അതിജീവിതയ്ക്ക് നീതി ലഭിക്കാന്‍ ഏതറ്റം വരെയും പോകും; കോഴിക്കോട് വനിതാ സംഘടനകളുടെ സംഗമം

അതിജീവിതയ്ക്ക് നീതി ലഭിക്കാന്‍ ഏതറ്റം വരെയും പോകും; കോഴിക്കോട് വനിതാ സംഘടനകളുടെ സംഗമം
Published on

നടി ആക്രമിക്കപ്പെട്ട കേസില്‍ നീതി വൈകുന്നതില്‍ വിവിധ വനിതാ സംഘനടകളുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

പരിപാടിയില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൊതു ജനസമക്ഷം വെയ്ക്കണമെന്ന പ്രമേയം പാസാക്കുകയും ഇരകളുടെ സ്വകാര്യത സംരക്ഷിച്ച് റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.

ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് പി എം ഗീത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഡ്വ. മിനി, ദീദി ദാമോദരന്‍, വിജി പെണ്‍കൂട്ട്, ഗിരിജ പാര്‍വതി, ഗാര്‍ഗി, ബൈജു മേരിക്കുന്ന്, കെ രജിത, അഡ്വ.പി.എ. അബിജ, ജിയോ ബേബി തുടങ്ങിയവര്‍ പ്രസംഗിച്ചു.

പീഡനങ്ങളില്‍ പ്രതികള്‍ക്കൊപ്പമാണ് സമൂഹം ഇപ്പോഴും നിലനില്‍ക്കുന്നതെന്നത് ലജ്ജാകരമാണെന്ന് സാമൂഹിക പ്രവര്‍ത്തക കെ. അജിത പറഞ്ഞു.

'ഇത്തരം കേസുകളില്‍ ആക്രമിക്കപ്പെടുന്ന സ്ത്രീയെയാണ് കുറ്റവാളിയായി സമൂഹം കാണുന്നത്. അതേസമയം ആക്രമിച്ച വ്യക്തി എപ്പോഴും ഉയരങ്ങളിലേക്ക് പോകുന്ന കാഴ്ചയായിരിക്കും കാണുക. അവര്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുകയും പണവും സ്വാധീനവും ഉപയോഗിച്ച് അവര്‍ രക്ഷപ്പെടുകയും ചെയ്യുന്നു,' കെ. അജിത പറഞ്ഞു.

നടിയെ ആക്രമിച്ച കേസാണ് മലയാള സിനിമ ചരിത്രത്തിലെ നിര്‍ണായക വഴിത്തിരിവായ ഡബ്ല്യു.സി.സിയ്ക്ക് തുടക്കം കുറിച്ചതെന്ന് ദീദി ദാമോദരനും പറഞ്ഞു.

അന്വേഷി, പെണ്‍കൂട്ട്, വനജ കളക്ടീവ്, വിങ്‌സ് കേരള, പെണ്ണകം ബാലുശ്ശേരി, പുനര്‍ജനി വനിതാ അഭിഭാഷക സമിതി, ഡബ്ല്യുസിസി, മഞ്ചാടിക്കുരു, നിസ, ഡെമോക്രാറ്റിക് ഡയലോഗ് ഫോറം, ജനാധിപത്യ വേദി, എസ്.ഇ.കെ ഫൗണ്ടേഷന്‍, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയുടെ കൂട്ടായ്മയാണ് 'നമ്മള്‍ അതിജീവിതയ്‌ക്കൊപ്പം എന്ന പേരില്‍ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചത്.

അതിജീവിതയ്ക്ക് നീതി ലഭിക്കുന്നതിന് ഏതറ്റം വരെയും പോകും എന്നും വനിതാ സംഗമം വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in