മീനച്ചിലാര്‍ ഒഴുകുന്ന താലൂക്കുകള്‍ക്ക് മാത്രമായി യൂത്ത് കോണ്‍ഗ്രസിന് പ്രത്യേക നിലപാടില്ല; ദീപികയ്ക്ക് കെ.എസ് ശബരീനാഥന്റെ മറുപടി

മീനച്ചിലാര്‍ ഒഴുകുന്ന താലൂക്കുകള്‍ക്ക് മാത്രമായി യൂത്ത് കോണ്‍ഗ്രസിന് പ്രത്യേക നിലപാടില്ല; ദീപികയ്ക്ക് കെ.എസ് ശബരീനാഥന്റെ മറുപടി
Published on

പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയെ പിന്തുണച്ച് വീണ്ടും ലേഖനമെഴുതിയ ദീപികയ്‌ക്കെതിരെ കെ.എസ് ശബരീനാഥന്‍. ജാഗ്രത പുലര്‍ത്താന്‍ പറയുന്നത് അവിവേകമോ എന്ന പേരില്‍ ദീപിക എഴുതിയ ലേഖനത്തില്‍ യൂത്ത് കോണ്‍ഗ്രസിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ചതിനെതിരെയാണ് ശബരീനാഥന്‍ രംഗത്തെത്തിയത്.

മീനച്ചിലാര്‍ ഒഴുകുന്ന താലൂക്കുകള്‍ക്ക് മാത്രമായി യൂത്ത് കോണ്‍ഗ്രസിന് ഒരു പ്രത്യേക നിലപാടില്ലെന്നും കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്ന മതേതര നിലപാട് മാത്രമാണ് ഉള്ളതെന്നും ശബരീനാഥ് മറുപടി പറഞ്ഞു.

'യൂത്ത് കോണ്‍ഗ്രസ് എന്ന സംഘടനയ്ക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷതയുടെയും ഏകത്വത്തിന്റെയും ഉറച്ച നിലപാടാണ് എവിടെയും ഉള്ളത്. അല്ലാതെ മീനച്ചലാര്‍ ഒഴുകുന്ന താലൂക്കുകള്‍ക്ക് മാത്രമായി യൂത്ത് കോണ്‍ഗ്രസിന് ഒരു പ്രത്യേക നിലപാടില്ല എന്ന് മനസ്സിലാക്കുന്നത് നല്ലതായിരിക്കും,' ശബരീനാഥന്‍ പറഞ്ഞു.

പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് എന്ന വിവാദ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, പിടി തോമസ്, കെ എസ് ശബരീനാഥന്‍ തുടങ്ങി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി ദീപിക പത്രം ലേഖനം പ്രസിദ്ധീകരിച്ചത്.

നാര്‍ക്കോട്ടിക് ജിഹാദ് എന്ന പരാമര്‍ശം ആദ്യമായി കേള്‍ക്കുകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രിയെയും ലേഖനം വിമര്‍ശിച്ചു.

ശബരീനാഥന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്നത്തെ ദീപികയുടെ മുഖപ്രസംഗ പേജില്‍ ' ജാഗ്രത പുലര്‍ത്താന്‍ പറയുന്നത് അവിവേകമോ' എന്ന ലേഖനം വായിച്ചു. പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തോട് എതിര്‍പ്പു രേഖപ്പെടുത്തിയതില്‍ കോണ്‍ഗ്രസിനെയും യൂത്ത് കോണ്‍ഗ്രസിനെയും അതില്‍ വിമര്‍ശിക്കുന്നുണ്ട്. വിമര്‍ശനത്തില്‍ തെറ്റില്ല, അതിന്റെ ശരിതെറ്റുകള്‍ ജനം വിലയിരുത്തും.

ദീപികയിലെ വരികള്‍ ഇതാണ്-'........ കല്ലറങ്ങാട്ട് പിതാവ് പറഞ്ഞതാണ് സത്യം എന്ന് പറഞ്ഞ യൂത്ത് കോണ്‍ഗ്രസുകാരെ വിമര്‍ശിക്കുവാന്‍ ശബരീനാഥന്‍ അടക്കമുള്ള നേതാക്കള്‍ വല്ലാത്ത തിടുക്കം കാട്ടി. പാലായിലെ യൂത്ത് കോണ്‍ഗ്രസുകാരെ ശബരീനാഥന്‍ അറിയണമെന്നില്ല. നൂലില്‍ കെട്ടി ഇറക്കപ്പെട്ടവനാണല്ലോ'

പത്രത്തിന്റെ അറിവിലേക്കായി പറയുന്നു-യൂത്ത് കോണ്‍ഗ്രസ് എന്ന സംഘടനയ്ക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷതയുടെയും ഏകത്വത്തിന്റെയും ഉറച്ച നിലപാടാണ് എവിടെയും ഉള്ളത്. അല്ലാതെ മീനച്ചലാര്‍ ഒഴുകുന്ന താലൂക്കുകള്‍ക്ക് മാത്രമായി യൂത്ത് കോണ്‍ഗ്രസിന് ഒരു പ്രത്യേക നിലപാടില്ല എന്ന് മനസ്സിലാക്കുന്നത് നല്ലതായിരിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in