പിസി ജോര്‍ജിന് സിബിഐ 5 കാണണമെന്ന് പറഞ്ഞിരുന്നെങ്കില്‍ പോലീസ് അതും ചെയ്യുമായിരുന്നു: വിമര്‍ശനവുമായി കെ.എസ് ശബരീനാഥന്‍

പിസി ജോര്‍ജിന് സിബിഐ 5 കാണണമെന്ന് പറഞ്ഞിരുന്നെങ്കില്‍ പോലീസ് അതും ചെയ്യുമായിരുന്നു: വിമര്‍ശനവുമായി കെ.എസ് ശബരീനാഥന്‍

വിദ്വേഷ പ്രസംഗം നടത്തിയതിന്‍റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത പി.സി ജോര്‍ജിന് ജാമ്യം അനുവദിച്ച നടപടിയെ ചോദ്യം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എസ് സബരീനാഥന്‍. അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്ന വഴി പിസി ജോർജിന് സിബിഐ 5 കാണണം എന്ന് പറഞ്ഞിരുന്നെങ്കില്‍ അതും പോലീസ് ചെയ്യുമായിരുന്നുവെന്ന് ശബരീനാഥന്‍ പരിഹസിച്ചു.

യുത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച "സമര തെരുവ്" എന്ന പരിപാടിയിൽ സംസാരിക്കുകയാരുന്നു അദ്ദേഹം. പിസി ജോർജിനെ പോലിസ് അറസ്റ്റ് ചെയ്തത് കണ്ണിൽ പെടിയിടാൻ ആണ്. വർഗീയത പ്രചരിപ്പിക്കുന്നർക്ക് പുർണ്ണ പിന്തുണയാണ് പോലീസ് നൽകുന്നത്. വീട്ടിൽ നിന്നും അറസ്റ്റ് ചെയ്ത്, സ്വന്തം കാറിൽ സഞ്ചരിച്ച്, കൊട്ടാരക്കരയിൽ ഇഷ്ടമുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച്, കോടതിയിൽ ഹാജരാക്കിയപ്പോൾ കോടതിയിൽ എപിപി പോലും ഹാജരാകാതെ സർക്കാർ അറസ്റ്റ് നാടകം നടത്തുകയായിരുന്നു. ശബരീനാഥൻ അഭിപ്രായപ്പെട്ടു.

വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റ് ചെയ്ത പി.സി ജോര്‍ജിന് ഉപാധികളോടെ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. സാക്ഷികളെ സ്വാധീനിക്കരുത്, വിദ്വേഷ പരാമര്‍ശങ്ങള്‍ ഉണ്ടാകരുത് എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം. എന്നാല്‍ പറഞ്ഞ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ മുസ്ലിം തീവ്രവാദികള്‍ക്കുള്ള റംസാന്‍ സമ്മാനമാണ് തന്റെ അറസ്റ്റെന്നുമാണ് ജാമ്യം ലഭിച്ച ശേഷം പി.സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലായിരുന്നു പി.സി ജോര്‍ജ് മുസ്ലിങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗം നടത്തിയത്. മുസ്ലീം ഹോട്ടലുകളില്‍ ചായയില്‍ ഫില്ലര്‍ ഉപയോഗിച്ച് മിശ്രിതം ചേര്‍ത്ത് ഹിന്ദുക്കളെ വന്ധ്യംകരിക്കുന്നുണ്ടെന്നും മുസ്ലീങ്ങള്‍ ജനസംഖ്യ വര്‍ധിപ്പിച്ച് കേരളത്തെ മുസ്ലീംരാഷ്ട്രമാക്കാനാണ് നോക്കുന്നതെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. ലവ് ജിഹാദ് വഴി ഹിന്ദു-ക്രിസ്ത്യന്‍ യുവതികളെ തട്ടിയെടുത്ത് ഭീകരവാദികള്‍ക്ക് ബലാല്‍സംഗം ചെയ്യാന്‍ നല്‍കുന്നുണ്ടെന്നും ഹിന്ദുക്കള്‍ ക്ഷേത്രങ്ങളില്‍ പണം നല്‍കിയാല്‍ അത് സര്‍ക്കാര്‍ മറ്റ് കാര്യങ്ങള്‍ക്ക് വിനിയോഗിക്കുമെന്ന വ്യാജവാദവും പി.സി ജോര്‍ജ്ജ് ആവര്‍ത്തിച്ചിരുന്നു. ക്ഷേത്രങ്ങളുടെ നിയന്ത്രണം ലഭിക്കാന്‍ ഹിന്ദുസംഘടനകള്‍ യുദ്ധത്തിനൊരുങ്ങണമെന്നും പി.സി.ജോര്‍ജ്ജ് വേദിയില്‍ പ്രസംഗിച്ചിരുന്നു.