റിയാസിനെതിരായ വക്രീകരിച്ച വാക്കുകള്‍ അപരിഷ്‌കൃതം, പൊതുസമൂഹം അവജ്ഞയോടെ തള്ളിക്കളയും; കെ എസ് ശബരീനാഥന്‍

റിയാസിനെതിരായ വക്രീകരിച്ച വാക്കുകള്‍ അപരിഷ്‌കൃതം, പൊതുസമൂഹം അവജ്ഞയോടെ തള്ളിക്കളയും; കെ എസ് ശബരീനാഥന്‍

പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസിനെതിരെ ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായി നടത്തിയ പരാമര്‍ശം അപരിഷ്‌കൃതമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.എസ് ശബരീനാഥന്‍. പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ വിവാഹം ചെയ്തതിനെ വക്രീകരിക്കുകയാണ് അബ്ദുറഹ്‌മാന്‍ ചെയ്തതെന്നും ശബരീനാഥന്‍ ഫെയ്‌സുബുക്കില്‍ കുറിച്ചു.

സമൂഹത്തില്‍ ഇത്തരം സങ്കുചിത ചിന്താഗതികള്‍ ഉണ്ടായതിനുശേഷം കല്ലായി പുഴയിലൂടെ ഏറെ വെള്ളം ഒഴുകിപോയത് ഉള്‍ക്കൊള്ളണം എന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും ശബരീനാഥന്‍ കുറിച്ചു.

മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി കഴിഞ്ഞ ദിവസം കോഴിക്കോട് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയിലെ പ്രസംഗത്തിലായിരുന്നു റിയാസിനെതിരായ പരാമര്‍ശം. റിയാസിന്റേത് വിവാഹമല്ലെന്നും വ്യഭിചാരമാണെന്നുമായിരുന്നു അബ്ദുറഹ്‌മാന്‍ കല്ലായിയുടെ പരാമര്‍ശം.

'മുന്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ ഇത് വിവാഹമാണോ. വ്യഭിചാരമാണ്, അത് വിളിച്ചുപറയാന്‍ ചങ്കൂറ്റം വേണം, തന്റേടം വേണം. സി.എച്ച്. മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള്‍ പ്രകടിപ്പിക്കണം'' എന്നായിരുന്നു അബ്ദുറഹ്‌മാന്‍ കല്ലായിയുടെ പരാമര്‍ശം.

എന്നാല്‍ പരാമര്‍ശം വിവാദമായതോടെ അബ്ദുറഹ്‌മാന്‍ കല്ലായി മാപ്പു പറഞ്ഞ് രംഗത്തെത്തി.

വ്യക്തി ജീവിതത്തില്‍ മതപരമായ കാഴ്ച്ചപ്പാടാണ് താന്‍ പ്രസംഗത്തില്‍ സൂചിപ്പിക്കാന്‍ ഉദ്ദേശിച്ചത്. അത് ആരെയും വ്യക്തിപരമായോ കുടുംബപരമായോ വേദനിപ്പിക്കാന്‍ ലക്ഷ്യം വെച്ചായിരുന്നില്ല. അങ്ങനെ സംഭവിച്ചതില്‍ എനിക്ക് അതിയായ ദുഖമുണ്ട്. പ്രസ്തുത പരാമര്‍ശത്തില്‍ ഞാന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് അബ്ദുറഹ്‌മാന്‍ കല്ലായി പ്രസ്താവനയില്‍ പറഞ്ഞത്.

ശബരീനാഥന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കേരളത്തിന്റെ, പ്രത്യേകിച്ച് മലബാറിന്റെ സാമൂഹികവളര്‍ച്ചയില്‍ മുസ്ലിം ലീഗിന്റെ സംഭാവന അതുല്യമാണ്. ഇപ്പോള്‍ വഖഫ് വിഷയത്തിലും മുസ്ലിം ലീഗ് എടുത്ത നിലപാടും ശരിയാണ് എന്ന് തെളിയിക്കുന്ന രീതിയിലായിരുന്നു കോഴിക്കോട് കടപ്പുറത്ത് ഇന്നലെ നടന്ന പതിനായിരങ്ങളുടെ മഹാസംഗമം. ഈ വിഷയത്തിന്റെ ചരിത്രവഴികള്‍, കാലിക പ്രസക്തി, ഇടതുപക്ഷരാഷ്ട്രീയതന്ത്രം എന്നിവയില്‍ വ്യക്തത വരുത്തിക്കൊണ്ടുള്ള ഭൂരിഭാഗ പ്രസംഗങ്ങളും ഒന്നിന്നൊന്ന് മികച്ചതായിരുന്നു.

എന്നാല്‍ ഇതേ സദസ്സില്‍ ശ്രീ അബ്ദുറഹ്‌മാന്‍ കല്ലായി നടത്തിയ പ്രസംഗത്തോട് പൂര്‍ണ്ണമായും വിയോജിക്കുകയാണ്. പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ വിവാഹം ചെയ്തതിനെ വക്രീകരിച്ച അദ്ദേഹത്തിന്റെ വാക്കുകള്‍ അപരിഷ്‌കൃതമാണ്, പൊതുസമൂഹം അവജ്ഞയോടെ അതിനെ തള്ളിക്കളയുകയും ചെയ്യും.

സമൂഹത്തില്‍ ഇത്തരം സങ്കുചിത ചിന്താഗതികള്‍ ഉണ്ടായതിനുശേഷം കല്ലായി പുഴയിലൂടെ ഏറെ വെള്ളം ഒഴുകിപോയത് ഉള്‍ക്കൊള്ളണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

വഖഫ് വിഷയത്തില്‍ നാടിനൊപ്പം, ലീഗിനൊപ്പം.....

Related Stories

No stories found.
logo
The Cue
www.thecue.in