സാഹിത്യ അക്കാദമി പുസ്തകങ്ങളിൽ പിണറായി സർക്കാരിന്റെ വാർഷിക പ്രചരണം, എതിർപ്പറിയിച്ച് കെ.സച്ചിദാനന്ദൻ; വിവാദം

സാഹിത്യ അക്കാദമി പുസ്തകങ്ങളിൽ പിണറായി സർക്കാരിന്റെ വാർഷിക പ്രചരണം, എതിർപ്പറിയിച്ച് കെ.സച്ചിദാനന്ദൻ; വിവാദം

കേരള സാഹിത്യ അക്കാദമി 2023ൽ പുറത്തിറക്കിയ 30 പുസ്തകങ്ങളിൽ പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികത്തെ സൂചിപ്പിച്ച് എംബ്ലം ചേർത്തതിനെ ചൊല്ലി വിവാദം. സാഹിത്യ അക്കാദമിയുടെ സ്വതന്ത്ര സ്വഭാവം നഷ്ടപ്പെടുത്തി സർക്കാർ പരസ്യം പതിച്ചത് രാഷ്ട്രീയവൽക്കരണമാണെന്ന നിലപാടുമായി ഒരു വിഭാ​ഗം എഴുത്തുകാർ രം​ഗത്തെത്തി. സാഹിത്യ അക്കാദമിയുടെ സ്വയംഭരണ സ്വഭാവവും

സ്വാതന്ത്ര്യവും ഇല്ലാതാക്കുന്നതാണ് സർക്കാരിന്റെ രണ്ടാം വാർഷിക പരസ്യം പുറംചട്ടയിൽ പതിപ്പിച്ചുള്ള പുസ്തകങ്ങളെന്നാണ് പ്രധാന വിമർശനം. പുസ്കത്തിന്റെ രചയിതാക്കളെയും സാഹിത്യത്തെയും അപമാനിക്കുന്നതാണ് പരസ്യസ്വഭാവത്തിലുള്ള എംബ്ലം പതിക്കലെന്നും വിമർശനമുയർന്നു. കൈകൾ കോർത്ത് കരുത്തോടെ രണ്ടാം പിണറായി സർക്കാർ വാർഷികം എന്നാണ് ചുവപ്പ് നിറത്തിലുള്ള എംബ്ലത്തിന്റെ ഉള്ളടക്കം.

സർക്കാരിന്റെ പരസ്യം ചുമക്കേണ്ട ബാധ്യത ഒരു പുസ്തകത്തിനുമില്ല. എഴുത്തിനേയും പുസ്തകത്തേയും അവഹേളിക്കുന്നതാണ് ഈ നടപടി. സാഹിത്യ അക്കാദമി ആ പുറംചട്ടകൾ പിൻവലിച്ച് പുസ്തകം മാന്യമായി ഇറക്കേണ്ടതാണ്.

പി.എഫ് മാത്യൂസ്

സർക്കാർ പരസ്യം വിവാദമായതിന് പിന്നാലെ സാഹിത്യ അക്കാദമി ചെയർമാനും പ്രശസ്ത എഴുത്തുകാരനുമായ കെ. സച്ചിദാനന്ദൻ വിയോജിപ്പറിയിച്ച് പരസ്യമായി രം​ഗത്ത് വന്നു. സർക്കാരുകൾ വീഴാനും പുസ്തകങ്ങൾ നിൽക്കാനും ഉള്ളതായതിനാൽ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ പുലർത്താൻ അക്കാദമിക്ക് ബാദ്ധ്യതയുണ്ടെന്നാണ് സച്ചിദാനന്ദന്റെ പ്രതികരണം. എംബ്ലം ചേർത്തതിൽ അപാകതയില്ലെന്നും ഉത്തരവാദിത്വം തനിക്കാണെന്നും സെക്രട്ടറി സി.പി അബൂബക്കർ പ്രതികരിച്ചു. എംബ്ലം ചേർത്തതിന്റെ പൂർണ ഉത്തരവാദിത്വം തനിക്കാണെന്നും കേരള സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം സൂചിപ്പിക്കുന്ന എംബ്ലം ചേര്‍ക്കുന്നത് എങ്ങനെ മഹാപാതകമാവുന്നുവെന്ന് തനിക്ക് മനസ്സിലാവുന്നില്ലെന്നും, രണ്ടുതവണ മുഖ്യമന്ത്രിയാവുന്ന ഒരാളുടെ പേര് എങ്ങനെ അക്കാദമിക്ക് അസ്വീകാര്യമാവണമെന്നും അറിയില്ല. എംബ്ലം ചേര്‍ത്തതിന്റെ സമ്പൂര്‍ണ്ണ ഉത്തരവാദിത്തം സെക്രട്ടറിയെന്ന നിലയില്‍ തനിക്കാണെന്നും സി.പി അബൂബക്കർ.

