ഉത്തരക്കടലാസ് വ്യാജമല്ല; ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കിട്ടിയത് സര്‍വകലാശാലയിലെ ഉത്തരക്കടലാസ് തന്നെ 

ഉത്തരക്കടലാസ് വ്യാജമല്ല; ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കിട്ടിയത് സര്‍വകലാശാലയിലെ ഉത്തരക്കടലാസ് തന്നെ 

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ കത്തികുത്ത് കേസിലെ ഒന്നാംപ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് കേരള യൂണിവേഴ്‌സിറ്റിയിലെ ഉത്തരക്കടലാസുകള്‍ തന്നെയെന്ന് കണ്ടെത്തി. പരീക്ഷാ കണ്‍ട്രോളര്‍ സിണ്ടിക്കേറ്റിന് റിപ്പോര്‍ട്ട് നല്‍കി. ഉത്തരക്കടലാസ് ചോര്‍ച്ചയില്‍ സിണ്ടിക്കേറ്റ് അന്വേഷണം പ്രഖ്യാപിച്ചു. ഉപസമിതിയാണ് ചോര്‍ച്ച അന്വേഷിക്കുക.

യൂണിവേഴ്‌സിറ്റി കോളേജ് കൈപ്പറ്റിയ ഉത്തരക്കടലാസുകളാണ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയതെന്ന് പരീക്ഷാ കണ്‍ട്രോളര്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. സര്‍വകലാശാല കോളേജിന് നല്‍കിയ ക്രമനമ്പറിലുള്ളതാണ് ഉത്തരക്കടലാസുകള്‍. 2016ല്‍ കോളേജിന് നല്‍കിയവയാണ് ഇത്.

ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഉത്തരക്കടലാസുകള്‍ കണ്ടെത്തിയ സംഭവം വിവാദമായതോടെയാണ് കേരള സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചത്. വൈസ് ചാന്‍സലര്‍ പരീക്ഷാ കണ്‍ട്രോളറോടും വൈസ്ചാന്‍സലറോടും അന്വേഷണം നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

സര്‍വകലാശാലയില്‍ നിന്നുള്ള ഉത്തരക്കടലാസുകളും സീലും വിദ്യാര്‍ത്ഥിക്ക് ലഭിച്ചതെങ്ങനെയെന്നാണ് അന്വേഷിച്ചത്. സര്‍വകലാശാലയുടെ പരീക്ഷ നടത്തിപ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് സര്‍വകാലശാലയുടെ നടപടി.

16 കെട്ടുകളായി 200 ഷീറ്റുകള്‍ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഉത്തരക്കടലാസുകളുടെ മുന്‍പേജുകളും എഴുതിയ പേജുകളും ഇതിലുണ്ടായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in