കെ എസ് എഫ് ഇ റെയ്ഡില്‍ സംശയമുന ശ്രീവാസ്തവയിലേക്ക്, കടുത്ത അതൃപ്തിയില്‍ സിപിഎമ്മും ഘടക കക്ഷികളും

കെ എസ് എഫ് ഇ റെയ്ഡില്‍ സംശയമുന ശ്രീവാസ്തവയിലേക്ക്, കടുത്ത അതൃപ്തിയില്‍ സിപിഎമ്മും ഘടക കക്ഷികളും

മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്ക്ക് കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് റെയ്ഡില്‍ പങ്കുണ്ടെന്ന വിവരം പുറത്ത് വന്നതോടെ സി.പി.എമ്മില്‍ കടുത്ത അതൃപ്തി.രമണ്‍ ശ്രീവാസ്തവയ്‌ക്കെതിരെയുള്ള ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയതിനെ ശേഷം പരസ്യ പ്രതികരണം മതിയെന്നാണ് സി.പി.എം നേതൃത്വത്തിന്റെ തീരുമാനം. രമണ്‍ ശ്രീവാസ്തവ ഉപദേശകനായ സ്വകാര്യ പണമിടപാട് സ്ഥാപനമുള്‍പ്പെടെയുള്ളവയെ സഹായിക്കാനാണ് കെ.എസ്.എഫ്.ഇക്കെതിരെ അന്വേഷണം നടത്തിച്ചതെന്നാണ് ആരോപണം. വിജിലന്‍സ് ഡയറക്ടര്‍ അവധിയിലിരിക്കെ ചുമതലയിലുണ്ടായിരുന്ന ഐ.ജി. വെങ്കിടേശാണ് റെയ്ഡിന് നിര്‍ദേശം നല്‍കിയത്. രമണ്‍ ശ്രീവാസ്തവയും വെങ്കിടേശും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളുമായി ബന്ധമുള്ള ആളാണെന്നാണ് സി.പി.എമ്മിലെ ഒരുവിഭാഗം തന്നെ ആരോപിക്കുന്നത്. മുഖ്യമന്ത്രിയുടെ വകുപ്പിലൂടെ തന്നെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുകയാണെന്നാണ് വിമര്‍ശനം.

സ്വകാര്യ പണമിടപാട് സ്വാപനമായ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഉപദേശക സ്ഥാനത്ത് രമണ്‍ ശ്രീവാസ്തവ തുടരുന്നുണ്ടെന്നാണ് വെബ്‌സൈറ്റില്‍ കാണിക്കുന്നത്. ധനമന്ത്രി തോമസ് ഐസക്ക് തന്നെ രമണ്‍ ശ്രീവാസ്തവയുടെ പങ്കിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.ബി.ജെ.പി നേതൃത്വത്തിന്റെ നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് കെ.എസ്.എഫ്.ഇയിലെ റെയ്‌ഡെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍. മുതിര്‍ന്ന നേതാവ് ആനത്തലവട്ടം ആനന്ദനും ആരോപണം ഉന്നയിച്ചിരുന്നു. സ്വകാര്യ സ്ഥാപനത്തില്‍ ജോലിയുള്ളപ്പോഴാണോ സര്‍ക്കാരിന്റെ ഉപദേഷ്ടാവായി ഇരുന്നതെന്ന് പരിശോധിക്കണമെന്ന് രാജു എബ്രഹാം എം.എല്‍.എ ആവശ്യപ്പെട്ടിട്ടുണ്ട്.

പരിശോധനയ്ക്കായി ഉദ്യേഗസ്ഥര്‍ എത്തിയാല്‍ ശാഖകളില്‍ കയറ്റരുതെന്ന് ധനമന്ത്രി തോമസ് ഐസക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാനേജ്‌മെന്റിനെ അറിയിച്ച ശേഷമേ പരിശോധന നടത്താന്‍ പാടുള്ളു. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും അറിയാതെയാണ് റെയ്ഡ് നടന്നത്. ഇതിന് പിന്നില്‍ ആരാണെന്ന് അന്വേഷിക്കുന്നുണ്ടെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

രമണ്‍ ശ്രീവാസ്തവയ്‌ക്കെതിരെ നേരത്തെ തന്നെ സി.പി.എമ്മിന് അതൃപ്തിയുണ്ടായിരുന്നു. യു.എ.പി.എ. പൊലീസ് ആക്ട് എന്നിവയില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായത് രമണ്‍ ശ്രീവാസ്തവയുടെ ഉപദേശം കേട്ടത് കൊണ്ടാണെന്നാണ് വിമര്‍ശനം. പന്തീരങ്കാവ് കേസില്‍ അലനും താഹയ്ക്കുമെതിരെ യു.എ.പി.എ ചുമത്തുന്നതിനെതിരെ സി.പി.എം രംഗത്തെത്തിയപ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിനൊപ്പം ഉറച്ചു നില്‍ക്കുകയായിരുന്നു. സര്‍ക്കാരിന്റെ കാര്യങ്ങളില്‍ പാര്‍ട്ടിക്ക് ഇടപെടാന്‍ കഴിയുന്നില്ലെന്ന വിമര്‍ശനവും സി.പി.എമ്മിനുള്ളില്‍ തന്നെയുണ്ട്. റെയ്ഡിനെതിരെ സി.പി.ഐയും രംഗത്ത് വന്നിട്ടുണ്ട്. ധനവകുപ്പിനെ ഇരുട്ടില്‍ നിര്‍ത്തിയത് ശരിയായില്ലെന്നും സംസ്ഥാനത്തിന്റെ വികസന പ്രക്രിയയില്‍ പങ്കാളിയായ ധനകാര്യ സ്ഥാപനത്തെയാണ് സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയതെന്നും ജനയുഗം എഡിറ്റോറിയല്‍ കുറ്റപ്പെടുത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in