നീതി വിജയിക്കണം, ഇത്തരം ഹൂളിഗനിസം ആവർത്തിക്കപ്പെടരുത്; കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി

നീതി വിജയിക്കണം, ഇത്തരം ഹൂളിഗനിസം ആവർത്തിക്കപ്പെടരുത്; കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി

നിയമസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കാനാകില്ലെന്ന സുപ്രീം കോടതിയുടെ ഉത്തരവ് നീതിയുടെ വിജയമാണെന്ന് പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. ഇത്തരം ഹൂളിഗനിസം ആവർത്തിക്കപ്പെടരുതെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കാനാകില്ലെന്ന സുപ്രീം കോടതി വിധി അടങ്ങിയ വാർത്തയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

അതെ സമയം നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി രാജി വെക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കി. ശിവന്‍കുട്ടിയുടെ രാജിയാവശ്യപ്പെട്ട് പി.ടി തോമസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ബാര്‍ കോഴ ആരോപണത്തില്‍ കെ.എം മാണി രാജിവെച്ചത് ഹൈക്കോടതി പരാമര്‍ശത്തിന്‍മേല്‍ ആണെങ്കില്‍ സുപ്രീം കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയായ സാഹചര്യത്തില്‍ ശിവന്‍കുട്ടി മന്ത്രിസ്ഥാനം ഒഴിയണമെന്നാണ് പ്രതിപക്ഷ ആവശ്യം. പൊതുമുതല്‍ നശിപ്പിച്ച മന്ത്രി എങ്ങനെയാണ് പദവിയില്‍ തുടരുന്നതെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്.

നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം വ്യാപിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും യുഡിഎഫിന്റെയും തീരുമാനം. സംസ്ഥാനവ്യാപകമായി മണ്ഡലാടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നാളെ വൈകിട്ട് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. കെ.എം.മാണിക്കെതിരായ ബാര്‍ക്കോഴ കേസ് ഉയര്‍ത്തി അന്നത്തെ യുഡിഎഫ് സര്‍ക്കാരിനെതിരെ നിയമസഭയില്‍ അക്രമം നടത്തിയ കേസിലാണ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ സുപ്രീംകോടതി വിധി വന്നിട്ടുള്ളത്. ഇത് രാഷ്ട്രീയമായി ഉപയോഗിക്കാനാണ് യുഡിഎഫിന്റെ കൂട്ടായ തീരുമാനം.

Related Stories

No stories found.
logo
The Cue
www.thecue.in