'പരാജയപ്പെട്ടത് ഇ.പി, മാസ്റ്റർ ബ്രെയിൻ മുഖ്യമന്ത്രി'; ഇ.പി ജയരാജനെതിരെ കേസെടുക്കാനുള്ള ഉത്തരവിലൂടെ സത്യം പുറത്തുവരുന്നെന്ന് ശബരിനാഥൻ

'പരാജയപ്പെട്ടത് ഇ.പി, മാസ്റ്റർ ബ്രെയിൻ മുഖ്യമന്ത്രി'; ഇ.പി ജയരാജനെതിരെ കേസെടുക്കാനുള്ള ഉത്തരവിലൂടെ സത്യം പുറത്തുവരുന്നെന്ന് ശബരിനാഥൻ

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെതിരെ കേസെടുക്കണമെന്ന കോടതി ഉത്തരവിനെ സ്വാ​ഗതം ചെയ്ത് യൂത്ത് കോൺ​ഗ്രസ്.

കോടതിയിലൂടെ സത്യം പതുക്കെ പുറത്ത് വരുന്നുവെന്ന് വിഷയത്തിൽ യൂത്ത് കോൺ​ഗ്രസ് നേതാവും മുൻ എം.എൽ.എയുമായ കെ.എസ് ശബരിനാഥൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ കഴിഞ്ഞ ദിവസം പൊലീസ് ശബരിനാഥനെ അറസ്റ്റ് ചെയ്തിരുന്നു.

ശബരിനാഥന്റെ പ്രതികരണം

കോടതിയിലൂടെ സത്യം പതുക്കെ പുറത്തുവരുന്നു. യൂത്ത് കോൺ​ഗ്രസ് ഈ വിഷയത്തിൽ തുടക്കം മുതലേ പറയുന്ന കാര്യങ്ങൾ ശരിയാണെന്ന് വീണ്ടും തെളിയുകയാണ്. പ്രതിപക്ഷം പറയുന്നതാണ് ശരിയെന്ന കാര്യം വീണ്ടും വീണ്ടും കോടതി വിധിയിലൂടെ പുറത്തുവരികയാണ്. നിയമപോരാട്ടം വളരെ ശക്തമായി തന്നെ യൂത്ത് കോൺ​ഗ്രസ് മുന്നോട്ട് കൊണ്ടുപോകും. ഇതിനകത്ത് ഇന്നലെ പറഞ്ഞ പോലെ മാസ്റ്റർ ബ്രെയിൻ കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനും അത് എക്സിക്യൂട്ട് ചെയ്യാൻ ശ്രമിക്കാൻ നോക്കിയിട്ട് പരാജയപ്പെട്ടത് ഇ.പി ജയരാജനുമാണ്.

ഇ.പി. ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാനാണ് കോടതി ഉത്തരവ്.

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ അനില്‍ കുമാര്‍ സുനീഷ് എന്നിവര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടിരിക്കുന്നത്. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയിലാണ് നടപടി. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച സംഭവത്തില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കെഎസ് ശബരിനാഥനെതിരെയും പൊലീസ് കേസ് എടുത്തിരുന്നു.

വലിയതുറ പൊലീസിനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് ഉത്തരവ്.

Related Stories

No stories found.
logo
The Cue
www.thecue.in