കേസരിയുടെ മാധ്യമ സ്‌കൂളില്‍ റിസോഴ്‌സ് പേഴ്‌സണായി അഡ്വ. ജയശങ്കറും എന്‍.പി ചേക്കുട്ടിയും

കേസരിയുടെ മാധ്യമ സ്‌കൂളില്‍ റിസോഴ്‌സ് പേഴ്‌സണായി അഡ്വ. ജയശങ്കറും എന്‍.പി ചേക്കുട്ടിയും

ആര്‍.എസ്.എസ് മുഖവാരികയായ കേസരിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ആരംഭിക്കുന്ന മാധ്യമ പഠന സ്ഥാപനത്തില്‍ റിസോഴ്‌സ് പേഴ്‌സണായി അഡ്വ. എ ജയശങ്കര്‍. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍.പി ചേക്കുട്ടിയും സംഘപരിവാര്‍ നേതാക്കള്‍ക്കൊപ്പം സ്ഥാപനത്തിന്റെ റിസോഴ്‌സ് പേണ്‍സണാണ്.

കോഴിക്കോട് ചാലപ്പുറത്ത് സ്ഥിതി ചെയ്യുന്ന കേസരി ആസ്ഥാനത്തെ കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിന് കീഴിലാണ് മഹാത്മ ഗാന്ധി കോളേജ് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ പ്രവര്‍ത്തിക്കുക. ആദ്യ ബാച്ചിനെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യത്തിലാണ് അഡ്വ.ജയശങ്കറിന്റെയും എന്‍.പി ചേക്കുട്ടിയുടെയും പേരും ഉള്‍പ്പെട്ടിരിക്കുന്നത്.

കേരള പി.എസ്.സി മുന്‍ ചെയര്‍മാനും ബി.ജെ.പി സംസ്ഥാന നേതാവുമായ കെ.എസ് രാധാകൃഷ്ണന്‍, ബി.ജെ.പി വക്താവും ജന്മഭൂമി എഡിറ്ററുമായിരുന്ന കെ.വി.എസ് ഹരിദാസ്, ജനം ടി.വി എഡിറ്റര്‍ ജി.കെ സുരേഷ് ബാബു, ബി.ജെ.പി സംസ്ഥാന സമിതി അംഗവും കേരള ഗവര്‍ണറുടെ അഡീഷണല്‍ പേഴ്‌സണ്‍ അസിസ്റ്റന്‍ഡ് ഹരി എസ്. കര്‍ത്ത, കോഴിക്കോട് ആകാശവാണി ഡയറക്ടര്‍ കെ.എം നരേന്ദ്രന്‍ എന്നിവരാണ് മറ്റ് പ്രധാന റിസോഴ്‌സ് പേഴ്‌സണുകള്‍.

അഡ്വ.ജയശങ്കറിന് ആര്‍.എസ്.എസ് ബന്ധമുണ്ടെന്ന ആരോപണം നിരവധി തവണ ഉയര്‍ന്നിരുന്നു. ഇപ്പോഴത്ത ബി.ജെ.പി അധ്യക്ഷന്‍ കെ.സുരേന്ദ്രന് ആര്‍.എസ്.എസ് പഠന ക്യാമ്പില്‍ പങ്കെടുത്ത് അഡ്വ. ജയശങ്കര്‍ രാഖി കെട്ടിക്കൊടുക്കുന്ന ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സി.പി.ഐ അഭിഭാഷക സംഘടന നേതാവായിരുന്ന ജയശങ്കറിനെതിരെ പാര്‍ട്ടി നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ ഈ ജനുവരിയില്‍ ജയശങ്കറിനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in