ജീവനക്കാരായ പെണ്ണുങ്ങള്‍ ഉടുത്തൊരുങ്ങി വന്ന് പരാതി പറയുന്നു, സിനിമാ താരങ്ങളുടെ സ്‌റ്റൈലില്‍: അധിക്ഷേപവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍

ജീവനക്കാരായ പെണ്ണുങ്ങള്‍ ഉടുത്തൊരുങ്ങി വന്ന് പരാതി പറയുന്നു, സിനിമാ താരങ്ങളുടെ സ്‌റ്റൈലില്‍: അധിക്ഷേപവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍

കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സമരത്തില്‍ പരാതി ഉന്നയിച്ച ശുചീകരണ തൊഴിലാളികളെ പരിഹസിച്ചും സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയും ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ജീവനക്കാരായ സ്ത്രീകള്‍ ഉടുത്തൊരുങ്ങി വന്ന് പരാതി പറയുകയാണ് എന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശം. 'നാലഞ്ച് പെണ്ണുങ്ങളുണ്ട് ഇവിടെ ജീവനക്കാരായിട്ട്. അവര്‍ ഉടുത്തൊരുങ്ങി വന്നാണ് പരാതി പറയുന്നത്. കണ്ടാല്‍ ഡബ്ല്യുസിസിക്കാരെ പോലെയാണ്. സിനിമാതാരങ്ങളുടെ സ്റ്റൈലില്‍ ആണ് പരാതി പറയുന്നത്'

ക്‌ളീനിംഗ് സ്റ്റാഫിനോട് കൈ കൊണ്ട് ടോയ്ലെറ്റ് ക്‌ളീന്‍ ചെയ്യാന്‍ ഇന്‍സ്റ്ററ്റിയൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ ആവശ്യപ്പെട്ടെന്ന ആരോപണവും അടൂര്‍ തള്ളി. വീട്ടുജോലിയൊന്നും ചെയ്യിക്കുന്നില്ലെന്നും പക്ഷെ വൃത്തിയാക്കിക്കാറുണ്ടെന്നും പറഞ്ഞു. 'അവിടെ ജോലിക്ക് വന്ന ഒരു കുട്ടിയെ ശങ്കര്‍ മോഹന്റെ ഭാര്യ മോളെ എന്നാണു വിളിക്കാറ്. അത്രക്ക് സ്നേഹം കൊടുത്തിട്ടുണ്ട്. എന്നിട്ട് ആ കുട്ടിയാണ് ആദ്യം ഇവര്‍ക്കെതിരെ മോശമായി പറഞ്ഞത്' അടൂര്‍ പറഞ്ഞു. ന്യൂസ് 18 കേരളയോടാണ് പ്രതികരണം.

ജാതിവിവേചനത്തിനും സംവരണ അട്ടിമറിക്കും എതിരെ ഒരു മാസത്തോളമായി വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം അനാവശ്യമാണെന്നും വിദ്യാര്‍ത്ഥികള്‍ കള്ളം പറയുകയാണെന്നും അടൂര്‍ വാദിക്കുന്നു. 'വിവാദമല്ല, അപവാദമാണ് നടക്കുന്നത്. പഠിക്കാന്‍ വന്ന കുട്ടികള്‍ പഠിച്ചിട്ട് പോണം. സമരം ചെയ്യാന്‍ ഇറങ്ങുകയല്ല വേണ്ടത്. പഠിക്കാന്‍ ആഗ്രഹമില്ലാത്തവര്‍ പിരിഞ്ഞ് പോകണം. ജാതി വിവേചനം നടന്നിട്ടില്ല. സംവരണം അട്ടിമറിക്കപ്പെട്ടിട്ടുമില്ല. ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ യഥാര്‍ത്ഥത്തില്‍ സംവരണത്തിന് അനുകൂലമായാണ് നില്‍ക്കുന്നത്.' അടൂര്‍ പറഞ്ഞു.

സിനിമ മേഖലയില്‍ നിന്ന് വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ച് രംഗത്ത് വന്നവര്‍ക്കെതിരെയും അടൂര്‍ പ്രതികരിച്ചു. ഐഎഫ്എഫ്‌കെയില്‍ പ്രതിഷേധിച്ചവര്‍ വൈകാരിക ജീവികള്‍ ആണെന്നും തന്നോട് കാര്യം ചോദിച്ചു മനസിലാക്കാതെ സമരമെന്ന് കേട്ടതും ചാടിക്കേറി പുറപ്പെട്ടെന്നും അടൂര്‍ കുറ്റപ്പെടുത്തി. കമല്‍, ജിയോ ബേബി, മഹേഷ് നാരായണന്‍ തുടങ്ങി നിരവധി സിനിമാപ്രവര്‍ത്തകര്‍ സമരത്തെ അനുകൂലിച്ച് എത്തിയിരുന്നു. 'ജിയോ ബേബി എന്നെ ഉപയോഗപ്പെടുത്തിയ ആളാണ്. സിനിമ അയച്ചുതന്ന് അഭിപ്രായം ചോദിച്ച ആളാണ്. അയാള്‍ക്ക് നല്ല സര്‍ട്ടിഫിക്കറ്റ് കൊടുത്തയാളാണ്. ചാനലിലേക്ക് അയാളെ പരിചയപ്പെടുത്തിയ ആളാണെന്നും അടൂര്‍.

