കൊടകര കുഴല്‍പ്പണം: തമ്മിലടി തീരുന്നില്ല, പരസ്യ വിമര്‍ശനം നടത്തിയ ബിജെപി നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സുരേന്ദ്രന്‍

കൊടകര കുഴല്‍പ്പണം: തമ്മിലടി തീരുന്നില്ല, പരസ്യ വിമര്‍ശനം നടത്തിയ ബിജെപി നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സുരേന്ദ്രന്‍

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിയുടെ ജില്ലാ നേതൃത്വത്തെ വിമര്‍ശിച്ച് പോസ്റ്റിട്ട ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് റിഷി പല്‍പ്പുവിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. സമൂഹമാധ്യമത്തിലൂടെയായിരുന്നു ഋഷി പല്‍പ്പു ജില്ലാ നേതാക്കളെ പരസ്യമായി വിമര്‍ശിച്ചത്.

ഋഷി പല്‍പ്പു പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയതുകൊണ്ടാണ് പുറത്താക്കിയതെന്ന് സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ഋഷി പല്‍പ്പു മത്സരിച്ചിരുന്നു.

അതേസമയം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.ആര്‍ ഹരി ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് ഋഷി പല്‍പ്പു തൃശ്ശൂര്‍ വെസ്റ്റ് പൊലീസില്‍ പരാതി നല്‍കി.

കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് തൃശൂര്‍ ബിജെപിയില്‍ തമ്മിലടി തുടരുകയാണ്. കഴിഞ്ഞ ദിവസം വാക്‌സിനേഷന്‍ സെന്ററില്‍ വെച്ച് ബിജെപി നേതാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റിരുന്നു. ഈ കേസില്‍ നാല് ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കളുടെ ചോദ്യം ചെയ്യല്‍ നടപടികള്‍ തുടരുന്നതിനിടെയാണ് വീണ്ടും സംഘര്‍ഷം. കാറില്‍ കൊണ്ടുപോയ പണം ബിജെപിയുടേതാണോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

പണത്തിന്റെ ഉറവിടത്തില്‍ ബിജെപി ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ഫണ്ടായിരുന്നു കൊടകരയില്‍ നഷ്ടപ്പെട്ടതെന്ന് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി കര്‍ത്തയെ ചോദ്യം ചെയ്തിരുന്നു. ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി എം.ഗണേഷ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവുകയും ചെയ്തിരുന്നു.

അന്വേഷണ സംഘം ഇതുവരെ 1.25 കോടി രൂപയോളമാണ് കണ്ടെത്തിയത്. ബാക്കിതുക എവിടെയാണെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന.

തെരഞ്ഞെടുപ്പിന് വേണ്ടി ബിജെപി കര്‍ണാടകയില്‍ നിന്ന് കൊണ്ടുവന്നതാണ് പണമെന്ന് കോണ്‍ഗ്രസും സിപിഐഎമ്മും ആരോപിച്ചിരുന്നു.

The Cue
www.thecue.in