ചന്ദ്രികയ്ക്കായി ആകുലപ്പെടുന്നെങ്കില്‍, ആശങ്ക പ്രകടിപ്പിക്കുന്നെങ്കില്‍ അവിടെയാണ് ലീഗിന്റെ ഇടം; പ്രതികരണവുമായി കെ.എം ഷാജി

ചന്ദ്രികയ്ക്കായി ആകുലപ്പെടുന്നെങ്കില്‍, ആശങ്ക പ്രകടിപ്പിക്കുന്നെങ്കില്‍ അവിടെയാണ് ലീഗിന്റെ ഇടം; പ്രതികരണവുമായി കെ.എം ഷാജി

ചന്ദ്രിക ആഴ്ചപതിപ്പ് നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് നടത്തുന്നചര്‍ച്ചകളില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. ചന്ദ്രികയ്ക്ക് ഒരു പ്രയാസം എന്ന് കേട്ടപ്പോള്‍ നമുക്കിഷ്ടമുള്ളവരും ഇഷ്ടമില്ലാത്തവരും ഒക്കെ പലതരത്തില്‍ പ്രതികരിക്കാന്‍ വരുന്നുണ്ട്. ചന്ദ്രികയ്ക്കായി ആശങ്ക പ്രകടിപ്പിക്കാന്‍ വരുന്നുണ്ടെങ്കില്‍ അവിടെയാണ് ലീഗിന്റെ ഇടമെന്നാണ് ഷാജി പറഞ്ഞത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു കെ.എം ഷാജിയുടെ പ്രതികരണം.

ചന്ദ്രികക്കായി സംസാരിക്കുന്നവര്‍, ആഗ്രഹിക്കുന്നവര്‍ ലീഗിന്റെ മെമ്പര്‍ഷിപ്പ് എടുക്കണമെന്നും ചന്ദ്രിക വരിക്കാരാവണം എന്നൊന്നും പറയരുത്.

അവര്‍ ആകുലപ്പെടുന്നുവെങ്കില്‍ ആശങ്ക പ്രകടിപ്പിക്കുന്നുവെങ്കില്‍ അവിടെയാണു ലീഗിന്റെ ഇടം. ശത്രുവാണെന്ന് പുറം കാഴ്ച ആടുമ്പോഴും അവരിലും ലീഗൊരു ഇടം ഉണ്ടാക്കിയിട്ടുണ്ടെന്നു തിരിച്ചറിയുകയാണു വേണ്ടത് അതുകൊണ്ട് അവരും പറയട്ടെ ചോദിക്കട്ടെ അതിനവര്‍ക്കു അവകാശമുണ്ട് നമ്മുടെ നേതാക്കള്‍ പണിഞ്ഞതും പഠിപ്പിച്ചതും അതു തന്നെയാണെന്നും ഷാജി പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി മൂലമാണ് ചന്ദ്രികയുടെ പ്രസിദ്ധീകരണങ്ങളായ ചന്ദ്രിക ആഴ്ചപതിപ്പിന്റെയും മഹിളാ ചന്ദ്രികയുടെയും പ്രസിദ്ധീകരണം ജൂലൈ ഒന്ന് മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രസിദ്ധീകരിക്കില്ലെന്ന് ചന്ദ്രിക മാനേജ്‌മെന്റ് അറിയിച്ചത്. അതേസമയം ചന്ദ്രികയുടെ എം.ഡി സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും എം.കെ മുനീര്‍ അടക്കമുള്ള ബോര്‍ഡ് അംഗങ്ങളും പ്രസിദ്ധീകരണം നിര്‍ത്തിവെക്കാനുള്ള തീരുമാനം അറിയിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചന്ദ്രിക പൂട്ടുന്നെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി നേരത്തെ കെ.ടി. ജലീല്‍ രംഗത്തെത്തിയിരുന്നു. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ നോക്കുന്ന ഊര്‍ജവും പണവും ചന്ദ്രികയ്ക്ക് വേണ്ടി ചെലവാക്കിയിരുന്നെങ്കില്‍ ഇന്ന് ഈ ഗതി വരില്ലെന്നായിരുന്നു കെ ടി ജലീലിന്റെ പ്രതികരണം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ചന്ദ്രികയുമായി ബന്ധപ്പെട്ട പല വാര്‍ത്തകളും പുറത്ത് ചര്‍ച്ചയാണല്ലൊ. അതിലെനിക്കിഷ്ടം സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വാക്കു എടുക്കാനാണ്. നല്ല വായനയും തെളിഞ്ഞ ധാരണയുമുള്ള വ്യക്തിയാണു തങ്ങള്‍ എന്നു യൂത്ത് ലീഗിലും ഇപ്പോള്‍ ലീഗിലും അദ്ദേഹത്തിനു കീഴില്‍ പ്രവര്‍ത്തിക്കുമ്പോള്‍ എനിക്ക് തികച്ചും ബോധ്യമുണ്ട്. ചന്ദ്രികക്ക് ഒരു പ്രയാസം എന്ന് കേട്ടപ്പോള്‍ നമുകിഷ്ടമുള്ളവരും ഇഷ്ടമില്ലാത്തവരുംഒക്കെ പലതരത്തില്‍ പ്രതികരിക്കാന്‍ വരുന്നുണ്ട്, വരട്ടെ, വരികയും വേണം.

കാരണം ഇതൊരു സമൂഹത്തിന്റെയും സമുദായത്തിന്റെയും ശബ്ദമാണു... അശരണരായി കിടക്കുമ്പോള്‍ ഇതവരുടെ ശബ്ദമായിരുന്നു.

അവര്‍ക്കു വേണമെങ്കിലും വേണ്ടെങ്കിലും അവര്‍ക്കു വേണ്ടി സംസാരിക്കാനാണു മഹാരഥന്‍മാരായ നേതാക്കള്‍ ഇതുണ്ടാക്കിയത്.

ചന്ദ്രികയ്ക്കായി സംസാരിക്കുന്നവര്‍, ആഗ്രഹിക്കുന്നവര്‍ ലീഗിന്റെ മെമ്പര്‍ഷിപ്പ് എടുക്കണമെന്നും ചന്ദ്രിക വരിക്കാരാവണം എന്നൊന്നും പറയരുത്.

അവര്‍ ആകുലപ്പെടുന്നുവെങ്കില്‍ ആശങ്ക പ്രകടിപ്പിക്കുന്നുവെങ്കില്‍ അവിടെയാണു ലീഗിന്റെ ഇടം. ശത്രുവാണെന്ന് പുറം കാഴ്ച ആടുമ്പോഴും അവരിലും ലീഗൊരു ഇടം ഉണ്ടാക്കിയിട്ടുണ്ടെന്നു തിരിച്ചറിയുകയാണു വേണ്ടത് അതുകൊണ്ട് അവരും പറയട്ടെ ചോദിക്കട്ടെ അതിനവര്‍ക്കു അവകാശമുണ്ട് നമ്മുടെ നേതാക്കള്‍ പണിഞ്ഞതും പഠിപ്പിച്ചതും അതു തന്നെയാണ്.

The Cue
www.thecue.in