മുമ്പും വിദ്യാര്‍ത്ഥികളെ തള്ളിപ്പറഞ്ഞ് അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്ത് വന്നിരുന്നു. അന്ന് തുറന്ന കത്തുമായി വിദ്യാര്‍ഥികളും രംഗത്തെത്തി. സമരം ചെയ്യുന്നവര്‍ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണെന്ന് പറയുന്നതിന് മുമ്പ് വിദ്യാര്‍ഥികളോട് സംസാരിക്കാനോ അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാനോ ചെയര്‍മാന്‍ തയാറായിരുന്നോ എന്ന് സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ കത്തില്‍ ചോദിച്ചിരുന്നു. ജാതി വിവേചനം നേരിട്ട വിദ്യാര്‍ഥികളോടോ ജീവനക്കാരോടോ സംസാരിക്കുകയോ ചര്‍ച്ച നടത്തുകയോ ചെയ്യാതെ എല്ലാം നുണയാണെന്ന നിഗമനത്തിലേക്ക് എങ്ങനെയാണ് എത്തിയതെന്നും വിദ്യാര്‍ഥികള്‍ ചോദിച്ചു.

സ്റ്റുഡന്റ്‌സ് കൗണ്‍സിലിന്റെ കത്തിന്റെ പൂര്‍ണ്ണ രൂപം

പ്രിയപെട്ട ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍.

The Cue, TheSouthFirst എന്നീ മാധ്യമങ്ങള്‍ക്ക് താങ്കള്‍ നല്‍കിയ മറുപടികള്‍ കണ്ടു. ഞങ്ങള്‍ അനുഭവിച്ച വിവേചനങ്ങളും പറഞ്ഞ സത്യങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങള്‍ മാത്രമാണ് എന്ന് അങ്ങ് പറഞ്ഞതായി അതിലൂടെ അറിയുന്നു. പെണ്‍കുട്ടികളും മലയാളം സംസാരിക്കാന്‍ പോലും അറിയാത്ത വിദ്യാര്‍ഥികളും ഉള്‍പ്പെട്ട സംഘത്തെ, രാത്രി 11 മണി വരെ, നല്‍കിയ മുറി വരെ ക്യാന്‍സല്‍ ചെയ്ത് തിരുവനന്തപുരം നഗരത്തില്‍ ഇറക്കി വിട്ടത്തിന് താങ്കള്‍ നല്‍കിയ മറുപടിയും വായിച്ചു. കടുത്ത മനുഷ്യാവകാശലംഘനം നേരിട്ട 5 സ്ത്രീകളുടെ തുറന്ന് പറച്ചിലുകളെ നിലനില്‍പിന് വേണ്ടിയുള്ള കേവലം നുണകളായി കണ്ടുള്ള ഉത്തരങ്ങളും ശ്രദ്ധാപൂര്‍വം വായിച്ചു.

താങ്കള്‍ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ വിദ്യാര്‍ഥികളും ജീവനക്കാരും വളരെയേറെ ഗൗരവകരമായ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ താങ്കള്‍ ഇതിനെ കുറിച്ച് ഈ ജീവനക്കാരോടോ, വിദ്യാര്‍ഥികളോടൊ സംസാരിച്ചിട്ടുണ്ടോ?, വിദ്യാര്‍ഥികള്‍ വളരെ വിശദമായി താങ്കള്‍ക്ക് നല്‍കിയ പരാതിയിന്മേല്‍ മറുപടിയോ, ഒരു ചര്‍ച്ചയോ ഉണ്ടായിട്ടുണ്ടോ? പിന്നെ എങ്ങനെയാണ് താങ്കള്‍ ഞങ്ങള്‍ പറഞ്ഞത് മുഴുവന്‍ നുണയാണ് എന്നും, ഞങ്ങള്‍ ഈ മഹത്തായ സ്ഥാപനത്തെ നശിപ്പിക്കുന്നവരാണ് എന്നുമുള്ള ആരോപണങ്ങളിലേക്ക് എത്തിയത്?, ഞങ്ങളുടെ ഏതു പ്രവര്‍ത്തിയാണ് ഈ ആരോപണങ്ങള്‍ക്ക് താങ്കളെ പ്രേരിപ്പിച്ചത്?

താങ്കള്‍ സത്യവാചകം ചൊല്ലി തന്ന് ചുമതലയേറ്റ സ്റ്റുഡന്റ്സ് കൗണ്‍സില്‍ ആണ് ശങ്കര്‍ മോഹന്റെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്നത്. ആരോപണ വിധേയനായ ശങ്കര്‍ മോഹനെ 'കുലീന കുടുംബത്തില്‍ ജനിച്ചയാള്‍' എന്നും വിശേഷിപ്പിച്ചു കണ്ടു. എങ്ങനെയാണ് സാര്‍ ഒരാളുടെ കുടുംബ പശ്ചാത്തലം അയാള്‍ക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കുള്ള മറുപടിയാക്കുന്നത്? എന്ത് കൊണ്ടാണ് താങ്കള്‍ ഈ വ്യക്തിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്?

സംവരണലംഘനവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ് എന്ന് താങ്കള്‍ പറഞ്ഞുവല്ലോ, പിന്നെ എങ്ങനെയാണ് 2022 ബാച്ചിലെ ഡയറക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെ മുഴുവന്‍ സീറ്റിലും ജനറല്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് മാത്രം അഡ്മിഷന്‍ ലഭിച്ചത്?.

എഡിറ്റിങ്ങില്‍ ആകെയുള്ള പത്ത് സീറ്റുകളില്‍ നാലെണ്ണം ഒഴിച്ചിട്ടപ്പോഴും എന്തുകൊണ്ട് ആണ് SC/ST വിഭാഗത്തില്‍ ശരത്ത് എന്ന വിദ്യാര്‍ഥിക്ക് അര്‍ഹതപ്പെട്ട സംവരണ സീറ്റ് നല്‍കാതെ പോയത്? സംവരണ ലംഘനം ഉണ്ടായിട്ടില്ല എങ്കില്‍ എന്തുകൊണ്ടാണ് ആ വിദ്യാര്‍ത്ഥിക്ക് സീറ്റ് നല്‍കണം എന്ന കോടതി ഉത്തരവ് ഉണ്ടായത്? ശങ്കര്‍ മോഹന്‍ പറഞ്ഞ പോലെ യോഗ്യത ഇല്ലാത്ത വിദ്യാര്‍ത്ഥി ആയിരുന്നു ശരത് എങ്കില്‍ എങ്ങനെയാണ് SRFTI കൊല്‍ക്കത്ത പോലെ മികച്ച ഒരു സ്ഥാപനത്തില്‍ അയാള്‍ക്ക് സീറ്റ് ലഭിച്ചത്? ഞങ്ങള്‍ പറയുന്നത് നുണകള്‍ ആണെങ്കില്‍ ഇതു സംബന്ധിച്ച സത്യങ്ങള്‍ താങ്കള്‍ വെളിപ്പെടുത്തുമല്ലോ.

താങ്കളോട് കണ്‍സള്‍ട്ട് ചെയ്ത ശേഷം മാത്രമാണ് ഇന്‍സ്റ്റിറ്റ്യൂട്ടിനകത്ത് എല്ലാം നടക്കുന്നത് എന്ന് താങ്കള്‍ പറഞ്ഞല്ലോ, വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ ലംഘിക്കുന്ന ക്ലോസുകള്‍ അടങ്ങുന്ന മുദ്രപത്രങ്ങള്‍ ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും ഒപ്പിട്ട് വാങ്ങിയത് അങ്ങയുടെ അറിവോട് കൂടെ തന്നെയാണോ?, വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന് പുറത്തേക്ക് പോകാന്‍ HOD യുടെ അനുവാദം വേണം എന്നും അല്ലെങ്കില്‍ പിഴ നല്‍കണം എന്നുമുള്ള ക്ലോസ് താങ്കളുടെ കൂടെ അറിവോടെ ചേര്‍ത്തതാണോ?, മാറി മാറി വരുന്ന ഡയറക്റ്ററുടെ എല്ലാ ഓര്‍ഡറുകളും വിദ്യാര്‍ഥികള്‍ അനുസരിക്കണം എന്നും ഇതൊക്കെ ലംഘിക്കുന്ന പക്ഷം വിദ്യാര്‍ത്ഥിയെ പുറത്താക്കാന്‍ പോലും ഇന്‍സ്റ്റിറ്റ്യൂട്ടിന് കഴിയും എന്നിങ്ങനെ ഉള്ള ക്ലോസുകള്‍ താങ്കള്‍ കൂടെ അറിഞ്ഞു കൊണ്ട് കൊണ്ടുവന്നതാണോ?

ശങ്കര്‍ മോഹന്‍ എന്ന ഡയറക്റുടെ ന്യായങ്ങള്‍ മാത്രം കേട്ടിട്ട് താങ്കള്‍ പ്രതികരിക്കും മുന്‍പേ വിദ്യാര്‍ത്ഥികള്‍ ഈ സ്ഥാപനത്തില്‍ നേരിടുന്ന വിവേചനങ്ങള്‍, ഞങ്ങള്‍ കടന്നു പോകുന്ന മാനസിക സമ്മര്‍ദങ്ങള്‍ എന്നിവയെ കുറച്ചു കൂടി താങ്കള്‍ അറിയേണ്ടതുണ്ട്. വിവേചനം നേരിട്ടു എന്ന് പറഞ്ഞ ജീവനക്കാരെ കൂടി താങ്കള്‍ കേള്‍ക്കേണ്ടതുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in