നീതി ആയോഗിന്റെ 2020-21 സുസ്ഥിരവികസനലക്ഷ്യ സൂചിക: കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്

നീതി ആയോഗിന്റെ 2020-21 സുസ്ഥിരവികസനലക്ഷ്യ സൂചിക: കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്

നീതി ആയോഗിന്റെ 2020-21 സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. ജനകീയ വികസനത്തിന്റേയും സാമൂഹ്യപുരോഗതിയുടേയും കേരള മാതൃക കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും ഒന്നാം സ്ഥാനത്ത് എത്തിയത് നേട്ടത്തിന്റെ മാറ്റു കൂട്ടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

2018-ല്‍ നീതി ആയോഗിന്റെ ആദ്യ സൂചികയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കേരളം തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ആ സ്ഥാനം നിലനിര്‍ത്തിയിരുന്നു. 15 വികസന സൂചകങ്ങളെ അടിസ്ഥാനമാക്കി 17 പ്രധാന സാമൂഹ്യ ലക്ഷ്യങ്ങള്‍ എത്ര മാത്രം കൈവരിച്ചു എന്ന് കണക്കാക്കുന്ന ഈ സൂചികയില്‍ 100-ല്‍ 69 പോയിന്റായിരുന്നു 2018-ല്‍ നേടിയത്. എന്നാല്‍ ഇത്തവണ അത് 75 പോയിന്റായി ഉയര്‍ത്താന്‍ നമുക്കു സാധിച്ചിരിക്കുന്നു. ദാരിദ്ര്യ നിര്‍മ്മാര്‍ജനം, വിശപ്പു രഹിത സമൂഹം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളില്‍ കേരളം ആദ്യസ്ഥാനങ്ങളില്‍ ഇടംനേടി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ ഉയര്‍ത്തിപ്പിടിച്ച വികസന കാഴ്ചപ്പാടുകളും പ്രതിബദ്ധതയാര്‍ന്ന പ്രവര്‍ത്തനങ്ങളും ആണ് ഈ നേട്ടങ്ങള്‍ക്ക് അടിസ്ഥാനമായത്. കൂടുതല്‍ മികവിലേയ്ക്കുയരാനുള്ള ആത്മവിശ്വാസവും പ്രചോദനവുമാണ് നീതി ആയോഗിന്റെ പുതിയ സുസ്ഥിര വികസന സൂചിക നമുക്ക് തരുന്നത്. അതോടൊപ്പം സാമൂഹിക, സാമ്പത്തിക, പരിസ്ഥിതി രംഗങ്ങളിലെ വികസനമുന്നേറ്റങ്ങളെ സമഗ്രമായി പഠിച്ച്, അന്താരാഷ്ട്ര സൂചികകള്‍ക്കൊത്ത് കേരളം എവിടെ നില്‍ക്കുന്നുവെന്ന് മനസിലാക്കാനും ഈ പഠനം സഹായിക്കും.

അനവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നെങ്കിലും ഇച്ഛാശക്തിയോടെ അവയെല്ലാം മറികടക്കാനും ഒറ്റക്കെട്ടായി നാടിന്റെ നന്മയ്ക്കായി അടിയുറച്ച് നില്‍ക്കാനും കേരള ജനതയ്ക്ക് സാധിച്ചു. സമര്‍പ്പണത്തിന്റേയും സാഹോദര്യത്തിന്റേയും മഹനീയമായ ആ മാതൃകയ്ക്ക് ലഭിച്ച അംഗീകാരം കൂടിയാണിത്. കുറവുകള്‍ നികത്തി കൂടുതല്‍ ആര്‍ജ്ജവത്തോടെ ഒരുമിച്ച് ഇനിയും മുന്നോട്ടു പോകാം

Related Stories

No stories found.
logo
The Cue
www.thecue.in