തൊഴിലാളികള്‍ ഡ്രഗ്‌സ് ഉപയോഗിച്ചതായി സംശയം, അക്രമസംഭവങ്ങള്‍ യാദൃശ്ചികമെന്ന് സാബു എം ജേക്കബ്

തൊഴിലാളികള്‍ ഡ്രഗ്‌സ് ഉപയോഗിച്ചതായി സംശയം, അക്രമസംഭവങ്ങള്‍ യാദൃശ്ചികമെന്ന് സാബു എം ജേക്കബ്

പൊലീസുകാരെ കിഴക്കമ്പലം കിറ്റക്‌സിലെ അതിഥി തൊഴിലാളികള്‍ ആക്രമിച്ച സംഭവം യാദൃശ്ചികം മാത്രമെന്ന് കിറ്റെക്‌സ് എം.ഡി സാബു എം. ജേക്കബ്. തൊഴിലാളികള്‍ ഡ്രഗ്‌സ് ഉപയോഗിച്ചതായി സംശയമുണ്ട്. എന്നാല്‍ മറ്റു പ്രചാരണങ്ങള്‍ എല്ലാം രാഷ്ട്രീയപരമായി ഉണ്ടാക്കുന്നതാണെന്നും സാബു എം. ജേക്കബ് പറഞ്ഞു.

വളരെ യാദൃശ്ചികമായിട്ടുണ്ടായ സംഭവമായിരുന്നു അത്. ഇന്നലെ രാത്രി ക്രിസ്മസ് കരോളുമായി ചില തൊഴിലാളികള്‍ ഇറങ്ങി. അത് കൂട്ടത്തില്‍ തന്നെയുള്ള ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. അവര്‍ക്ക് ഉറങ്ങാനും മറ്റും കഴിയുന്നില്ലെന്ന് പറഞ്ഞാണ് തര്‍ക്കം തുടങ്ങുന്നത്. തടയാന്‍ ശ്രമിച്ചെങ്കിലും സുരക്ഷാ ജീവനക്കാരെയും തൊഴിലാളികള്‍ ആക്രമിച്ചു. അങ്ങനെയാണ് പൊലീസിനെ വിളിച്ചത്. പൊലീസിനെയും ആക്രമിക്കുകയാണുണ്ടായതെന്ന് സാബു ജേക്കബ് മാധ്യമങ്ങളോട് പ്രതികരിച്ചു.

തങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ നിന്ന് മനസിലായത് ഇവരെന്തോ ഡ്രഗ്‌സ് ഉപയോഗിച്ചിരുന്നുവെന്നാണ്. ഇതുവരെ ഇവിടെ ഇത്തരത്തിലുള്ള സംഭവങ്ങളൊന്നും ഉണ്ടായിരുന്നില്ല. കസ്റ്റഡിയില്‍ എടുത്ത എല്ലാവരും പ്രതികളൊന്നുമല്ല. മുപ്പതില്‍ താഴെ പേര്‍ മാത്രമാണ് ആക്രമണം നടത്തിയതെന്നും സാബു പറഞ്ഞു.

കഴിഞ്ഞ എട്ട്-പത്ത് വര്‍ഷത്തെ ചരിത്രം നോക്കിയാല്‍ ഒരു കാലത്തും ഇത്തരത്തില്‍ ഒരു കേസ് പോലും ഉണ്ടായിട്ടില്ല. കുറ്റവാളികെ സംരക്ഷിക്കില്ല. കുറ്റവാളികള്‍ ആയി ആരുണ്ടെങ്കിലും അവര്‍ക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കാന്‍ മാനേജ്‌മെന്റ് ശ്രമിക്കുമെന്നും സാബു എം. ജേക്കബ് കൂട്ടിച്ചേര്‍ത്തു.

അതേസമയം സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് കുന്നത്തുനാട് എം.എല്‍.എ പി.വി ശ്രീനിജന്‍ പറഞ്ഞു. കമ്പനിയില്‍ തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരത്തെ ഉണ്ടായിരുന്നതാണെന്നും പക്ഷെ കിറ്റക്‌സ് മാനേജ്‌മെന്റ് എല്ലാം മൂടി വെക്കാന്‍ ശ്രമിക്കുകയാണെന്നും പി.വി ശ്രീനിജന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in