സച്ചിദാനന്ദന്റെ പ്രതികരണം

അക്കാദമിയുടെ 30 പുസ്തകങ്ങളിൽ സർ ക്കാർ emblem ചേർത്തതിനേക്കുറിച്ചുള്ള സെക്രട്ടറിയുടെ വിശദീകരണം താഴെ. ഇക്കാര്യം വേണമെങ്കിൽ തന്നെ പുസ്തകത്തിൻ്റെ രണ്ടാം പേജിൽ ചെറുതായി സൂചിപ്പിച്ചാൽ മതിയായിരുന്നു, അഥവാ റിലീസ് നടന്നപ്പോൾ പറയുക മാത്രം മതിയായിരുന്നു എന്നാണ് എൻ്റെ വിവേകം പറയുന്നത്. കുറച്ചു കോപ്പികളെ അച്ചടിച്ചിട്ടുള്ളൂ എന്നും ഇനിയുള്ളവയിൽ ഈ രീതി മാറ്റാൻ കഴിയും എന്നും മനസ്സിലാക്കുന്നു. സർക്കാരുകൾ വീഴാനും പുസ്തകങ്ങൾ നിൽക്കാനും ഉള്ളതായതിനാൽ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ പുലർത്താൻ അക്കാദമിക്ക് ബാദ്ധ്യതയുണ്ട്.

സെക്രട്ടറി സി.പി.അബൂബക്കർ പറഞ്ഞത്

പുസ്തകങ്ങളില്‍ എംബ്ലം ചേര്‍ത്തതുസംബന്ധിച്ച്.

ഇടതുപക്ഷജനാധിപത്യമുന്നണിയുടെ രണ്ടാമത്തെ സര്‍ക്കാറിന്റെ രണ്ടുവര്‍ഷം പൂര്‍ത്തിയാവുന്നതിന്റെ ഭാഗമായി വിവിധസാംസ്‌കാരികസ്ഥാപനങ്ങള്‍ ഓരോരോ പ്രവര്‍ത്തനപരിപാടികള്‍ ഏറ്റെടുത്തു. കുറെ സെമിനാറുകളും 500 പുസ്തകത്തിന്റെ ഡിജിറ്റൈസേഷനും 30 പുസ്തകങ്ങളുടെ പ്രസാധനവുമാണ് കേരള സാഹിത്യ അക്കാദമി ഏറ്റെടുത്തത്. ഈ പരിപാടികള്‍ മിക്കവയും പൂര്‍ണ്ണമായി നടപ്പാക്കാന്‍ അക്കാദമിക്ക് സാധിച്ചു.

പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അവയില്‍ പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തെ സംബന്ധിച്ച എംബ്ലം കവറിൽ ഒരുവശത്ത് ചേര്‍ക്കുകയുണ്ടായി. പ്രത്യേകമായ ഒരു പരിപാടിയുടെ ഭാഗമായി പ്രസിദ്ധീകരിച്ചപുസ്തകങ്ങളെന്ന് വേറിട്ടുകാണിക്കണമെന്ന ലക്ഷ്യത്തിലാണ് എംബ്ലം വെച്ചത്. അന്നു തയ്യാറായിക്കൊണ്ടിരുന്ന മുപ്പതുപുസ്തകങ്ങള്‍ ഈ പട്ടികയിലുള്‍പ്പെടുത്തുകയാണ് ചെയ്തത്. അവയുടെ വളരെ കുറച്ച് കോപ്പികൾ മാത്രമാണ് പ്രിന്റ് ചെയ്തിരുന്നത്. എംബ്ലം വെക്കണമെന്ന് ഞാനാണ് നിര്‍ദ്ദേശം നല്‍കിയത്. ഡിജിറ്റൈസേഷനും പുസ്തകങ്ങളുടെ പ്രകാശനപരിപാടിയും ബഹുമാനപ്പെട്ട തൃശ്ശൂര്‍ എം എല്‍ എ ശ്രീ പി ബാലചന്ദ്രനാണ് ഉല്‍ഘാടനം ചെയ്തത്.

എംബ്ലം വെക്കുന്നതിനെപ്പറ്റി അക്കാദമിയില്‍ ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചയോ തര്‍ക്കമോ നടന്നിരുന്നില്ല. ഒരു സാധാരണ ഭരണനടപടിയെന്നനിലയിലാണ് അതു ചെയ്തത്. ചിലസുഹൃത്തുക്കള്‍ ഒരു മഹാപാതകമെന്ന നിലയില്‍ സോഷ്യല്‍മീഡിയയില്‍ ഇതുചര്‍ച്ച ചെയ്യുന്നുണ്ട്. ചിലപ്രത്യേകസാഹചര്യങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളില്‍ ഇതുപോലുള്ള സവിശേഷ എംബ്ലങ്ങള്‍ പല പ്രസാധകരും ചേര്‍ക്കാറുണ്ട്. കേരള സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം സൂചിപ്പിക്കുന്ന എംബ്ലം ചേര്‍ക്കുന്നത് എങ്ങനെ മഹാപാതകമാവുന്നുവെന്ന് എനിക്ക് മനസ്സിലാവുന്നില്ല. രണ്ടുതവണ മുഖ്യമന്ത്രിയാവുന്ന ഒരാളുടെപേര് എങ്ങനെ അക്കാദമിക്ക് അസ്വീകാര്യമാവണമെന്നും എനിക്കറിയില്ല. എംബ്ലം ചേര്‍ത്തതിന്റെ സമ്പൂര്‍ണ്ണ ഉത്തരവാദിത്തം സെക്രട്ടറിയെന്ന നിലയില്‍ എനിക്കാണ്.

ഏതെങ്കിലും ഗ്രന്ഥകര്‍ത്താവിനെയോ കവിയെയോ അവഹേളിക്കാനുള്ള ശ്രമമല്ല ഉണ്ടായത്. അവരാരും അങ്ങനെ സൂചിപ്പിച്ചിട്ടില്ല. ഇക്കാര്യത്തിൽ അവർക്ക് എന്തെങ്കിലും പ്രയാസം നേരിട്ടുവെങ്കിൽ അവരോട് ഞാൻ ഖേദം അറിയിക്കുന്നു. പ്രത്യേകപദ്ധതിയില്‍ അവരുടെ ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്തത്.

