സ്ഥിതി ഗുരുതരമെന്ന് മുഖ്യമന്ത്രി, കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; തിങ്കളാഴ്ച രാഷ്ട്രീയ കക്ഷികളുടെ യോഗം

സ്ഥിതി ഗുരുതരമെന്ന് മുഖ്യമന്ത്രി, കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; തിങ്കളാഴ്ച രാഷ്ട്രീയ കക്ഷികളുടെ യോഗം

കൊവിഡ് രണ്ടാം തരംഗത്തില്‍ സംസ്ഥാനത്ത് ഗൗരവതരമായ സ്ഥിതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരും. അടുത്ത രണ്ടുദിവസങ്ങളില്‍ ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളാണ് ഉണ്ടാവുക. അതുകഴിഞ്ഞ് ഏതൊക്കെ നിയന്ത്രണങ്ങള്‍ വേണമെന്ന് തിങ്കളാഴ്ച ചേരുന്ന രാഷ്ട്രീയ പാര്‍ടികളുടെ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍.

നിര്‍ണായകമായ ഒരു ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഓരോ നിമിഷവും ജാഗ്രതയോടെ ഇരിക്കേണ്ടതുണ്ട്. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയവര്‍ റിസര്‍ട്ട് കിട്ടുന്നതുവരെ നിര്‍ബന്ധമായും ക്വാറന്റൈനില്‍ കഴിയണം. രോഗം പടരുന്നതിന്റെ വേഗവും രീതിയും മാറിയിട്ടുണ്ട് എന്നതും ഓര്‍മ വേണം.

നാളെയും മറ്റന്നാളും എല്ലാവരും വീട്ടില്‍ത്തന്നെ ഇരിക്കാന്‍ തയ്യാറാകണം. ഈ ദിവസങ്ങള്‍ നമ്മുടെ കുടുംബത്തിനുവേണ്ടി നമുക്ക് മാറ്റിവെയ്ക്കാം. അനാവശ്യമായ യാത്രകളും പരിപാടികളുമൊന്നും ഈ ദിസങ്ങളില്‍ അനുവദനീയമല്ല. നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ നടത്താം. ഹാളുകള്‍ക്കുളളില്‍ പരമാവധി 75 പേര്‍ക്കും തുറസായ സ്ഥലങ്ങളില്‍ 150 പേര്‍ക്കും മാത്രമായിരിക്കും പ്രവേശനം. മരണാനന്തരചടങ്ങുകള്‍ക്ക് പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാം. ചടങ്ങുകളില്‍ ആകെ പങ്കെടുക്കാവുന്നവരുടെ എണ്ണമാണ് ഇത്. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ യാത്ര ചെയ്യുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണക്കത്തും കരുതണം. ദീര്‍ഘദൂര യാത്ര പൊതുവെ ഒഴിവാക്കേണ്ടതാണ്.

വിവാഹം, മരണം മുതലായ ചടങ്ങുകള്‍, ഏറ്റവും അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍, മരുന്ന്, ഭക്ഷണം എന്നിവയ്ക്കായി യാത്ര ചെയ്യാന്‍ അനുവാദമുണ്ട്. എന്നാല്‍, ഇവര്‍ സ്വന്തമായി തയ്യാറാക്കിയ സത്യപ്രസ്താവന കൈയ്യില്‍ കരുതണം. ഇതിന് പ്രത്യേക മാതൃക ഇല്ല.''

ശനി, ഞായര്‍ ദിവസങ്ങളില്‍ ട്രെയിന്‍, വിമാന സര്‍വീസുകള്‍ പതിവുപോലെ ഉണ്ടായിരിക്കും. പൊലീസ് പരിശോധനാ സമയത്ത് യാത്രക്കാര്‍ക്ക് ടിക്കറ്റ് അഥവാ ബോര്‍ഡിങ് പാസും തിരിച്ചറിയല്‍ കാര്‍ഡും കാണിക്കാവുന്നതാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ഹോം ഡെലിവറി നടത്താം. വളരെ അത്യാവശ്യഘട്ടങ്ങളില്‍ പൊതുജനത്തിന് ഹോട്ടലുകളില്‍ പോയി ഭക്ഷണം വാങ്ങാവുന്നതാണ്. ഇതിനായി സത്യപ്രസ്താവന കയ്യില്‍ കരുതണം. ടെലികോം, ഐടി, ആശുപത്രികള്‍, മാധ്യമസ്ഥാപനങ്ങള്‍, പാല്‍, പത്രവിതരണം, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. വീടുകളില്‍ മത്സ്യം എത്തിച്ച് വില്‍പ്പന നടത്തുന്നതിന് തടസമില്ല.

Related Stories

No stories found.
logo
The Cue
www.thecue.in