത്തിന്റെയും വിദ്യാര്‍ത്ഥികളുടെയും തലയില്‍ അടിച്ചേല്‍പ്പിക്കാന്‍ നോക്കുന്ന പ്രവണത അവസാനിപ്പിക്കുകയും ചെയ്യണം.

Related Stories

No stories found.
logo
The Cue
www.thecue.in