'കല്ലിട്ടില്ലെങ്കിലും സില്‍വര്‍ ലൈന്‍ നടപ്പിലാക്കും'; ഇടത് സര്‍ക്കാര്‍ ഭൂമി നഷ്ടപെടുന്നവര്‍ക്കൊപ്പമെന്ന് കോടിയേരി

'കല്ലിട്ടില്ലെങ്കിലും സില്‍വര്‍ ലൈന്‍ നടപ്പിലാക്കും'; ഇടത് സര്‍ക്കാര്‍ ഭൂമി നഷ്ടപെടുന്നവര്‍ക്കൊപ്പമെന്ന് കോടിയേരി

കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ആവര്‍ത്തിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നും അസാധ്യമെന്ന് കരുതിയതെല്ലാം സാധ്യമാക്കിയ സര്‍ക്കാരാണിതെന്നും ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയെ ഓര്‍മ്മിപ്പിച്ച് കോടിയേരി പറഞ്ഞു. കെ റെയില്‍ കല്ലിടല്‍ നിര്‍ത്തിവെച്ച് പകരം ജിയോ ടാഗിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് കോടിയേരിയുടെ പ്രസ്താവന.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടത് മുന്നണിക്ക് അനുകൂലമായ ജനവിധി സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ജനങ്ങള്‍ അനുകൂലമാണെന്നാണ് സൂചിപ്പിക്കുന്നതെന്നും കോടിയേരി പറഞ്ഞു. പദ്ധതിക്ക് വേണ്ടി കല്ലിടാതെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സര്‍വേ നടത്തും. അതിനായി പണം സര്‍ക്കാര്‍ കണ്ടെത്തും. ഇടത് സര്‍ക്കാര്‍ കെ റെയിലിന് വേണ്ടി ഭൂമി നഷ്ടപെടുന്നവര്‍ക്കൊപ്പമാണ്. നഷ്ടപരിഹാരമായി ഇപ്പോള്‍ പ്രഖ്യാപിച്ചതിനെക്കാള്‍ തുക നല്‍കണമെന്നാണെങ്കില്‍ അതും ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു.

കേരളത്തില്‍ മൂന്നാം ഇടതു സര്‍ക്കാര്‍ വരാതിരിക്കാന്‍ കെ. റെയിലിനെതിരായ രാഷ്ടീയ സമരം വിമോചന സമരമാക്കാന്‍ ഒരു വിഭാഗം ശ്രമിക്കുകയാണെന്നും കോടിയേരി ആരോപിച്ചു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ പഴയ കണക്ക് നോക്കേണ്ട. വികസനം വേണമെന്ന് പറയുന്നവരും വേണ്ടെന്ന് പറയുന്നുവരും തമ്മിലാണ് തൃക്കാക്കരയില്‍ മത്സരമെന്നും കോടിയേരി പറഞ്ഞു. സംസ്ഥാനത്ത് ക്ഷേമ പെന്‍ഷനുകള്‍ ഇനിയും വര്‍ധിപ്പിക്കും. വികസനം കുടിലുകളിലെത്തിച്ചത് പിണറായി സര്‍ക്കാരാണെന്നും റോഡും പാലവും മാത്രമല്ല ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ക്ഷേമ പെന്‍ഷനുകള്‍ക്കും പിണറായി സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയതായും കോടിയേരി പറഞ്ഞു.

കെ റെയില്‍ കല്ലിടല്‍ നിര്‍ത്തിയത് ഐതിഹാസിക സമരത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ തെറ്റ് സമ്മതിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മേലെടുത്ത കേസുകള്‍ പിന്‍വലിക്കണമന്നും വി.ഡി സതീശന്‍ പറഞ്ഞു.

The Cue
www.thecue.in