കെഎസ്ആര്‍ടിസി ഡ്രൈവര്‍ യൂണിഫോമിലായിരുന്നു; മതപരമായ വസ്ത്രം ധരിച്ച് വണ്ടിയോടിച്ചുവെന്നത് വ്യാജപ്രചരണം

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യൂണിഫോമിലായിരുന്നു; മതപരമായ വസ്ത്രം ധരിച്ച് വണ്ടിയോടിച്ചുവെന്നത് വ്യാജപ്രചരണം

യൂണിഫോമിന് പകരം മതവേഷത്തില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ബസ് ഓടിച്ചുവെന്ന് കാണിച്ച് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത് വ്യാജപ്രചരണം. ഡ്രൈവര്‍ ധരിച്ചിരുന്നത് ശരിയായ യൂണിഫോമാണെന്നും പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധാരണ പരത്തുന്നതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് കെ.എസ്.ആര്‍.ടി.സി വ്യക്തമാക്കി.

വണ്ടിയോടിക്കുന്ന വ്യക്തിയുടെ വസ്ത്രം ഒറ്റനോട്ടത്തില്‍ വെള്ളനിറത്തിലുള്ള കുര്‍ത്ത പോലെ തോന്നിക്കുന്നുണ്ട്. ഡ്രൈവര്‍ ധരിച്ചിരുന്നത് ഫുള്‍ സ്ലീവ് ഷര്‍ട്ടായിരുന്നു. കൂടാതെ ഇസ്ലാം മത വിശ്വാസികള്‍ ഉപയോഗിക്കുന്ന തൊപ്പിയും അദ്ദേഹം ധരിച്ചിരുന്നു. ഇക്കാരണത്താലാണ് അദ്ദേഹം യൂണിഫോമിന് പകരം മതപരമായ വസ്ത്രം ധരിച്ചുവെന്ന വിധത്തില്‍ പ്രചരണം നടക്കുന്നത്.

കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ക്കുള്ള സര്‍ക്കുലറില്‍ ആകാശനീല ഷര്‍ട്ട് ധരിക്കണമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. ഹാഫ് സ്ലീവോ ഫുള്‍ സ്ലീവോ ധരിക്കാം. മതപരമായ ചിഹ്നങ്ങള്‍ ധരിക്കുന്നതില്‍ വിലക്കുമില്ല.

തിരുവനന്തപുരത്തെ പനവിളയിലാണ് സംഭവം നടന്നത്. മാവേലിക്കര ഡിപ്പോയിലേതാണ് കെ.എസ്.ആര്‍.ടി.സി ബസ്. പ്രചരിപ്പിക്കുന്ന ചിത്രം സൂം ചെയ്ത് നോക്കിയാല്‍ സ്‌കൈ ബ്ലൂ ഷര്‍ട്ടും, നേവി ബ്ലൂ പാന്റും തന്നെയാണ് ഡ്രൈവര്‍ ധരിച്ചിരിക്കുന്നതെന്ന് വ്യക്തമാകുന്നുണ്ടെന്നും കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in