'മുഖ്യമന്ത്രി ഭീരു, ഇതാണ് കേരളം, കേരളത്തിലെ പൊലീസ്'; അറസ്റ്റിന് പിന്നാലെ ശബരിനാഥൻ

'മുഖ്യമന്ത്രി ഭീരു, ഇതാണ് കേരളം, കേരളത്തിലെ പൊലീസ്'; അറസ്റ്റിന് പിന്നാലെ ശബരിനാഥൻ

മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി കെ.എസ് ശബരിനാഥൻ. മുഖ്യമന്ത്രി വെറു ഭീരുവാണെന്ന് ശബരിനാഥൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

'മുഖ്യമന്ത്രി എന്തുമാത്രം ഭീരുവാണെന്നുള്ളതും. ആ ഭീരുവായിട്ടുള്ള മുഖ്യമന്ത്രിയെ കേരളത്തിലെ പൊലീസ് സംരക്ഷിക്കുന്നതിന്റെയും ഉദാഹരണമാണ് കാണുന്നത്. നിയമപരമായി പാർട്ടിയും യൂത്ത് കോൺ​ഗ്രസും എല്ലാ കാര്യങ്ങളും ചെയ്യും. കോടതിയിൽ ജാമ്യത്തിന് അപേക്ഷിച്ചിട്ടുണ്ട്. ഇതാണ് കേരളം, കേരളത്തിലെ പൊലീസ്, കേരളത്തിലെ ജനാധിപത്യം,' ശബരിനാഥൻ പറഞ്ഞു.

ചൊവ്വാഴ്ചയാണ് മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ കെ.എസ് ശബരിനാഥനെ അറസ്റ്റ് ചെയ്യുന്നത്. വിഷയത്തിൽ ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാ​കാൻ ശബരിനാഥന് പൊലീസ് നോട്ടീസ് നൽകിയിരുന്നു. ഇക്കാര്യത്തിൽ ശബരിനാഥന്റെ മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിക്കുമ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്.

കഴിഞ്ഞ ദിവസം യൂത്ത് കോൺ​ഗ്രസിന്റെ ഒരു വാട്സ്ആപ്പ് ​ഗ്രൂപ്പിൽ കെ.എസ് ശബരിനാഥൻ മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിക്കാൻ കഴിഞ്ഞാൽ നന്നാകും എന്ന് പറയുന്നതിന്റെ സ്ക്രീൻ ഷോട്ടുകൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശബരിനാഥനെ നേരിട്ട് വിളിച്ച് ചോദ്യം ചെയ്യുന്നത്.

അതേസമയം അറസ്റ്റ് സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഭീരുത്വമെന്ന് ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു. പൊലീസ് വ്യാജ അറസ്റ്റ് രേഖയുണ്ടാക്കുകയാണെന്നും കേരളത്തിലെ പൊലീസ് മുഖ്യമന്ത്രി പിണറായി വിജയന്റെ അടിമയെ പോലെ പെരുമാറുന്നെന്നും ഷാഫി പറമ്പിൽ.

Related Stories

No stories found.
logo
The Cue
www.thecue.in