പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കിയതില്‍ ദുരൂഹത: കോടിയേരി ബാലകൃഷ്ണന്‍

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കിയതില്‍ ദുരൂഹത: കോടിയേരി ബാലകൃഷ്ണന്‍

വിവാഹപ്രായം 21 ആക്കി ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ ദുരൂഹതയുണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

നിലവില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തേണ്ട കാര്യമില്ലെന്നും ഇക്കാര്യത്തില്‍ സി.പി.ഐ.എമ്മില്‍ ആശയക്കുഴപ്പമില്ലെന്നും കോടിയേരി വ്യക്തമാക്കി.

ലിംഗ നീതി ഉറപ്പാക്കാനാണെങ്കില്‍ പുരുഷന്റെ വിവാഹ പ്രായം കുറച്ചാല്‍ പോരെ എന്ന് നേരത്തെ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും സിപിഐ നേതാവ് ആനി രാജയും ചോദിച്ചിരുന്നു. കേന്ദ്ര തീരുമാനത്തിനെതിരെ സിപിഐഎം വനിതാ സംഘടനയായ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് ഇഷ്ടമുള്ള ഇണയെ വിവാഹത്തിനായി തെരഞ്ഞെടുക്കുന്നതില്‍ നിന്ന് അവരെ തടയുന്നതിന് കാരണമാകുമെന്നതനാല്‍ ഈ നീക്കം യഥാര്‍ത്ഥത്തില്‍ വിപരീതഫലമാണ് ഉണ്ടാക്കുക എന്നും പ്രസ്താവന പറയുന്നു.

ലിംഗസമത്വം കൊണ്ടുവരാന്‍ സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തണമെന്ന വാദവും തെറ്റാണ്. 18 വയസ്സ് പൂര്‍ത്തിയാവുമ്പോള്‍ എല്ലാ വ്യക്തികള്‍ക്കും വോട്ടവകാശവും കരാറുകളില്‍ ഏര്‍പ്പെടാനുള്ള അവകാശവും ലഭിക്കുന്നു. അതിനാല്‍ ആണ്‍കുട്ടികളുടെ വിവാഹ പ്രായം 18 വയസ്സായി നിജപ്പെടുത്തി കുറയ്ക്കണമെന്ന് എ.ഐ.ഡി.ഡബ്ല്യു.എ മുമ്പ് ആവശ്യപ്പെട്ടിരുന്നു. ആണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആക്കണമെന്ന് 18-ാം നിയമ കമ്മീഷനും ശുപാര്‍ശ ചെയ്തിരുന്നു. ഇത് ആണ്‍കുട്ടിയെ വിവിധ ക്രിമിനല്‍ ശിക്ഷകള്‍ക്ക് വിധേയമാക്കുന്നതില്‍ നിന്ന് തടയുന്നതിനു വേണ്ടിയായിരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കാനുള്ള ഈ സര്‍ക്കാര്‍ നീക്കം പിന്‍വലിക്കണമെന്നും മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in