കൊട്ടിയൂര്‍ പീഡനം: റോബിന്‍ വടക്കുംചേരിക്ക് ശിക്ഷാ ഇളവ്; ശിക്ഷ പകുതിയായി കുറച്ചു

കൊട്ടിയൂര്‍ പീഡനം: റോബിന്‍ വടക്കുംചേരിക്ക് ശിക്ഷാ ഇളവ്; ശിക്ഷ പകുതിയായി കുറച്ചു
Published on

കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി റോബിന്‍ വടക്കുംചേരിയുടെ ശിക്ഷ ഹൈക്കോടതി പകുതിയായി കുറച്ചു. 20 വര്‍ഷം തടവും 10 ലക്ഷം രൂപയുമായിരുന്നു നേരത്തെ ശിക്ഷ വിധിച്ചിരുന്നത്. 10 വര്‍ഷം തടവും ഒരു ലക്ഷം പിഴയുമായി ശിക്ഷ കുറച്ചു.

പോക്‌സോ കേസും ബലാത്സംഗ വകുപ്പും നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. സ്ഥാപനത്തിന്റെ മേലധികാരി എന്ന പദവി ദുരുപയോഗം ചെയ്തു എന്ന കുറ്റമാണ് ഹൈക്കോടതി നീക്കം ചെയ്തിരിക്കുന്നത്. ഇതിലാണ് ശിക്ഷാ ഇളവ് ലഭിച്ചിരിക്കുന്നത്.

ശിക്ഷയില്‍ ഇളവ് വേണമെന്നാശ്യപ്പെട്ട് റോബിന്‍ വടക്കുംചേരി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസ് നാരായണ പിഷാരടി ഉള്‍പ്പെട്ട ബെഞ്ചാണ് ശിക്ഷാ ഇളവ് നല്‍കിയത്.

വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിവാഹത്തിനായി രണ്ടുമാസത്തെ ജാമ്യം അനുവദിക്കണമെന്നായിരുന്നു അതിജീവിച്ച പെണ്‍കുട്ടിയുടെയും ആവശ്യം. സര്‍ക്കാര്‍ സംരക്ഷണയിലുള്ള കുഞ്ഞിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒന്നിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഇവര്‍ ഉന്നയിച്ചത്.ഇത് തള്ളിയ സുപ്രീംകോടതി ഹൈക്കോടതി തീരുമാനമെടുത്ത കേസില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിയിരുന്നു.

2016ല്‍ പള്ളിമേടയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്നതായിരുന്നു കേസ്. ഉഭയസമ്മത പ്രകാരമായിരുന്നു ബന്ധമെന്നും പ്രായപൂര്‍ത്തിയായിരുന്നുവെന്നും പെണ്‍കുട്ടി വിചാരണക്കിടെ മൊഴിമാറ്റിയിരുന്നു. ജനന രേഖകളും കുഞ്ഞിന്റെ ഡി.എന്‍.എ ഫലവും കേസില്‍ നിര്‍ണായകമായി.

Related Stories

No stories found.
logo
The Cue
www.thecue.in