അടിച്ചുപിരിഞ്ഞ് ഐ.എന്‍.എല്‍ നേതൃയോഗം; മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ സാന്നിധ്യത്തില്‍ കയ്യാങ്കളിയും വാക്കേറ്റവും

അടിച്ചുപിരിഞ്ഞ് ഐ.എന്‍.എല്‍ നേതൃയോഗം; മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ സാന്നിധ്യത്തില്‍ കയ്യാങ്കളിയും വാക്കേറ്റവും

കൊച്ചി: സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ദിവസമായ ഞായറാഴ്ച കോവിഡ് ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടുനടന്ന ഐ.എന്‍.എല്‍ നേതൃയോഗത്തില്‍ രണ്ട് വിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി.

യോഗം പിരിച്ചുവിട്ടെന്ന് പ്രസിഡന്റ് അബ്ദുള്‍ വഹാബ് അറിയിച്ചതിന് പിന്നാലെയാണ് ഹോട്ടലിന് പുറത്ത് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.

മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പങ്കെടുത്ത യോഗത്തിലാണ് കയ്യാങ്കളി. സെക്രട്ടറി കാസിം ഇരിക്കൂറും മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഹോട്ടലില്‍ തുടരുകയാണ്. ഇവര്‍ക്കെതിരെ ചീത്തവിളിയും പ്രതിഷേധങ്ങളും ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നുണ്ട്.

യോഗം നടക്കുന്ന ഹോട്ടലിലേക്ക് കൂടുല്‍ പൊലീസ് എത്തിച്ചേര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ കൊവിഡ് നിരോധന നിയമപ്രകാരം പോലീസ് കേസെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ കര്‍ശനമായ നടപ്പാക്കുന്നതിനിടയിലാണ് നിയന്ത്രണങ്ങള്‍ ലംഘിച്ച് മന്ത്രി തന്നെ യോഗത്തില്‍ പങ്കെടുത്തത്.

രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രി സ്ഥാനം ലഭിച്ചതു മുതല്‍ ഐ.എന്‍.എല്ലില്‍ പൊട്ടിത്തെറികളുണ്ടായിരുന്നു. പി.എസ്.സി അംഗത്വം വില്‍പ്പനയ്ക്ക് വെച്ചു എന്ന ആരോപണം കൂടി ഉയര്‍ന്നതോടെയാണ് പ്രശ്‌നം രൂക്ഷമാകുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in