'യോഗിയെ തൃപ്തിപ്പെടുത്തണം, മോദിയെ തിരുമ്മിക്കൊടുക്കണം'; ലീഗിനെ വിലയ്ക്ക് വാങ്ങാന്‍ വന്നാല്‍ വിവരമറിയും, യൂസഫലിക്കെതിരെ കെ.എം ഷാജി

'യോഗിയെ തൃപ്തിപ്പെടുത്തണം, മോദിയെ തിരുമ്മിക്കൊടുക്കണം'; ലീഗിനെ വിലയ്ക്ക് വാങ്ങാന്‍ വന്നാല്‍ വിവരമറിയും, യൂസഫലിക്കെതിരെ കെ.എം ഷാജി

വ്യവസായി എം.എ യൂസഫലിയെ വിമര്‍ശിച്ച് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി. യൂസഫലി ഒരേസമയം ബിസിനസിനായി മോദിയേയും യോഗിയേയും തൃപ്തിപ്പെടുത്താന്‍ നടക്കുകയാണെന്നും ലീഗിനെ വിമര്‍ശിക്കാന്‍ വരേണ്ടെന്നും കെ.എം ഷാജി പറഞ്ഞു.

ഞങ്ങളുടെ നേതാക്കള്‍ എവിടെ പോകണം എവിടെ പോകണ്ട എന്ന് തീരുമാനിക്കാന്‍ ഞങ്ങള്‍ക്ക് നല്ല വ്യവസ്ഥയുണ്ട്. അത് മുതലാളിമാരുടെ വീട്ടില്‍ പോയി ചീട്ട് വാങ്ങിയട്ടല്ല പോവുകയും പങ്കെടുക്കുകയും ചെയ്യുന്നതെന്നും കെ.എം ഷാജി പറഞ്ഞു. യൂസഫലിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു വിമര്‍ശനം.

കെ.എം ഷാജി പറഞ്ഞത്

'യോഗിയെ നിങ്ങള്‍ക്ക് തൃപ്തിപ്പെടുത്തണം, കാരണം അവിടെ നിങ്ങള്‍ക്ക് ബിസിനസ് വേണം. മോദിയെ നിങ്ങള്‍ക്ക് തിരുമ്മിക്കൊടുക്കണം കാരണം അവിടെയും നിങ്ങള്‍ക്ക് ബിസിനസ് വളര്‍ത്തണം.

ചങ്ങായിയെ, നിങ്ങള്‍ക്ക് സ്തുതിപറയണം. കാരണം അവിടെയും നിങ്ങള്‍ക്ക് ബിസിനസ് വേണം. ആയിക്കോ, തിരുമ്മിക്കോ ബിസിനസുകാര്‍ക്ക് പലതും വേണ്ടിവരും. പക്ഷെ ലീഗിനെ വിലയ്ക്ക് വാങ്ങാന്‍ വന്നാല്‍ വിവരമറിയും. ഏത് വലിയ സുല്‍ത്താനായാലും വിവരമറിയും.

ഇത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗാണ്. പാവപ്പെട്ടവന്റെ കൈയിലെ നക്കാപ്പിച്ചയില്‍ നിന്ന് വളര്‍ത്തിയെടുത്ത അന്തസേ ലീഗിനുള്ളൂ. അതിനപ്പുറത്തേക്ക് ഒരു മൊതലാളിയുടെ ഒത്താശയും ഇതിനില്ല. നിങ്ങള്‍ എന്ത് ചെയ്താലും പറയും. കാരണം നിങ്ങളുടെ ഒരു നക്കാപ്പിച്ചയും വാങ്ങി ജീവിക്കാത്തിടത്തോളം പറയുക തന്നെ ചെയ്യും.

മുസ്ലിം ലീഗെന്ന രാഷ്ട്രീയ പാര്‍ട്ടിയെ വെല്ലുവിളിക്കാന്‍ നിങ്ങളാര്? ഞങ്ങളുടെ നേതാക്കള്‍ എവിടെ പോകണം എവിടെ പോകണ്ട എന്ന് തീരുമാനിക്കാന്‍ ഞങ്ങള്‍ക്ക് നല്ല വ്യവസ്ഥയുണ്ട്. അത് മുതലാളിമാരുടെ വീട്ടില്‍ പോയി ചീട്ട് വാങ്ങിയട്ടല്ല പോവുകയും പങ്കെടുക്കുകയും ചെയ്യുന്നത്.

The Cue
www.thecue.in