'കേന്ദ്രവുമായി പ്രശ്നമുണ്ടായാലും വിട്ടുവീഴ്ച്ചയ്ക്കില്ല'; കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്ടി ചുമത്തില്ലെന്ന് കെ.എന്‍ ബാലഗോപാല്‍

'കേന്ദ്രവുമായി പ്രശ്നമുണ്ടായാലും വിട്ടുവീഴ്ച്ചയ്ക്കില്ല'; കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്ടി ചുമത്തില്ലെന്ന് കെ.എന്‍ ബാലഗോപാല്‍

ചെറുകിട കച്ചവടക്കാര്‍ കുടുംബശ്രീ തുടങ്ങിയവര്‍ വില്‍ക്കുന്ന ചില്ലറ തൂക്കം വരുന്ന ഉത്പന്നങ്ങള്‍ക്ക് ജിഎസ്ടി ചുമത്തില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേന്ദ്രം ഏര്‍പ്പെടുത്തിയ പുതിയ ജിഎസ്ടി നിരക്കുകള്‍ക്കെതിരെ പ്രതിഷേധം നടക്കുന്നതിനിടയിലാണ് മന്ത്രിയുടെ പ്രഖ്യാപനം.

ഒന്നോ രണ്ടോ കിലോഗ്രാമുള്ള ഉത്പന്നങ്ങള്‍ക്ക് ചെറുകിട കച്ചവടക്കാരില്‍നിന്നും കുടുംബശ്രീയില്‍ നിന്നും നികുതി ചുമത്താന്‍ ഉദ്ദേശിക്കുന്നില്ല എന്നും തീരുമാനം കേന്ദ്ര സര്‍ക്കാരുമായി പ്രശ്‌നങ്ങള്ക്കിടവരുത്താന്‍ സാധ്യത ഉണ്ടെങ്കിലും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറല്ല എന്നും മന്ത്രി അറിയിച്ചു.

രാജ്യത്തെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പദ്ധതികളില്‍ ഒന്നാണ് കേരള സര്‍ക്കാരിന്റെ കുടുംബശ്രീ. കുറഞ്ഞ നിരക്കില്‍ ആണ് കുടുംബശ്രീ ചില്ലറ തൂക്കം വരുന്ന ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നത്. പാക്കറ്റ് ലേബല്‍ ചെയ്ത സാധനങ്ങള്‍ക്ക് 5 ശതമാനം ജിഎസ്ടി നല്‍കേണ്ടി വരുന്നത് കുടുംബശ്രീ പോലുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് വലിയ തിരിച്ചടിയാകും.

അവശ്യസാധനങ്ങള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയ നീക്കം സാധാരണക്കാരെ സാരമായി ബാധിക്കും എന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. ഇത്തരം പ്രീ-പാക്കിംഗ് കേരളത്തില്‍ ചെറുകിട സ്ഥാപനങ്ങളില്‍ സാധാരണമാണെന്നും അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനായി ഈ കടകളില്‍ പതിവായി എത്തുന്ന സാധാരണക്കാരായ ഉപഭോക്താക്കളെ ഇപ്പോഴത്തെ മാറ്റം പ്രതികൂലമായി ബാധിക്കും എന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in