തൃക്കാക്കരയിലെ വിജയത്തില്‍ യു.ഡി.എഫിന് ഹാലിളകി, സ്വര്‍ണക്കടത്ത് കേസിന്റെ പേരില്‍ സമര കോലാഹലവും ആക്രമവും സൃഷ്ടിക്കുന്നു; കോടിയേരി

തൃക്കാക്കരയിലെ വിജയത്തില്‍ യു.ഡി.എഫിന് ഹാലിളകി, സ്വര്‍ണക്കടത്ത് കേസിന്റെ പേരില്‍ സമര കോലാഹലവും ആക്രമവും സൃഷ്ടിക്കുന്നു; കോടിയേരി

തൃക്കാക്കരയിലെ യു.ഡി.എഫ് വിജയത്തെ പല കേന്ദ്രങ്ങളും അതിശയോക്തിയായി അവതരിപ്പിക്കുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍.ഡി.എഫ് സര്‍ക്കാരിനെ അസ്ഥിരീകരിക്കാന്‍ അധാര്‍മിക മാര്‍ഗങ്ങള്‍ പ്രതിപക്ഷത്തെ ചില കക്ഷികള്‍ സ്വീകരിക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയിലൂടെ പറഞ്ഞു.

സ്വര്‍ണക്കടത്തു കേസിലെ പ്രതികളെ ഉപയോഗിച്ച് അടിസ്ഥാനമില്ലാത്ത ആക്ഷേപം പരത്തി അതിന്റെ മറവില്‍ സമരകോലാഹലവും അക്രമവും സൃഷ്ടിക്കാനാണ് നോക്കുന്നതെന്നും കോടിയേരി പറഞ്ഞു.

ഒരു തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അതുകൊണ്ട് എല്ലാം നേടിയെന്നോ അല്ലെങ്കില്‍ തോറ്റാല്‍ അതോടെ എല്ലാം ഇല്ലാതായെന്നോ കരുതുന്നില്ല. എന്നാല്‍, രാഷ്ട്രീയസ്വാധീനം തെല്ലെങ്കിലും വളര്‍ത്താന്‍ കഴിഞ്ഞാല്‍ അത് ആ അര്‍ഥത്തില്‍ നേട്ടമാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

തൃക്കാക്കരയിലെ യു.ഡി.എഫ് വിജയം ഒറ്റപ്പെട്ട സംഭവമാണ്. ഇത് സ്ഥായിയോ തുടര്‍പ്രതിഭാസമോ അല്ല. സംസ്ഥാന രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ വര്‍ഗപരമായ ഒരു അടിയൊഴുക്കും ഉണ്ടായിട്ടില്ല. എന്നാല്‍, എല്‍.ഡി.എഫിനെ അധികാരത്തില്‍നിന്ന് നിഷ്‌കാസിതമാക്കാനും ഭരണയന്ത്രത്തില്‍ ഒരിടം കിട്ടാനും വേണ്ടിയുള്ള ഗൂഢതാല്‍പ്പര്യം കോണ്‍ഗ്രസും ബി.ജെ.പിയും നയിക്കുന്ന പ്രതിപക്ഷത്തിനുണ്ട്. അതിനുവേണ്ടി കൂടുതല്‍ ആക്രമണോത്സുകരും നിഷേധികളുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുകയാണ്.

തൃക്കാക്കരയിലെ കോണ്‍ഗ്രസ് വിജയത്തെ തുടര്‍ന്ന് ഹാലിളകിയ മട്ടിലാണ് യു.ഡി.എഫ്. ബി.ജെ.പിയാകട്ടെ എല്‍.ഡി.എഫ് വിരുദ്ധതയില്‍ യു.ഡി.എഫുമായി കൂട്ടുകൂടി കേന്ദ്രഭരണത്തെ ദുരുപയോഗപ്പെടുത്തി ഭരണഘടനാവിരുദ്ധ അധമ രാഷ്ട്രീയത്തിലേക്ക് നീങ്ങുകയാണ്. ഇക്കാര്യത്തില്‍ യു.ഡി.എഫും ബി.ജെ.പിയും ഒക്കച്ചങ്ങാതിമാരായിരിക്കുകയാണെന്നും കോടിയേരി വിമര്‍ശിച്ചു.

എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കിയതിനെ ചില കേന്ദ്രങ്ങള്‍ വിമര്‍ശിക്കുന്നതായി കണ്ടു. സംസ്ഥാന ഭരണാധികാരി മാത്രമല്ല, സി.പി.ഐ.എമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗവും പാര്‍ടിയുടെ ദേശീയ നേതാവും കേരളഘടകത്തെ നയിക്കുന്നവരില്‍ പ്രമുഖനുമാണ് പിണറായി. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് ക്യാമ്പയിന് കൂട്ടായ നേതൃത്വത്തിന് സമയം ചെലവഴിച്ചത് കമ്യൂണിസ്റ്റ് പ്രവര്‍ത്തനശൈലി തന്നെയാണ്.