വീരാൻകുട്ടിയുടെ വിമർശനം

കേരള സാഹിത്യ അക്കാദമി ഈ വർഷം പുറത്തിറക്കിയ പുസ്തകങ്ങളിൽ സർക്കാർ പരസ്യം ഉൾപ്പെടുത്തിയത് അസാധാരണ നടപടിയാണ്. അക്കാദമികൾ അടക്കമുള്ള സ്വയംഭരണ സ്ഥാപനങ്ങളിൽ ഭരണാനുകൂലികളെ നിയമിച്ച് എതിർപ്പുകൾ ഏറ്റുവാങ്ങിയ മോദി സർക്കാർപോലും സ്വന്തം ഭരണത്തിന്റെ പരസ്യത്തിനായി അക്കാദമിയുടെ പുസ്തകങ്ങളെ ഉപയോഗിച്ചതായി അറിയില്ല. ഇനി അതും സംഭവിച്ചുകൂടായ്കയില്ല. അതിനുള്ള മാതൃക കേരള സാഹിത്യ അക്കാദമി മുൻകൂട്ടി കാണിച്ചുകൊടുത്തിരിക്കുന്നു. സർക്കാർ അക്കാദമിയോട് നേരിട്ട് ആവശ്യപ്പെട്ട് ചെയ്യിച്ചതാവാൻ വഴിയില്ല. പകരം പാർട്ടി വക നിയമനം കിട്ടിയ ഭാരവാഹികളിലാരെങ്കിലും തന്റെ വിധേയത്വമറിയിക്കാൻ ചെയ്തതാവാനേ വഴിയുള്ളു. അക്കാര്യം അവർ വിശദമാക്കട്ടെ. ഇത് ഒരു പുസ്തകക്കവറിന്റെ പ്രശ്നമല്ല. അക്കാദമികളുടെ പരസ്യമായ രാഷ്ട്രീയവൽക്കരണത്തിൻ്റെയും സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴടങ്ങലിന്റെയും സൂചനയതിലുണ്ട്. ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കാൻ ഈ നടപടി ഇടയാക്കും. അതിനാൽ സാഹിത്യ അക്കാദമി പ്രസ്തുത പുസ്തകങ്ങൾ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അൻവർ അലിയുടെ പ്രതിഷേധം

സർക്കാരിന്റെ പരസ്യം പതിച്ച് കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ എഴുത്താളർ പരസ്യമായി ഇക്കാര്യത്തിലുള്ള താന്താങ്ങളുടെ നിലപാട് പറയേണ്ടതാണ്. അക്കാദമി പ്രസിഡന്റും ഇക്കാര്യത്തിൽ പരസ്യനിലപാട് എടുക്കണം. അദ്ദേഹം ഇത് അറിഞ്ഞിരുന്നില്ല എന്നാണ് ഒരു വാർത്താ മാധ്യമത്തിൽ നിന്ന് അറിഞ്ഞത്. അങ്ങനെയെങ്കിൽ കവി സച്ചിദാനന്ദൻ സർക്കാരിനെ തന്റെ എതിർപ്പറിയിക്കുകയും, അതിനുള്ള സർക്കാരിന്റെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ സ്വന്തം രാജിക്കത്ത് തയ്യാറാക്കാനോ പരസ്യമച്ചടിച്ച പുസ്തകങ്ങൾ പിൻവലിക്കാനോ അടിയന്തിര നടപടി സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. സർക്കാരിന്റെ സാമ്പത്തികവും ഭരണപരവുമായ പരിരക്ഷ ഉള്ളതിനാൽ, അക്കാദമി പുസ്തകങ്ങളുടെ ചട്ട സർക്കാരിന്റെ പരസ്യപ്പലകയാക്കുന്നതിൽ അനൗചിത്യമില്ലെന്ന് ഉദ്യോഗസ്ഥനായ സെക്രട്ടറി കരുതുന്നുണ്ടെങ്കിൽ, അത് അദ്ദേഹത്തിന്റെ ഔദ്യോഗികനിലപാടാണ്. ആയിക്കോട്ടേ. പക്ഷേ, അശോകൻ ചെരുവിൽ, സുനിൽ പി. ഇളയിടം, ഇ പി രാജഗോപാലൻ എന്നിത്യാദി അക്കാദമി നിർവ്വാഹക സമിതി അംഗങ്ങളുടെ നിലപാട് എന്താണ് ? അവർ ആയത് വ്യക്തമാക്കേണ്ടതാണ്.

Related Stories

No stories found.
logo
The Cue
www.thecue.in