'പിണറായിക്ക് കേരളത്തിലെ അമ്മമാരുടെ മുന്നില്‍ തല താഴ്ത്തിയല്ലാതെ നില്‍ക്കാനാകില്ല'; കെ.കെ.രമ

'പിണറായിക്ക് കേരളത്തിലെ അമ്മമാരുടെ മുന്നില്‍ തല താഴ്ത്തിയല്ലാതെ നില്‍ക്കാനാകില്ല'; കെ.കെ.രമ

അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നിയമസഭയില്‍ പ്രതിപക്ഷം. ആഭ്യന്തരവകുപ്പിന്റെ തലവനായ പിണറായി വിജയന് കേരളത്തിലെ അമ്മമാരുടെ മുന്നില്‍ തലതാഴ്ത്തിയല്ലാതെ നില്‍ക്കാനാകില്ലെന്ന് കെ.കെ.രമ വിമര്‍ശിച്ചു. സര്‍ക്കാരും, ശിശുക്ഷേമ സമിതിയും ചേര്‍ന്ന് ആസൂത്രിതമായി നടപ്പിലാക്കിയ ഹീനമായ ദുരഭിമാന കുറ്റകൃത്യമാണെന്നും കെ.കെ.രമ ആരോപിച്ചു.

അടിയന്തരപ്രമേയ നോട്ടീസ് നല്‍കിക്കൊണ്ട് സംസാരിക്കവെയായിരുന്നു വിമര്‍ശനം. വിഷയത്തിലുണ്ടായ ഗൂഢാലോചനയെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണം. കേസ് രജിസ്റ്റര്‍ ചെയ്യാതെ ആറ് മാസം പൊലീസ് ഒത്തുകളിച്ചു. അനുപമയുടെ അച്ഛന്റെ ഭരണ, രാഷ്ട്രീയ, സാമ്പത്തിക സ്വീധീനത്തിന് മുമ്പില്‍ പേരൂര്‍ക്കട പൊലീസ് നട്ടെല്ലുവളച്ച് നിന്നു, നിയമപരമായി പ്രവര്‍ത്തിക്കേണ്ട ശിശുക്ഷേമസമിതി ഗുരുതരമായ അനാസ്ഥ വിഷയത്തില്‍ കാണിച്ചു. ഇത് പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണെന്നും കെ.കെ.രമ ആരോപിച്ചു.

കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ സഭയില്‍ ഇക്കാര്യം ഉന്നയിക്കാന്‍ പാടില്ലാത്തതാണെന്ന് സ്പീക്കര്‍ എം.ബി.രാജേഷ് ചൂണ്ടിക്കാട്ടി. എങ്കിലും വിഷയത്തിന്റെ പ്രാധാന്യം മുന്‍നിര്‍ത്തി സമയം അനുവദിക്കുകയാണെന്നും സ്പീക്കര്‍ പറഞ്ഞു. പിന്നീട് ഒരുമിനിറ്റ് സംസാരിച്ചാല്‍ മതിയെന്ന് പറഞ്ഞ് രമയുടെ അടിയന്തര പ്രമേയം സ്പീക്കര്‍ ഇടപെട്ട് നിര്‍ത്തി. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സ്പീക്കറുടെ ഡയസിനടുത്തെത്തി പ്രതിഷേധിച്ചു.

അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയതില്‍ ശിശുക്ഷേമസമിതിയുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് മന്ത്രി വീണാ ജോര്‍ജ് അടിയന്തരപ്രമേയത്തിന് മറുപടി പറയവെ വ്യക്തമാക്കി. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ദത്ത് നല്‍കിയത്. അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന കുട്ടി ഉപേക്ഷിക്കപ്പെട്ട വിഭാഗത്തിലാണ്. അനുപമയ്ക്കു കുഞ്ഞിനെ ലഭിക്കണമെന്നാണ് സര്‍ക്കാരിന്റെ ശക്തമായ അഭിപ്രായമെന്നും മന്ത്രി മറുപടി നല്‍കി.

ദത്ത് വിഷയത്തില്‍ വനിതാ ശിശുക്ഷേമ സെക്രട്ടറിയുടെ അന്വേഷണം നടക്കുകയാണെന്നു ആരോഗ്യമന്ത്രി സഭയെ അറിയിച്ചു. 2020 ഒക്ടോബര്‍ 23ന് രാത്രി രണ്ടു കുട്ടികളെ ശിശുക്ഷേമ സമിതിയില്‍ ലഭിച്ചിരുന്നു. ഒരു കുഞ്ഞ് അനുപമയുടേതല്ലെന്നു ഡിഎന്‍എ പരിശോധനയില്‍ വ്യക്തമായി. കാടതിയിലൂടെ മാത്രമേ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ കഴിയൂ. അന്വേഷണ നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഒരു പരാതിയും സര്‍ക്കാര്‍ അവഗണിച്ചില്ല. എല്ലാ പരാതികളിലും നിയമാനുസൃത നടപടികള്‍ സ്വീകരിച്ചു. അനധികൃത ഇടപെടലുകള്‍ ഉണ്ടായിട്ടില്ല. കുഞ്ഞിന്റെ ഭാവി കണക്കിലെടുത്തു വേണം അന്തിമ ഉത്തരവെന്ന് കോടതിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in