ശ്രീജിത്തിനെ മാറ്റിയത് പെണ്‍വേട്ടക്കാരെ സഹായിക്കാന്‍; അതിജീവിതയോട് ഇരട്ടത്താപ്പെന്ന് കെ.കെ രമ

ശ്രീജിത്തിനെ മാറ്റിയത് പെണ്‍വേട്ടക്കാരെ സഹായിക്കാന്‍;  അതിജീവിതയോട് ഇരട്ടത്താപ്പെന്ന് കെ.കെ രമ

നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിന്റെ നിര്‍ണായക ഘട്ടത്തിലെത്തിനില്‍ക്കെ അന്വേഷണ സംഘതലവനെ അപ്രതീക്ഷിതമായി മാറ്റിയ സര്‍ക്കാര്‍ നടപടി പെണ്‍വേട്ടക്കാരെ സഹായിക്കാനെന്ന് വടകര എം.എല്‍.എ കെ.കെ രമ.

കേസന്വേഷണം പൂര്‍ത്തീകരിക്കാന്‍ ഹൈക്കോടതി അനുവദിച്ച സമയപരിധി അവസാനിക്കാന്‍ ചുരുക്കം ദിവസങ്ങള്‍ മാത്രം ശേഷിക്കെ തിടുക്കത്തില്‍ അന്വേഷണത്തലവനെ തന്നെ മാറ്റിയതിലൂടെ കേസന്വേഷണത്തിന്റെ ഗതിവേഗത്തെ ദുര്‍ബലമാക്കാനുള്ള അങ്ങേയറ്റം കുറ്റകരമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്നും കെ.കെ രമ പറഞ്ഞു.

ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറാക്കി സ്ഥലം മാറ്റി വെള്ളിയാഴ്ച ഉത്തരവിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനം.

കെ.കെ. രമയുടെ വാക്കുകള്‍

നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിന്റെ നിര്‍ണായക ഘട്ടത്തിലെത്തിനില്‍ക്കെ അന്വേഷണ സംഘതലവനെ അപ്രതീക്ഷിതമായി മാറ്റിയ സര്‍ക്കാര്‍ നടപടി തീര്‍ച്ചയായും പെണ്‍വേട്ടക്കാരെ സഹായിക്കാന്‍ മാത്രമുള്ളതാണ്.

കേസന്വേഷണം പൂര്‍ത്തീകരിക്കാന്‍ ഹൈക്കോടതി അനുവദിച്ച സമയപരിധി അവസാനിക്കാന്‍ ചുരുക്കം ദിവസങ്ങള്‍ മാത്രം ശേഷിക്കെ തിടുക്കത്തില്‍ അന്വേഷണത്തലവനെ തന്നെ മാറ്റിയതിലൂടെ കേസന്വേഷണത്തിന്റെ ഗതിവേഗത്തെ ദുര്‍ബലമാക്കാനുള്ള അങ്ങേയറ്റം കുറ്റകരമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.

ഈ കേസില്‍ പ്രതിഭാഗത്തെ പ്രമുഖ അഭിഭാഷകന്‍ പ്രോസിക്യൂഷന്‍ സാക്ഷിയെ നേരിട്ട് സ്വാധീനിക്കാന്‍ ശ്രമിച്ച അത്യന്തം ഗൗരവമേറിയ സംഭവം ഓഡിയോ തെളിവുസഹിതം പുറത്തുവന്നതിനെ കുറിച്ചുള്ള അന്വേഷണം കൂടി അട്ടിമറിക്കാന്‍ ആഭ്യന്തരവകുപ്പിന്റെ ഭരണനേതൃത്വം നടത്തുന്ന നഗ്‌നമായ ഇടപെടലിന്റെ കൃത്യമായ സാക്ഷ്യപത്രമാണ് അന്വേഷണ സംഘതലവനായിരുന്ന എ.ഡി.ജി.പിയുടെ സ്ഥാനമാറ്റം.

സ്ത്രീപീഡനക്കേസുകളിലെ ഈ സര്‍ക്കാരിന്റെ കൊടിയ കാപട്യവും തനിനിറവുമാണ് ഈ തീരുമാനത്തിലൂടെ വെളിച്ചത്തുവന്നിരിക്കുന്നത്. അതിജീവിതയ്‌ക്കൊപ്പമാണെന്ന് അരങ്ങില്‍ അഭിനയിക്കുകയും, വേട്ടക്കാര്‍ക്ക് അണിയറയില്‍ വിരുന്നുനല്‍കുകയും ചെയ്യുന്ന സര്‍ക്കാരിന്റെ നെറികെട്ട ഈ ഇരട്ടത്താപ്പ് ചോദ്യം ചെയ്യാന്‍ നീതിബോധമുള്ള മനുഷ്യരാകെ രംഗത്തിറങ്ങേണ്ടതുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in