എല്‍.ഡി.എഫിന്റെ വോട്ടും ശതമാനവും വര്‍ധിച്ചത് എതിരാളികള്‍ തമസ്‌കരിക്കുന്നുണ്ടെങ്കിലും അത് തെളിഞ്ഞുനില്‍ക്കുന്ന വസ്തുതയാണ്. 2244 വോട്ട് അധികം നേടുകയും വോട്ടുവിഹിതം 35.28 ശതമാനം ആക്കുകയും ചെയ്തു. വിജയിക്കാനായില്ലെന്ന പോരായ്മ ഉള്ളപ്പോള്‍ത്തന്നെ മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എണ്ണത്തിലും ശതമാനത്തിലും വോട്ടുകൂടി എന്നത് ശ്രദ്ധേയം. 2021ല്‍ 45,510 വോട്ടായിരുന്നു. അത് 47,754 ആയി. അന്ന് 33.22 ശതമാനമായിരുന്നു. അതായത്, എല്‍ഡിഎഫിനെയും പിണറായി സര്‍ക്കാരിനെയും ഒരു വര്‍ഷംമുമ്പ് അനുകൂലിച്ചവരേക്കാള്‍ കൂടുതല്‍ പേര്‍ ഈ പക്ഷത്തേക്ക് ചേര്‍ന്നിരിക്കുന്നു. ആകെ പോള്‍ ചെയ്ത വോട്ട് കഴിഞ്ഞ തവണത്തേക്കാള്‍ 1221 കുറവായിരുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും യുഡിഎഫിന്റെ വോട്ട് 53.76 ശതമാനവും കൂടിയ വോട്ടിന്റെ എണ്ണം 12,931ഉം അല്ലേ എന്ന ചോദ്യം വരാം. ഈ അധികവോട്ടിന് അവര്‍ കടപ്പെട്ടിരിക്കുന്നത് ബി.ജെ.പിയോടും ട്വന്റി ട്വന്റിയോടും പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള വര്‍ഗീയശക്തികളോടുമാണ്.

വിമോചനസമരകാലത്ത് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ ആക്ഷേപങ്ങള്‍ ചൊരിയുകയും നെറികെട്ട മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തിരുന്നു. സന്യാസി തുല്യനായിരുന്ന കെ സി ജോര്‍ജ് എന്ന ഭക്ഷ്യമന്ത്രിക്കെതിരെ അരി കുംഭകോണംവരെ കൊണ്ടുവന്നു. അന്ന് വിളിച്ച ശകാരമുദ്രാവാക്യങ്ങള്‍ തികച്ചും മര്യാദകെട്ടവയായിരുന്നു. 'വിക്കാ, ചട്ടാ, മണ്ടാ' എന്നു തുടങ്ങി 'ഗൗരിച്ചോത്തിയെ വേളികഴിച്ച റൗഡിത്തോമാ', 'തുണിയെവിടെ, അരിയെവിടെ' എന്നിത്യാദിയായിരുന്നു മുദ്രാവാക്യങ്ങള്‍. അന്ന് ഇ.എം.എസിനെതിരെ ആയിരുന്നെങ്കില്‍ ഇന്ന് പിണറായിക്കെതിരെ ആഭാസകരമായ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും അരാജകസമരം നടത്തുകയുമാണ്.

ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള ലക്ഷ്യത്തോടെ ഭരണചക്രം തിരിക്കുന്ന മോദിഭരണത്തിന്റെയും സംഘപരിവാറിന്റെയും കണ്ണിലെ കരടാണ് മുഖ്യമന്ത്രി പിണറായി വിജയനും എല്‍.ഡി.എഫ് സര്‍ക്കാരും. ആര്‍എസ്എസും ബിജെപിയുമായി സഹകരിച്ച് എല്‍ഡിഎഫ് സര്‍ക്കാരിനെ ഒറ്റപ്പെടുത്താന്‍ പുറപ്പെട്ടിട്ടുള്ള കോണ്‍ഗ്രസിനും യു.ഡി.എഫിനും സമാന നിലപാടാണ്. അഴിമതിരഹിതമായ ഭരണത്തിന് നേതൃത്വം നല്‍കുന്ന, ജനങ്ങളുടെ ഹൃദയത്തില്‍ സ്ഥാനമുള്ള ഭരണാധികാരിയായ പിണറായി വിജയനെയും അദ്ദേഹം നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫ് സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താന്‍ ഇക്കൂട്ടരുടെ അധമരാഷ്ട്രീയം കൊണ്ടുകഴിയില്ല. സ്വര്‍ണക്കടത്തു കേസിലെ പ്രതികളെ ഉപയോഗിച്ച് അടിസ്ഥാനമില്ലാത്ത ആക്ഷേപം പരത്തി അതിന്റെ മറവില്‍ സമരകോലാഹലവും അക്രമവും സൃഷ്ടിക്കാനാണ് നോക്കുന്നതെന്നും കോടിയേരി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in